ന്യൂഡല്‍ഹി > അഴിമതിക്കാരായ മന്ത്രിമാരുടേതടക്കമുള്ള അഞ്ച് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാകാതെ കോണ്‍ഗ്രസിലെ തര്‍ക്കം മുറുകുന്നു. ശനിയാഴ്ച ചേര്‍ന്ന സ്ക്രീനിങ് കമ്മറ്റിയോഗത്തിലും തര്‍ക്കങ്ങള്‍ക്ക് പരിഹാരമായില്ല. നിലവിലെ തര്‍ക്ക സീറ്റുകള്‍ക്ക് പുറമെ പുതുക്കാട്, വടക്കാഞ്ചേരി, ചാത്തന്നൂര്‍, കൊല്ലം സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും പുതിയ തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. കെ ബാബു അടക്കമുള്ളവരെ മത്സരിപ്പികില്ലെന്ന നിലപാടില്‍ മാറ്റമില്ലെങ്കില്‍ താന്‍ മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചതായാണ് സൂചന. അതിനിടെ സീറ്റ് ലഭിച്ചാല്‍ മത്സരിക്കുമെന്നും മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും ബാബു കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശനിയാഴ്ച ചേര്‍ന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിലും  കെപിസിസി പ്രസിഡന്റ്  വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല. തര്‍ക്കസീറ്റുകളിലേക്കുള്ള തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധികൈക്കൊള്ളുമെന്നാണ് സൂചന. രാത്രി ഏഴരയ്ക്ക് സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി രമേശ്‌ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഈ കൂടിക്കാഴ്ചയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് സൂചന.

മന്ത്രിമാരായ കെ സി ജോസഫ്, കെ, ബാബു, അടൂര്‍ പ്രകാശ് എന്നിവര്‍ മല്‍സരിക്കുന്ന സീറ്റുകളിലാണ് തര്‍ക്കം രൂക്ഷം. അതേസമയം മുസ്ളീംലീഗ്, ജെഡിയു തുടങ്ങിയ ഘടകകക്ഷികളുമായുള്ള ചര്‍ച്ചക്ക് ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി ചുമതലപ്പെടുത്തി. പൂഞ്ഞാര്‍, കുട്ടനാട് മണ്ഡലങ്ങള്‍ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിന് തന്നെ തുടര്‍ന്നും വിട്ടുനല്‍കുന്നതിന് ധാരണയായി. കോണ്‍ഗ്രസ് മത്സരിക്കുന്ന 70 സീറ്റുകളിലെ സ്ഥാനാര്‍ഥികളെക്കുറിച്ച് ധാരണയായിട്ടുണ്ട്.  സിറ്റിങ് സീറ്റുകളില്‍ 32 എണ്ണത്തില്‍ തീരുമാനമായി. ആര്യാടന്‍ മുഹമ്മദ്(നിലമ്പൂര്‍)തേറമ്പില്‍ രാമകൃഷ്ണന്‍(തൃശൂര്‍), സി എന്‍ ബാലകൃഷ്ണന്‍(വടക്കാഞ്ചേരി) എന്നിവര്‍ ഇത്തവണ മത്സരിക്കില്ല. ഇത്തവണ മത്സരിക്കാനില്ലെന്ന് സ്വയം പ്രഖ്യാപിച്ച ടി എന്‍ പ്രതാപനും സീറ്റുണ്ട്. മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചശേഷം  കയ്പമംഗലത്ത് നില്‍ക്കാമെന്ന് രാഹുല്‍ഗാന്ധിക്ക് കത്തെഴുതിയാണ് പ്രതാപന്‍ സീറ്റ് ഒപ്പിച്ചത്.

കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിന് പകരം കൊയിലാണ്ടിയില്‍ എന്‍ സുബ്രഹ്മണ്യത്തെ തീരുമാനിച്ചതില്‍ പ്രതിഷേധം ശക്തമാണ്.
ആര്യാടന്‍ മുഹമ്മദ് പിന്മാറിയ നിലമ്പൂരില്‍ മകന്‍ ആര്യാടന്‍ ഷൌക്കത്ത് മത്സരിക്കും. കുന്നമംഗലത്ത് ടി സിദ്ദിഖും, കായംകുളത്ത് എം ലിജുവുമായിരിക്കും സ്ഥാനാര്‍ഥികള്‍. തൃശൂരില്‍ സിറ്റിങ് എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന് പകരം പദ്മജ വേണുഗോപാല്‍ സ്ഥാനാര്‍ഥിയാകും. സതീശന്‍ പാച്ചേനിക്ക് കണ്ണൂര്‍ നല്‍കും. രാജ്മോഹന്‍ ഉണ്ണിത്താന് കുണ്ടറയും ഷാനിമോള്‍ ഉസ്മാന് അമ്പലപുഴയും ബിന്ദു കൃഷ്ണക്ക് കൊല്ലവും നല്‍കും. എ പി അബ്ദുള്ള കുട്ടിക്ക് കണ്ണൂരിന് പകരം തലശ്ശേരിയാണ്. കണ്ണൂരില്‍ സതീശന്‍ പാച്ചേനി മല്‍സരിക്കും.
ധാരണയായ സീറ്റുകള്‍ ഇവയാണ്.
ഉടുമ്പന്‍ചോല–സേനാപതി വേണു.
കായംകുളം–എം.ലിജു
ചേര്‍ത്തല–എസ്.ശരത്
അങ്കമാലി–റോജി.എം.ജോണ്‍
പെരുമ്പാവൂര്‍–എല്‍ദോസ് കുന്നപ്പള്ളി
തൃശൂര്‍–പദ്മജ വേണുഗോപാല്‍
കൊടുങ്ങല്ലൂര്‍–കെ.പി ധനപാലന്‍
കയ്പമംഗലം–ടി എന്‍ പ്രതാപന്‍
നെന്മാറ–എ വി ഗോപിനാഥ്
ഷൊര്‍ണൂര്‍–ഹരിഗോവിന്ദന്‍
നിലമ്പൂര്‍–ആര്യാടന്‍ ഷൌെക്കത്ത്
പൊന്നാനി–പി ടി അജയമോഹന്‍
തവനൂര്‍–ഇഫ്തിക്കറുദ്ദീന്‍
കുന്നമംഗലം–ടി സിദ്ദിഖ്
ബേപ്പൂര്‍–ആദം മുല്‍സി
നാദാപുരം–കെ പ്രവീണ്‍കുമാര്‍
കൊയിലാണ്ടി–എന്‍.സുബ്രഹ്മണ്യന്‍
കണ്ണൂര്‍–സതീശന്‍ പാച്ചേനി
ഉദുമ–കെ സുധാകരന്‍
ധര്‍മ്മടം–ശ്രീജ
തൃക്കരിപ്പൂര്‍–കെ പി കുഞ്ഞിക്കണ്ണന്‍
തലശ്ശേരി– എ പി അബ്ദുള്ളകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here