മുംബയ്: മഹാരാഷ്ട്രയിൽ രാഷ്ട്രീയക്കൊടുങ്കാറ്റിന് തുടക്കമിട്ട ശിവസേന ലീഡർ ഏക് നാഥ് ഷിൻഡെ വളരെ താഴ്ന്ന നിലയിലുള്ള ജീവിതസാഹചര്യങ്ങളിൽനിന്നും ഉന്നതിയിലെത്തിയ നേതാവാണ്. കരുത്തുറ്റ സംഘാടന ശേഷിയും ജനപിന്തുണയുമാണ് ഇൗ വിജയത്തിന് പിന്നിലുള്ളത്. മുംബയ്ക്കടുത്ത താനെ സിറ്റിയിൽ ഒാട്ടോ ഡ്രൈവറായിരുന്നു 58 കാരനായ ഷിൻഡെ. ശിവസേനയിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതോടെ താനെ-പൽഘാർ പ്രദേശത്തെ ജനകീയ പ്രശ്നങ്ങളിൽ ഉത്സുകതയോടെ ഇടപെടുന്ന നേതാവായി മാറുകയായിരുന്നു. നാലു തവണ എം.എൽ.എ ആയ അദ്ദേഹം മഹാവികാസ് അഘാഡി ഗവൺമെന്റിൽ പൊതുമരാമത്ത് മന്ത്രിയായപ്പോഴും തന്റെ വഴികൾ മറന്നില്ല. തനിക്കുള്ള ജനസമ്മതിക്ക് അടിവരയിടാൻ സേനയോടുള്ള തന്റെ കടപ്പാടും ബാൽ താക്കറെയോടുള്ള ആരാധനയും അദ്ദേഹം എപ്പോഴും ചൂണ്ടിക്കാട്ടും. താഴെത്തട്ടിലുള്ള ജനങ്ങളുമായുള്ള ബന്ധം നിലനിറുത്തുന്ന ഷിൻഡെ രാവിലെ മുതൽ തന്നെ അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും രാത്രി വൈകുംവരെ അവരോടൊപ്പം ചെലവിടുകയും ചെയ്യുന്ന നേതാവാണ്.

 

1964 ഫെബ്രുവരി 9 നാണ് ഏകനാഥ് ഷിൻഡെ ജനിച്ചത്. ബിരുദ പഠനം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ശിവസേനയുടെ കോട്ടയായ പശ്ചിമ മഹാരാഷ്ട്രയിലെ സതാരയാണ് ജന്മദേശം. ശിവസേനയുടെ നെടുതൂണുകളിലൊന്നായ ആനന്ദ് ഡിഗെയുടെ തണലിലായിരുന്നു ഷിൻഡെ പടികൾ കയറിയത്. 1997ൽ താനെ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറായി. 2004ലാണ് എം.എൽ.എ ആകുന്നത്. പാർട്ടിയിലെ രണ്ടാമനായി വളർന്ന ഷിൻഡെ 2005ൽ താനെ ജില്ലാ തലവനായി. ഷിൻഡെയുടെ മകൻ ഡോ. ശ്രീകാന്ത് ഷിൻഡെ കല്യാണിൽ നിന്നുള്ള ലോക്‌സഭാ എം.പിയാണ്.

 

2014ൽ മഹാരാഷ്ട്ര നിയമസഭയിൽ കുറച്ചുകാലം പ്രതിപക്ഷനേതാവായിരുന്നു. 2014ൽ ഫഡ്നാവിസിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചപ്പോൾ സേന സഖ്യകക്ഷിയായതോടെ സ്വാധീനം വീണ്ടും വർദ്ധിച്ചു. ബി.ജെ.പി മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസുമായുള്ള അടുപ്പം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 2016ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അത് പ്രകടമായി. താനെ മുനിസിപ്പൽ കോർപ്പറേഷൻ ഒഴികെയുള്ള സ്ഥലങ്ങളിലാണ് ശിവസേനയ്ക്കെതിരെ ബി.ജെ.പി മത്സരിച്ചത്.

 

2019ൽ സേന ബി.ജെ.പയുമായുള്ള ബന്ധം വേർപെടുത്തി മഹാവികാസ് അഘാഡി സഖ്യത്തിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചപ്പോൾ ഷിൻഡെ കാബിനറ്റ് മിനിസ്റ്ററായി. കൊവിഡ് കാലഘട്ടത്തിൽ എൻ.സി.പിയുടെ മന്ത്രിയായിരുന്നു ആരോഗ്യവകുപ്പ് കൈയാളിയിരുന്നതെങ്കിലും ഷിൻഡെയാണ് മുംബയിലെയും പരിസരപ്രദേശങ്ങളിലെയും ചികിത്സയുടെ നേതൃത്വം ഏറ്റെടുത്തത്. ഫഡ്നാവിസുമായുള്ള ഷിൻഡെയുടെ അടുപ്പം മറ്റ് പാർട്ടിക്കാർക്ക് വിമ്മിഷ്ടമുണ്ടാക്കുന്നതായിരുന്നു. വിദർഭ പ്രദേശത്തിന്റെ ചുമതലയിലേക്ക് ഷിൻഡെയെ മാറ്റിയത് അതിന്റെ ഭാഗമാണെന്ന സൂചന വന്നതോടെ അത് ശിക്ഷയായാണ് കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here