അയോദ്ധ്യ : രാമക്ഷേത്ര നിർമ്മാണത്തിനായി രാജ്യത്തെമ്പാടുമുള്ള ഭക്തർ രാമക്ഷേത്ര ട്രസ്റ്റിലേക്ക്സംഭാവന ചെയ്ത 15,000 ബാങ്ക് ചെക്കുകൾ പണമില്ലാതെ മടങ്ങി. 22 കോടിയിലധികം രൂപ വിലമതിക്കുന്നതാണ് ഈ ചെക്കുകൾ. വിശ്വഹിന്ദു പരിഷത്ത് പുറത്തുവിട്ട ഒരു ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് രാമക്ഷേത്രം നിർമ്മിക്കുന്നതിനായി ട്രസ്റ്റിന് ഇതുവരെ 3,400 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. വണ്ടിച്ചെക്കുകൾ അത് നൽകിയവർക്ക് തിരികെ നൽകാനാണ് ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്.

 

സംഭാവന നൽകിയവരുടെ വിശദ വിവരങ്ങളും ട്രസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ക്ഷേത്രസമുച്ചയ നിർമ്മാണത്തിനായി ഒരു കോടിയിലധികം രൂപ വീതം സംഭാവനയായി നൽകിയത് 74 പേരാണ്. 127 പേർ 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ സംഭാവന നൽകി. 123 പേർ 25 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ സംഭാവന നൽകി. 927 പേർ 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ സംഭാവന നൽകി. 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ സംഭാവന നൽകിയത് 1,428 പേരാണ്. 31,663 പേരാണ് ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ ട്രസ്റ്റിന് സംഭാവന നൽകിയത്.

 

വണ്ടിച്ചെക്കുകളിൽ കൂടുതലും ക്ഷേത്രം നിർമ്മിക്കുന്ന അയോദ്ധ്യ നഗരത്തിൽ നിന്നുമാണ് എന്നതാണ് കൗതുകം. 2,000ത്തിലധികം ചെക്കുകൾ ഇവിടെ നിന്നും ലഭിച്ചതാണ്. അക്കൗണ്ടിൽ തുക ഇല്ലാത്തതും, മറ്റ് ചില സാങ്കേതിക പിഴവ് മൂലവും ചെക്കുകൾ മടങ്ങിയിട്ടുണ്ട്. അക്ഷരപ്പിശകുകൾ, തിരുത്തിയെഴുതൽ, ഒപ്പിലെ പൊരുക്കേടുകൾ എന്നിവയും കാരണമായി. ഇതിനാലാണ് ചെക്കുകൾ ദാതാക്കൾക്ക് തിരികെ നൽകി പുതിയവ വാങ്ങാൻ ട്രസ്റ്റ് തീരുമാനിച്ചതെന്ന് ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അയോദ്ധ്യ ഓഫീസ് ഇൻചാർജ് പ്രകാശ് ഗുപ്ത ദേശീയ മാദ്ധ്യമത്തിനോട് വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here