ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് നാളെ വീണ്ടും ചോദ്യം ചെയ്യും. കോൺഗ്രസ് അധ്യക്ഷ സാണിയാ ഗാന്ധി അനാരോഗ്യത്തെ തുടർന്ന് ചികിൽസയിലായതിനാൽ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യൽ രാഹുലിൻറെ അഭ്യർത്ഥനയെ തുടർന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞയാഴ്ച മൂന്ന് ദിവസം തുടർച്ചയായി ചോദ്യം ചെയ്‌തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ടെന്നാണ് ഇ ഡി വൃത്തങ്ങൾ പറയുന്നത്.

അതേസമയം, രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുമ്പോൾ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിൻറെ തീരുമാനം. മുഴുവൻ എം പിമാരോടും ഇന്ന് വൈകുന്നേരത്തോടെ ഡൽഹിയിലെത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. പൊലീസ് തടഞ്ഞാൽ എം പിമാരുടെ വീടുകളിലോ ജന്തർമന്തറിലോ സമരം നടത്താനാണ് തീരുമാനം.

പ്രധാനമന്ത്രി മോദിയും അഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും, തീവ്രവാദികളെ നേരിടുന്നതുപോലെയാണ് എം പിമാരോട് പെരുമാറിയതെന്നും രാജ്യസഭ, ലോക്‌സഭ അധ്യക്ഷന്മാർക്ക് പരാതി നൽകിയ എം പിമാർ പ്രതികരിച്ചു. രാഹുൽഗാന്ധിയുടെ  അറസ്റ്റുണ്ടായാൽ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. മുൻകൂർ ജാമ്യത്തിന്  പോകേണ്ടതില്ലെന്ന രാഹുൽഗാന്ധിയുടെ നിർദ്ദേശവും രാഷ്ട്രീയമായി നേരിടാനുള്ള നീക്കത്തിൻറെ ഭാഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here