ദില്ലി; ബി ജെ പി എല്ലാ ഭാഷകളേയും ഒരുപോലെ കാണുന്നുവെന്നും പ്രാദേശിക ഭാഷകൾ ഭാരതത്തിന്റെ ആത്മാവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ അതിനെ ചൊല്ലി ചിലർ വിവാദമുണ്ടാക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജസ്ഥാനിലെ ജയ്പുരിൽ നടക്കുന്ന ബി ജെ പി ദേശീയ ഭാരവാഹി യോഗത്തെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

‘ഭാഷാടിസ്ഥാനത്തിൽ വിവാദങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതാണ്. എല്ലാ ഭാഷയിലും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമുണ്ടെ്. ഭാഷ, സാംസ്കാരിക വൈവിധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണ്’, പ്രധാനമന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (എൻ ഇ പി) എല്ലാ പ്രാദേശിക ഭാഷകൾക്കും പ്രാധാന്യം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രാദേശിക ഭാഷകളോടുള്ള കേന്ദ്രസർക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും മോദി പറഞ്ഞു.

 

വ്യത്യസ്ത സംസ്ഥാനക്കാർ ഇംഗ്ലീഷിൽ അല്ല ഹിന്ദിയിലാണ് സംസാരിക്കേണ്ടത് എന്നായിരുന്നു നേരത്തേ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നായിരുന്നു പാർലമെന്റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തിലെ ഷായുടെ വാക്കുകൾ. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

ഇന്ത്യയുടെ ബഹുസ്വരതയ്‌ക്കെതിരായ ആക്രമണമാണെന്നായിരുന്നു പ്രതിപക്ഷം ഷായുടെ പരമാർശത്തിനെതിരെ പ്രതികരിച്ചത്. ബി ജെ പി ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്

LEAVE A REPLY

Please enter your comment!
Please enter your name here