വാരണാസി: ഭക്ഷണത്തിന് നിലവാരമില്ലെന്നാരോപിച്ച് വാരണാസി ജില്ലാ ജയിലിലെ തടവുകാര്‍ കലാപമുണ്ടാക്കി. സുരക്ഷാ ജീവനക്കാരുമായി ഏറ്റുമുട്ടിയ തടവുകാര്‍ ജയില്‍ സൂപ്രണ്ടിനേയും ഡപ്യൂട്ടി ജയിലറേയും തടഞ്ഞുവെച്ചു. ഡപ്യൂട്ടി ജയിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 

സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളും തടവുകാര്‍ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ട്. ജയിലില്‍ നിന്ന് നിരവധി വെടിയൊച്ചകള്‍ കേട്ടതായും റിപ്പോര്‍ട്ടുണ്ട്. 

ജയിലില്‍ വിളമ്പുന്ന ഭക്ഷണം തീരെ മോശമാണെന്നും ചെറിയ കാര്യങ്ങള്‍ക്ക് പോലും മര്‍ദിക്കുക പതിവാണെന്നുമാണ് തടവുകാരുടെ പരാതി. ശനിയാഴ്ച തടവുകാരുടെ എണ്ണമെടുക്കുമ്പോള്‍ എത്താന്‍ അല്‍പം വൈകിയ ഒരു തടവുകാരനെ അധികൃതര്‍ മര്‍ദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നാണ് റിപ്പോര്‍ട്ട്.

കലാപത്തിന് ശേഷം ജയില്‍ വളപ്പില്‍ കറങ്ങി നടന്ന ജയില്‍ പുള്ളികള്‍ അധികൃതര്‍ക്കെതിരെ മുദ്രാവാക്യവും വിളിച്ചു. 

സംഘര്‍ഷത്തെത്തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി. സി.ആര്‍.പി.എഫും കൂടുതല്‍ പോലീസ് സേനയുമെത്തിയാണ് കലാപം അടിച്ചമര്‍ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here