ഫോമാ പ്രവർത്തകർക്ക് പരിചയപ്പെടുത്തലിന്റെ മുഖവുരയാവശ്യമില്ലാത്ത,  ഗ്രേറ്റ് ലേക്‌സ്‌ റീജിയൻ വനിതാ പ്രതിനിധി സുനിതാ പിള്ളയെ ഫോമാ  2022-2024 ലേക്കുള്ള വനിതാ പ്രതിനിധിയായി മിനസോട്ട മലയാളി അസോസിയേഷൻ നാമനിർദ്ദേശം ചെയ്തു. 
 
തെരെഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലെല്ലാം ഏറ്റവും മികച്ച നേതൃത്വ  പാടവവും, സംഘാടന  മികവും കാഴ്ചവെച്ചതിനുള്ള അംഗീകാരമാണ് ഫോമാ വനിതാ പ്രതിനിധിയായി മത്സരിക്കാനുള്ള നിയോഗം.
 
നിസ്വാർത്ഥ സേവനത്തിൽ  വിശ്വസിക്കുന്ന സുനിതാ പിള്ളയുടെ സംഘാടക മികവിന്റെ അടയാളമായിരുന്നു ഗ്രേറ്റ് ലേക്‌സ്‌ റീജിയനിലെ വിമൻസ് ഫോറത്തിന്റെ രൂപീകരണം.കോവിഡ് മഹാമാരികാലത്ത് സ്വത്വ  പ്രതിസന്ധി നേരിട്ട  ബാലരാമപുരത്തെ നെയ്ത്തുകാരുടെ നിലനില്പിനായുള്ള   ധനസമാഹരണവും അവർ നെയ്തെടുത്ത വസ്ത്രങ്ങൾ കേരളത്തിലെ വിവിധ വൃദ്ധസദനങ്ങളിലേക്കും അനാഥാലയങ്ങളിലേക്കും  എത്തിക്കുന്നതിനും,ഫോമ ഏൽപിച്ച ഉത്തരവാദിത്വം  ഏറ്റവും ഭംഗിയായി നിർവഹിച്ചത് സുനിതാ പിള്ളയും സംഘവുമാണ്.വനിതാ പ്രതിനിധികളുടെ കൂട്ടായ്മയിൽ ഫോമയുടെ ബൈലാ ഭേദഗതി നിർദ്ദേശിക്കുന്നതിനും വിമൻസ് ഫോറത്തിന്റെ സോഷ്യൽ മീഡിയ സംഘത്തെ രൂപീകരിക്കുന്നതിലും സാങ്കേതിക വൈദഗ്ദ്യം നൽകുന്നതിലും ഗണനീയമായ പങ്ക് സുനിത നിർവഹിച്ചിരുന്നു. ഫോമ കാൻകുൺ  കൺവെൻഷൻ സംഘാടക സമിതിയുടെ ഭാഗമായും  സുനിത പ്രവർത്തിക്കുന്നു.
 
മിനസോട്ട മലയാളി അസോസിയേഷന്റെ 2016-2018 കാലഘട്ടത്തിലെ ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുള്ള സുനിത നിലവിൽ മിനസോട്ടയിലെ ഇന്ത്യൻ സംഘടനകളുടെ അസോസിയേഷനായ   ഇന്ത്യൻ അസോസിയേഷൻ ഓഫ് മിനസോട്ട (IAM) യുടെ അസോസിയേറ്റ് ബോർഡ് അംഗമാണ്. 
 
 ഫോമയുടെ പ്രവർത്തനങ്ങളിൽ സ്ത്രീകളെ കൂടുതൽ ഭാഗമാക്കാനും, സന്നദ്ധ- സേവന പദ്ധതികളിൽ സ്ത്രീകളുടെ മികച്ച പങ്കാളിത്തം ഉറപ്പു വരുത്താനും, വിമൻസ് ഫോറത്തിന്റെ കാരുണ്യ പ്രവർത്തനങ്ങളിൽ  നിർധനരായ വിധവകൾക്കും, കുട്ടികൾക്കും കൂടുതൽ പ്രാമുഖ്യവും, അർഹതയും ലഭിക്കുന്ന പദ്ധതികൾ കൊണ്ടുവരാനും, ആഗ്രഹിക്കുന്ന സുനിത പിള്ള പൂർണ്ണ  സേവന മനസ്ഥിതിയോടെയാണ് 13 വർഷമായി, സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നത്. 
 
മിനസോട്ട സ്റ്റേറ്റിൽ മാനേജരായി ജോലി ചെയ്യുന്ന  എം‌ബി‌എ ബിരുദധാരിയായ സുനിത, ഭരതനാടൃം,മോഹിനിയാട്ടം അഭിനയം, പെയിന്റിംഗ് തുടങ്ങിയവയിലും വിദഗ്ദയാണ്. 
 
സുരേഷ് പിള്ളയാണ് ഭർത്താവ്.  മകൾ കൃഷ.
 
വാർത്ത : ജോസഫ് ഇടിക്കുള.
 

LEAVE A REPLY

Please enter your comment!
Please enter your name here