ന്യൂ ഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിതയാണ്. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിലാക്കിയത്. സോണിയ ഗാന്ധി നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഡൽഹി ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയിൽ കഴിയുന്നത്.

നാഷണൽ ഹെറാൾഡ് കേസിൽ ഈ മാസം 23ന് സോണിയ ഗാന്ധിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ട്.  കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനൽ നടപടി പ്രകാരം  മൊഴിയെടുക്കുന്നുവെന്നാണ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ ഡി നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നത്. നാഷണൽ ഹെറാൾഡ് പത്രത്തിൻറെ ഉടമസ്ഥരായ എജെഎൽ കമ്പനിയെ സോണിയയും രാഹുലും ഡയറക്ടർമാരായ യംഗ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തിൽ കളളപ്പണ ഇടപാടും വൻ നികുതി വെട്ടിപ്പും നടന്നുവെന്ന സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.

ഈ കേസ് അന്വേഷണം 2015 ൽ ഇഡി അവസാനിപ്പിച്ചെങ്കിലും സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി  തുടരന്വേഷണത്തിലേക്ക് കേന്ദ്രസർക്കാർ നീങ്ങുകയായിരുന്നു. അതേസമയം രാഷ്ട്രീയ വേട്ടയെന്ന ആക്ഷേപമുയർത്തി, ഇഡി നടപടി നേരിടുന്ന സമാന കക്ഷികളെ ഒപ്പം ചേർത്ത് രാഷ്ട്രീയ നീക്കത്തിന് കോൺഗ്രസ് തയ്യാറെടുക്കുകയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കാനുള്ള മമത ബാനർജിയുടെ തീരുമാനത്തെ സോണിയ പിന്തുണച്ചത് ഭാവി നീക്കത്തിനുള്ള സൂചനയായി.

നാളെ രാവിലെ പതിനൊന്ന് മണിക്ക് രാഹുൽ ഗാന്ധി ഇ ഡിക്ക് മുമ്പിൽ ഹാജരാകും. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാർച്ചോടെ നേതാക്കൾ രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങും. രാജസ്ഥാൻ, ഛത്തീസ് ഘട്ട് മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, എംപിമാർ തുടങ്ങിയവർ ഡൽഹിയിലെ  പ്രതിഷേധത്തിൽ അണിനിരക്കും. ഈ സമയം രാജ്യത്തെ മുഴുവൻ ഇഡി ഓഫീസുകൾക്ക് മുൻപിലും കേന്ദ്രസർക്കാരിൻറെ പ്രതികാര രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here