ഫ്രാൻസിസ് തടത്തിൽ 

 

ന്യൂജേഴ്‌സി: ഫൊക്കാന ഒർലാണ്ടോ ഡിസ്‌നി ഇന്റർനാഷണൽ കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന ടാലന്റ് കോമ്പറ്റിഷൻ (കലാ മത്സരങ്ങൾ) കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി കോർഡിനേറ്റർ ആയി പ്രവർത്തനം ആരംഭിച്ച ടാലന്റ് കോമ്പറ്റിഷൻ കമ്മിറ്റിയുടെ ചെയർപേഴ്സൺ ലീല ജോസഫ് ( ചിക്കാഗോ) ആണ്. കോ. ചെയർമാരായി മേരി ഫിലിപ്പ് (ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ആർ. വി. പി, വിമൻസ് ഫോറം വൈസ് ചെയർ ), ഡോ. സുനൈന ചാക്കോ (ചിക്കാഗോ), ഡോ. സൂസൺ ചാക്കോ (ചിക്കാഗോ), ഷാനി ഏബ്രഹാം (ചിക്കാഗോ) എന്നിവരെയും നിയമിച്ചു., ഷെറിൽ നമ്പ്യാർ 

 

വിവിധ വിഭാഗങ്ങളിലായി നടക്കുന്ന കലാമത്സരങ്ങളുടെ നടത്തിപ്പിനായി വിപുലമായ സബ് കമ്മിറ്റികളും രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായും  ടാലന്റ് കോമ്പറ്റിഷൻ (കലാ മത്സരങ്ങൾ) കമ്മിറ്റി കോർഡിനേറ്റർ ഡോ.കല ഷഹി അറിയിച്ചു.

 

ഫൊക്കാനയുടെ വിമൻസ് ഫോറം ചെയർപേഴ്സൺ എന്ന നിലയിൽ കലാപരിപാടികൾ ഉൾപ്പെടെ  നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നതിനു നേതൃത്വം നൽകിയിട്ടുള്ള ഡോ. കല ഷഹി ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളിലെ കലാവേദികളിൽ നിറസാന്നിധ്യമാണ്. നർത്തകി, ഡാൻസ് കൊറിയോഗ്രാഫർ, ഗായിക, സംഘടനാ പ്രവർത്തക, സന്നദ്ധ പ്രവർത്തക തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ള ഡോ.കല വാഷിംഗ്‌ടൺ ഡി.സി. മേഖലയിൽ ഏറ്റവും അറിയപ്പെടുന്ന നിർത്താധ്യാപികകൂടിയാണ്. രണ്ടു ക്ലിനിക്കുകളിൽ ഡോക്ടർ ആയി സേവനം ചെയ്യുന്ന കല തന്റെ ഒഴിവു സമയം മുഴുവൻ കലയുടെ പരിപോഷണത്തിനായി ഒഴിഞ്ഞു വച്ചിരിക്കുകയാണ്.

അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും കൂടുതൽ അംഗങ്ങളുമുള്ള ചിക്കാഗോ മലയാളി അസോസിയേഷൻ (സി.എം.എ ) യുടെ സെക്രട്ടറിയാണ് കമ്മിറ്റി ചെയർപേഴ്സൺ ആയി നിയമിക്കപ്പെട്ട ലീല ജോസഫ്. 1972 ൽ സ്ഥാപിതമായ സി.എം.എയിൽ 2500 പരം അംഗങ്ങളാണുള്ളത്. കലാ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ ലീലയുടെ നേതൃത്വത്തിൽ ചിക്കാഗോയിൽ പ്രത്യേകിച്ച് സി.എം.എയിൽ നിരവധി കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ചിക്കാഗോയിലെ സാംസ്‌കാരിക മേഖലയിൽ ഏറെ ഇടപെടലുകൾ നടത്തുന്ന ലീല ജോസഫ് ചിക്കാഗോ മലയാളികളുടെ ഏറെ പ്രിയപ്പെട്ട വനിതാ നേതാവാണ്.

 

കോ.ചെയർമാരിൽ ഒരാളായ മേരി ഫിലിപ്പ് ഫൊക്കാനയുടെ ന്യൂയോർക്ക് മെട്രോ റീജിയൻറെ ആർ. വി.പിയാണ്. ഫൊക്കാനയുടെ എല്ലാ കൺവെൻഷനുകളിലും കുടുംബസമേതം പങ്കെടുക്കാറുള്ള മേരി ഫിലിപ്പ് സംഘടനയുടെ നേതൃ നിരയിലേക്ക് ഇക്കുറി ആദ്യമായാണ് കടന്നു വന്നിട്ടുള്ളത്. നേതൃ നിരയിൽ പ്രവർത്തിച്ചിട്ടില്ലെങ്കിലും എല്ലാ പ്രവർത്തനങ്ങൾക്കും മേരിയുടെ സാന്നിധ്യവും പിന്തുണയും  എപ്പോഴുമുണ്ടാകാറുണ്ട്.

 

മറ്റൊരു കോ. ചെയർ ആയ ഡോ. സുനൈന  ചാക്കോ ചിക്കാഗോയിലെ മറ്റൊരു പ്രമുഖ സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷ (എ.എം.എ)ന്റെ സെക്രെട്ടറിയാണ്. നഴ്സിംഗ് പ്രാക്ടിസിൽ ഡോക്ടറേറ്റ് (ഡി.എൻ.പി) നേടിയ ഡോ. സുനൈന മികച്ച കലാകാരിയുമാണ്. ഫൊക്കാന വിമൻസ് ഫോറത്തിന്റെ സജീവ പ്രവർത്തകകൂടിയാണ് ഡോ. സുനൈന.

ചിക്കാഗോയിൽ  നിന്നു തന്നെയുള്ള  മറ്റൊരു കോ .ചെയർ ആയ  ഡോ. സൂസൺ ചാക്കോയും കലാ- സാംസ്‌കാരിക- സംഘടനാ രംഗത്ത് അറിയപ്പെടുന്ന വനിതാ നേതാവാണ്.  നൃത്ത- നൃത്തേതര കലാരംഗങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ള ഡോ. സൂസൻ ഫൊക്കാന വിമൻസ് ഫോറത്തിന്റെ നാഷണൽ കമ്മിറ്റി അംഗവും വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുന്നതിന് നേതൃത്വവും നൽകിയിട്ടുണ്ട്. നഴ്സിംഗ് പ്രാക്ടിസിൽ ഡോക്ടറേറ്റ് (ഡി.എൻ.പി) നേടിയ ഡോ. സൂസൻ സി.എം.എയുടെ ട്രസ്റ്റി ബോർഡ് അംഗമാണ്.

 

 ചിക്കാഗോയിൽ നിന്നു തന്നെയുള്ള മറ്റൊരു കോ. ചെയർ ആയ ഷാനി ഏബ്രഹാം നിലവിൽ ഐ.എം.എയുടെ വൈസ് പ്രസിഡണ്ട് ആണ്. ഐ.എം എയുടെ സെക്രട്ടറിയായും ജോയിന്റ് സെക്രെട്ടറിയായും സേവനം ചെയ്തിട്ടുള്ള ഷാനി ഫൊക്കാനയുടെ മുൻ നാഷണൽ കമ്മിറ്റി അംഗവുമായിരുന്നു. ഐ.ടി. സ്പെഷ്യലിസ്റ്റ് ആയി 40 വർഷത്തിലേറെ വർഷം സേവനം ചെയ്തിട്ടുള്ള അദ്ദേഹം ബാംങ്കിംഗ് റീറ്റെയ്ൽ മേഖലകളിലാണ് കൂടുതലും സേവനം ചെയ്തിരിക്കുന്നത്.,

 

കലാ  മത്സരങ്ങളിൽ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്കുള്ള നിയമാവലി:


1. ടാലെന്റ്റ 
കോമ്പറ്റിഷൻ മത്സരത്തിനുള്ള രെജിസ്‌ട്രേഷന്‍ ഫോമുകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2022

ജൂലൈ 1ന് ആയിരിക്കും. ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ജൂലൈ 1ന്  ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

2. മൂന്ന് പ്രായ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തുക. സബ് ജൂനിയര്‍: കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഗ്രേഡ് 4 വരെ,  ജൂനിയര്‍: ഗ്രേഡ് 5 മുതല്‍ 8വരെ; സീനിയര്‍: ഗ്രേഡ് 9-12 വരെ എന്നിങ്ങനെയാണ് തരാം തിരിച്ചിരിക്കുന്നത്.

3. മത്സരങ്ങള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയാണ് നടക്കുക.

4. ഗ്രൂപ്പ് ഇനത്തില്‍ കുറഞ്ഞത് മൂന്ന് പേരെങ്കിലും ഉണ്ടായിരിക്കണം. ഗ്രൂപ്പ് ഇനത്തിനുള്ള വിഭാഗം തീരുമാനിക്കുന്നത് ടീമിലെ ഏറ്റവും മുതിര്‍ന്നയാളുടെ പ്രായം അനുസരിച്ചാണ്. ഉയര്‍ന്ന പ്രായ പരിധിയിയില്ല.

5. ഏത് മത്സരവും റദ്ദാക്കാനും  വേദി, സമയം, ക്രമം, നിയമങ്ങള്‍ എന്നിവ മാറ്റാനും പങ്കെടുക്കുന്നവരെ ഏതെങ്കിലും കാരണവശാൽ അയോഗ്യരാക്കാനും 
ടാലെന്റ്റ കോംപെറ്റിഷൻ കമ്മിറ്റിക്ക് അവകാശമുണ്ട്.

6. എല്ലാ പരാതികളും നിര്‍ദ്ദേശങ്ങളും 
ടാലെന്റ്റ കോമ്പറ്റിഷൻ കമ്മിറ്റി  സംഘാടകര്‍ക്ക് രേഖാമൂലം സമര്‍പ്പിക്കണം.

7. വിധികര്‍ത്താക്കളുടെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും.

8.  ഗാന മത്സരത്തിന് ഏതെങ്കിലും ഇന്ത്യൻ ഭാഷ സിനിമാ ഗാനങ്ങളോ ലൈറ്റ് മ്യൂസിക്കോ ഉപയോഗിക്കാം. പാട്ട് മത്സരത്തിന് കരിയോക്കെയും  അനുവദിച്ചിട്ടുണ്ട്.

9. മത്സരാര്‍ത്ഥികള്‍ തങ്ങള്‍ പങ്കെടുക്കുന്ന മത്സരത്തിന് ആവശ്യമായ സാമഗ്രികള്‍ കൊണ്ടുവരണം. ചിത്രരചനയ്ക്കും പെയിന്റിങ്ങിനുമുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. മത്സരാര്‍തഥികള്‍ക്ക് സ്വന്തം പേപ്പര്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. ഡ്രോയിംഗ്/പെയിന്റിങ് മത്സരത്തിലും ഉപന്യാസ രചനയിലും പങ്കെടുക്കുന്നവര്‍ക്ക്  ഒരു മണിക്കൂര്‍ സമയം അനുവദിക്കും. രാവിലെ 9 മുതല്‍ 3 വരെ ഏതു സമയത്തും പങ്കെടുക്കാം.

10. ഡ്രോയിംഗിനും പെയിന്റിങ്ങിനുമുള്ള വിഷയങ്ങള്‍ മത്സരദിവസം രാവിലെ മത്സര വേദിയിൽ വച്ചായിരിക്കും നൽകുക.

11.  പങ്കെടുക്കുന്നവര്‍ മത്സരം ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് മത്സരവേദിയില്‍ റിപ്പോര്‍ട്ട് ചെയ്യണം.

12. മത്സരം ആരംഭിക്കുന്നതിന് 15 മിനിറ്റ് മുമ്പ് CD/USB തുടങ്ങിയവ  സംഘാടകര്‍ക്ക് നല്‍കണം.

13. പങ്കെടുക്കുന്നവര്‍ ഓരോ ഇനത്തിനും അനുവദിച്ചിരിക്കുന്ന നിശ്ചിത സമയ പരിധി കർശനമായും പാലിക്കണം.

14. വ്യക്തിഗത ഇനങ്ങളില്‍ ആൺകുട്ടികളുടെ വിഭാഗത്തിൽ  പരമാവധി പോയിന്റ് നേടുന്ന മത്സരാര്‍ത്ഥി (സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍) കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെടും.

15. വ്യക്തിഗത ഇനങ്ങളില്‍ പെൺകുട്ടികളുടെ വിഭാഗത്തിൽ പരമാവധി പോയിന്റ് നേടുന്ന മത്സരാര്‍ത്ഥി (സബ്-ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍) കലാതിലകം ആയി തിരഞ്ഞെടുക്കപ്പെടും.

16. മത്സരങ്ങള്‍ക്കുള്ള പരമാവധി സമയ പരിധി:

നൃത്ത വിഭാഗം:

ക്ലാസിക്കല്‍ നൃത്തം: സമയം പിന്നീട് അറിയിക്കും  (സിംഗിള്‍/ഗ്രൂപ്പ്)
നാടോടി നൃത്തം: 5 മിനിറ്റ് (സിംഗിള്‍/ഗ്രൂപ്പ്)
സിനിമാറ്റിക് ഡാന്‍സ്: 5 മിനിറ്റ് (സിംഘിള്‍/ഗ്രൂപ്പ്)

നൃത്തേതര വിഭാഗം:
മലയാളം ഗാനം: 5 മിനിറ്റ്, മലയാളം പ്രസംഗം: 5 മിനിറ്റ്, ഇംഗ്ലീഷ് പ്രസംഗം: 5 മിനിറ്റ്,  

കവിതാ പാരായണം: 3 മിനിറ്റ്, (ഇംഗ്ലീഷ്/മലയാളം).
ഉപന്യാസ രചന: 1 മണിക്കൂര്‍, (ഇംഗ്ലീഷ്/മലയാളം)
പെന്‍സില്‍ ഡ്രോയിംഗ്/പെയിന്റിംഗ്: 1 മണിക്കൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here