കീടനാശിനിക്കും മെഥനോളിനും പുറമെ കലാഭവന്‍ മണിയുടെ ശരീരത്തിൽ കണ്ടെത്തിയ ലഹരിവസ്തുക്കളിലേറെയും ചികിൽസയുടെ ഭാഗമായി ഉള്ളിൽ എത്തിയതെന്ന് നിഗമനം. ഡയസപാമിന് പുറമെ, കഞ്ചാവിന്റെയും കറുപ്പിന്റെയും ചേരുവകളാണ് കൊച്ചി ആശുപത്രിയിൽ നടത്തിയ ആദ്യ പരിശോധനയിൽ കണ്ടെത്തിയത്. റിപ്പോർട്ടിന്റെ പകർപ്പ് കഴിഞ്ഞയാഴ്ച മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു.

മരണത്തിന് തൊട്ടുപിന്നാലെ കൊച്ചിയിലെ ആശൂപത്രിയിൽ നിന്ന് പൊലീസിന് കൈമാറിയ മണിയുടെ ടോക്സിക്കോളജി റിപ്പോർട്ടാണിത്. ആശൂപത്രിയിൽ പ്രവേശിപ്പിച്ചയുടൻ ശേഖരിച്ച രക്തത്തിന്റെയും മൂത്രത്തിന്റെയും സാംപിളുകൾ പരിശോധിച്ച് തയ്യാറാക്കിയത്. വിഷമദ്യത്തിന്റെ ഘടകമായ മെഥനോള്‍ സാന്നിധ്യം ചൂണ്ടിക്കാട്ടിയത് ഈ റിപ്പോർട്ടാണ്. പുറമെയുള്ള മറ്റ് ഘടകങ്ങളാണ് ബെൻസോ ഡയസപാം, ഓപിയോയിഡ്സ്, കനാബിനോയിഡ്സ് എന്നിവ. ഇവയിൽ ബെൻസോ ഡയസപാം കള്ളിന് വീര്യം കൂട്ടാനായി കേരളത്തിൽ എല്ലാ പ്രദേശത്തും വ്യാപകമായി ചേർക്കുന്നതെങ്കിലും,, മണിയു‍ടെ ശരീരത്തിൽ എത്തിയത് മയക്കാനുള്ള കുത്തിവയ്പ് വഴിയെന്നാണ് നിഗമനം.

ചികിൽസക്ക് വിസമ്മതിച്ച മണിയെ കുത്തിവച്ച് മയക്കിയാണ് ആശൂപത്രിയിൽ എത്തിച്ചതെന്ന് സുഹൃത്തായ ഡോക്ടര്‍ മൊഴി നൽകിയിരുന്നു. പേരെടുത്ത ലഹരിമരുന്നായ ഓപിയം അഥവാ കറുപ്പിന്റെ ഘടകമാണ് ഈ റിപ്പോർട്ടിൽ പറയുന്ന ഓപിയോയിഡ്സ്. എന്നാൽ വേദനസഹാരികളിൽ പലതിന്റെയും ഘടകമാണിത് എന്നതിനാൽ മണി കഴിച്ച ഏതെങ്കിലും മരുന്നുകൾ വഴിയാകാം ഇത് ഉണ്ടായതെന്നും പൊലീസ് നിഗമനത്തിൽ എത്തി. പുറമെ കണ്ടെത്തിയ കനാബിനോയിഡ്സ് ഇങ്ങനെ ഏതെങ്കിലും മരുന്നുവഴി വരാൻ ഇടയില്ലെന്ന് വ്യക്തമാണ്.

കഞ്ചാവ് ഉപയോഗിച്ചാൽ മാത്രമേ ഇതിന് സാധ്യതയുള്ളൂ. ഈ പ്രദേശങ്ങളില്‍ ചില സംഘങ്ങൾ കഞ്ചാവുലേഹ്യം വ്യാപകമായി ഉപയോഗിക്കുന്നതായി വിവരമുണ്ടെങ്കിലും മരണകാരണമാകില്ല എന്നതിനാല്‍ അതിലേക്കൂള്ള അന്വേഷണം തൽക്കാലം ആവശ്യമില്ലെന്ന് പൊലീസ് തുടക്കത്തിലേ തീരുമാനിച്ചു. മാത്രമല്ല, കഞ്ചാവിന്റെ സാന്നിധ്യം തീരെ ചെറിയ തോതിലാകാമെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, മരണശേഷം കെമിക്കൽ ലാബിലെ പരിശോധനയില്‍ കണ്ടെത്തിയ കീടനാശിനിയുടെ സാന്നിധ്യം ഈ പരിശോധനയിൽ കണ്ടെത്തിയില്ല എന്ന വൈരുധ്യം പകർപ്പുകൾ സഹിതം മനോരമ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here