ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായ മൂന്നാം ദിവസും ചോദ്യം ചെയ്യുന്നതില്‍ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇ.ഡി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തെ പോലീസ് വഴിയില്‍ തടഞ്ഞു. ഇതേതുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. ഇ.ഡി ഓഫീസ് പരിസരത്തും അക്ബര്‍ റോഡിലും പോലീസ് 144 പ്രഖ്യാപിച്ചിരുന്നു.

രാവിലെമുതല്‍ എഐസിസി ആസ്ഥാനത്ത് പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഓഫീസിലേക്ക് എത്താന്‍ ശ്രമിച്ച നേതാക്കളെ അടക്കം പോലീസ് തടഞ്ഞു. ഓഫീസിലേക്കുള്ള വഴി പോലീസ് ബാരിക്കേഡ് വച്ച് അടച്ചു. പാര്‍ട്ടി ഓഫീസ് പൂട്ടാന്‍ പോലീസ് ശ്രമിക്കുകയാണെന്നും ഇത് രാഷ്ട്രീയ പ്രതികാരമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

അതിനിടെ, പോലീസുമായി തെരുവില്‍ ഏറ്റുമുട്ടിയ പ്രവര്‍ത്തകര്‍ എഐസിസി ഓഫീസിലേക്ക് ഓടിക്കയറി. ഇവരെ പിടികൂടാന്‍ പോലീസുകാരും ഓഫീസിനുള്ളില്‍ കടന്നു. ഇത് പ്രതിഷേധം വീണ്ടും ശക്തമാക്കി. പോലീസിനെ നേരിടാന്‍ പ്രവര്‍ത്തകര്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു.

ഓഫീസില്‍ കയറിയ പോലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്നും സസ്‌പെന്റ് ചെയ്ത് അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നാളെ എല്ലാ രാജ് ഭവനുകളും ഉപരോധിക്കും. എല്ലാ ജില്ലകളിലും നാളെ ഉപരോധം സംഘടിപ്പിക്കുമെന്ന് വക്താവ് റണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.

അതിനിടെ, മൂന്നു മണിയോടെ രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസില്‍ നിന്ന് മടങ്ങി. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയാണെന്ന് സൂചനയുണ്ട്. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം രാഹുല്‍ ഇ.ഡി ഓഫീസില്‍ തിരിച്ചെത്തുമെന്ന് സൂചനയുണ്ട്.

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇ.ഡിയുടെ നടപടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അപലപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരായ രാഷ്ട്രീയ വൈരാഗ്യമാണിതിനു പിന്നിലെന്ന് സ്റ്റാലിന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here