ന്യൂഡൽഹി: കോവിഡ് ഒമിക്രോണിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ എക്സ്.ഇ ഇന്ത്യയിൽ സ്ഥിരീകരിച്ചു. ജിനോമിക്സ് സിക്വൻസിങ് കൺസോർട്യത്തിന്റെ(ഇൻസാകോഗ്) റിപ്പോർട്ടിലാണ് വൈറസ് സ്ഥിരീകരിച്ചുവെന്ന് അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലേയും ഓരോരുത്തർക്ക് എക്സ്.ഇയുടെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല.

അതേസമയം, ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നും ഇൻസാകോഗ് ബുള്ളറ്റിനിൽ പറയുന്നുണ്ട്. ഇന്ത്യയിൽ ജനിതകമാറ്റം വന്ന കോവിഡ് വകഭേദത്തിന്റെ പ്രാദേശിക വ്യാപനം ഉണ്ടായിട്ടില്ല. രോഗംബാധിച്ചവരിൽ ഗുരുതര ലക്ഷണങ്ങളില്ലെന്നും ഇൻസാകോഗ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്തുടനീളം കോവിഡ് രോഗികളുടെ ജനിതകശ്രേണീകരണം നടത്തുന്ന ഏജൻസിയാണ് ഇൻസാകോഗ്.

 

എന്താണ് എക്സ്.ഇ വകഭേദം

ഒമിക്രോണിന്റെ ബി.എ.1, ബി.എ.2 വേരിയന്റുകളുടെ ജനിതകമാറ്റം സംഭവിച്ച വകഭേദമാണ് എക്സ്.ഇ. യു.കെയിൽ ജനുവരിയിലാണ് ആദ്യം വകഭേദം കണ്ടെത്തിയത്. ഇത് എത്രത്തോളം ഗുരുതരമാകുമെന്നത് സംബന്ധിച്ചോ മറ്റ് ഒമിക്രോൺ ഉപവകഭേദങ്ങളിൽ നിന്നും എത്രത്തോളം വ്യത്യസ്തമാണെന്നത് സംബന്ധിച്ചോ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, എക്സ്.ഇ വകഭേദത്തിൽ വേഗത്തിൽ രോഗം പടരുമെന്നാണ് വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here