ഉമ സജി


ഭൂമിയാണമ്മയെന്നുറക്കെ പറഞ്ഞു
കവികൾ പാടിപ്പുകഴ്ത്തി വാനോളമെന്നെ
എനിക്കും തന്നു ഒരു ദിനമാഘോഷമായ്
എങ്കിലും മറന്നു ഞാനില്ലെങ്കിൽ നിങ്ങളില്ലെന്ന്

ഒരുദിനം മാത്രമെന്നെക്കുറിചോർത്തു
ആർത്തുവിളിച്ചു, പഴിചാരി പരസ്പരം
“മരമൊരു വരമെന്ന്” ചൊല്ലി നാട്യങ്ങളേറെ
എൻ മാറിടം പിളർന്നു വെട്ടിമാറ്റി അതിലേറെയും

എന്നിലാടിയും പാടിയും കഴിഞ്ഞൊരെൻ
കിളികൾക്കിരിക്കുവാൻ കോമ്പുകളന്യമായ്
പൂത്തുവിടരാൻ വെമ്പിയെൻ മക്കളെ മാറും-
കാലങ്ങൾ തെറ്റിയ ഋതുക്കളുമന്യമാക്കി

വെട്ടിയും കുത്തിയും കുളംതോണ്ടിയും
നിങ്ങളെന്നെ മുറിവേൽപ്പിക്കുമ്പൊഴും
നിങ്ങളെ പ്രിയമായ് ചേർക്കുമീ അമ്മയ്ക്ക്
തടുക്കുവാനാകില്ല വന്നുചേരുമനർത്ഥങ്ങൾ

കാടും മരങ്ങളും വെട്ടിയെടുത്തെന്റെ
കാടിന്റെ മക്കളെ കുടിയൊഴിപ്പിച്ചു
തോടും പുഴയും മാലിന്യക്കൂമ്പാരമാക്കി
വിഷമയമാക്കിയെൻ ധമനികളെല്ലാം

എന്നിലോടിക്കളിച്ചെന്നിൽ രമിച്ചൊരെൻ
പുഴയുടെ മർമ്മങ്ങൾ കൊന്നൊടുക്കി നിങ്ങൾ
ഓരോ മരങ്ങളും വെട്ടിനീക്കിയെന്നെ
ഊഷരയാക്കി, വിണ്ടുകീറിയെൻ മാറിടം

വികസനം സമയബംന്ധിതമെന്ന് ചൊല്ലി
വെട്ടിനിരത്തിയെൻ നിമ്നോന്നതങ്ങളെ
ആർത്തിയോടെ ചൂഴ്ന്നെടുത്തന്റെ നെഞ്ചി-
ലൂറും ജീവജല സംരക്ഷണ കോട്ടകളെ

കാലം തെറ്റി പെയ്തിറങ്ങി വർഷപാതങ്ങൾ
കുത്തിയൊലിച്ചെന്റെ  മേലാട കവർന്നെന്നെ-
നഗ്നയാക്കി
കേഴുന്ന മക്കളെ നോക്കി വിറങ്ങലിച്ചന്യയായ്
ഞാൻ
നിങ്ങളോ സാക്ഷിയായ് പഴിചാരി പ്രകൃതിയെ

വിഷമയമാക്കിയെൻ മേലാപ്പിനെ, പ്രാണവായുവേ,
മാടിവിളിച്ചു മാരകമാം സൂക്ഷ്മ ജീവജാലങ്ങളെ
പിടയുന്നു നിങ്ങളും പ്രാണനായ് കേഴുന്നു
നെഞ്ചകം പൊട്ടി കേഴുന്നു ഞാനും

എൻമാറിലന്ത്യമാം നിദ്രയിലെത്തുമെൻ മക്കളെ
മാറോടണച്ചു ഞാനെന്നിലേക്കെടുക്കുന്നു
എനിക്കേറെയും പ്രീയം നിങ്ങളെന്നിലെന്നും-
പ്രീയരായ് പ്രാണനായ് ജീവിക്കയാണെൻ മക്കളെ

LEAVE A REPLY

Please enter your comment!
Please enter your name here