തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധത്തിൽ അറസ്റ്റിലായ രണ്ട് പേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാമത്തെയാൾക്ക് മുൻകൂർ ജാമ്യവും ലഭിച്ചു. കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദിനും, നവീൻ കുമാറിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്നാമത്തെ പ്രതി സുജിത് നാരായണന് മുൻകൂർ ജാമ്യവും ലഭിച്ചു.

പ്രതികൾ ആയുധം കരുതിയിരുന്നില്ലെന്നും വിമാനം ലാൻഡ് ചെയ്ത ശേഷമാണ് പ്രതിഷേധിച്ചതെന്നും ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. വിമാനത്താവള മാനേജർ ആദ്യം നൽകിയ റിപ്പോർട്ടിൽ വാക്കുതർക്കം എന്ന് മാത്രമാണുള്ളത്. പിന്നീട് നൽകിയ റിപ്പോർട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്ളതെന്നും കോടതി നിരീക്ഷിച്ചു.

പ്രതികളെ ഇനിയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ല. പ്രതിഷേധത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കണമെന്ന പ്രോസിക്യൂഷൻറെ ആവശ്യപ്രകാരം പ്രതികൾ അന്വേഷണവുമായി സഹകരിക്കണം. പാസ്‌പോർട്ട് ഹാജരാക്കണം.  അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ അല്ലാതെ കുറ്റപത്രം സമർപ്പിക്കുന്നതുവരെ തിരുവനന്തപുരം ജില്ലയിൽ ജില്ലയിൽ പ്രവേശിക്കരുത്.  സാക്ഷികളെ സ്വാധീനിക്കരുത്. എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണമുയർത്തിയതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാനമൊട്ടാകെ പ്രതിഷേധമുയർത്തിയത്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ കരിങ്കൊടി പ്രതിഷേധമുണ്ടായി. പിന്നാലെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അദ്ദേഹം വിമാനത്തിൽ സഞ്ചരിക്കവെ അതിനുള്ളിൽ വെച്ചും മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചതിന് പ്രതിഷേധിച്ച മൂന്ന് പേർക്കെതിരെയും കേസെടുത്തത്.

എന്നാൽ വിമാനത്തിൽ നടന്നത് മുദ്രാവാക്യം വിളി മാത്രമാണെന്നും അതിന് വധശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നുമാണ് പ്രതികൾ ജാമ്യഹർജിയിൽ വ്യക്തമാക്കിയത്. വിമാനം ലാൻഡ് ചെയ്തപ്പോൾ രണ്ട് വട്ടം മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതികളുടെ അഭിഭാഷകൻ ഈ വാദം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ആക്രമിച്ചില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും പ്രതികൾ അറിയിച്ചു.

ഇതോടെ വിമാനത്തിന് അകത്തെ ദൃശ്യം റെക്കോർഡ് ചെയ്യാൻ സംവിധാനം ഉണ്ടോ എന്ന് കോടതി ചോദിച്ചു. സിസിടിവി ലഭിച്ചാൽ പരിശോധിക്കാം എന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ ഈ സിസിടിവി ദൃശ്യം ആവശ്യപ്പെട്ടതായി റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടല്ലോ എന്നും ഒരു ഘട്ടത്തിൽ കോടതി ചോദിച്ചു. എന്നാൽ ചെറുവിമാനം ആയതിനാൽ സി സി ടി വി യില്ലെന്ന് എന്ന് ഡിജിപി വ്യക്തമാക്കി. എന്നാൽ ഇപ്പോൾ മാറ്റിയതായിരിക്കാം എന്ന് മൂന്നാം പ്രതി സുജിത്തിൻറെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

മുഖ്യമന്ത്രിയെ ആക്രമിക്കാൻ മൂന്ന് പ്രതികളും നേരെത്തെ പദ്ധതി ഇട്ടിരുന്നതായി ഡിജിപി വാദിച്ചു. വിമാനം ഇറങ്ങുന്നതിനു മുൻപ് മൂന്ന് പേരും നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് മൊഴി ഉണ്ട്. നിന്നെ വെച്ചേക്കില്ല എന്ന് ആക്രോശിച്ചു പ്രതികൾ അടുത്തേക്ക് വന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളും ഡിജിറ്റൽ രേഖകളുമുണ്ട്. പ്രതികളുടെ അക്രമത്തിൽ  സുരക്ഷ ജീവനക്കാരന് പരിക്കേറ്റു. മൂന്ന് പേരും 13-ാം തീയതിയാണ് ടിക്കറ്റ് എടുത്തത്. മൂന്ന് പേരും നിരന്തരം ആശയ വിനിമയം  നടത്തിയിരുന്നു.ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണമെന്നും ഡിജിപി വാദിച്ചു. എന്നാൽ കോടതി ഒടുവിൽ ജാമ്യം നൽകുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here