ആമി ലക്ഷ്‌മി


തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയായ ആമി ലക്ഷ്‌മി അമേരിക്കയിലെ ഷിക്കാഗോയിൽ താമസിക്കുന്നു. സയന്റിസ്റ്റും,എഴുത്തുകാരിയും എന്നതിനു പുറമെ ആമി ഒരു പരിസ്ഥിതി ഫോട്ടോഗ്രാഫർ കൂടിയാണ്. ഇരുപത്തഞ്ചോളം ശാസ്ത്രീയ ലേഖനങ്ങളും, ഇുംഗ്ലീഷിൽ “എ ലാമെന്റ്(A Lament)” എന്ന കവിതാസമാഹാരത്തിനും പുറമെ, നിരവധി ഇംഗ്ലീഷ് കവിതാ സമാഹാരങ്ങളിൽ ആമിയുടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആമിയുടെ, “First Walk” എന്ന ഇംഗ്ലീഷ് കവിത Pushcart Prize അവാർഡിന് നോമിനേറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ “Old Faithful” എന്ന കവിതക്ക് Highland Park Poetry നടത്തിയ 2022 poetry challenge-ൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.

മലയാളത്തിൽ, “എല്ലിസ് ഐലന്റിൽനിന്ന്” എന്ന അനുഭവം/ഓർമ്മ സമാഹാരത്തിന്റെ എഡിറ്ററായും ആമി പ്രവർത്തിച്ചിട്ടുണ്ട്. “മറക്കാൻ മറന്നത്, “കൊറോണക്കാലത്തെ വീട്” എന്നീ സമാഹാരങ്ങളിലും ആമിയുടെ രചനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളിൽ ചെറുകഥകൾ, ലേഖനങ്ങൾ, വിവർത്തനങ്ങൾ എന്നിവയെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


2022, മാർച്ചിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച “ലാറ്റിനമേരിക്കൻ യാത്രകൾ,” എന്ന യാത്രാവിവരണത്തിന് മലയാള സാഹിത്യത്തിന്റെ  ഏവർക്കും പ്രിയപ്പെട്ട, സി. രാധാകൃഷ്ണനാണ് അവതാരിക എഴുതിയിട്ടുള്ളത്. അവതാരികയിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. ” അടിച്ചു പൊളിക്കാൻ വേണ്ടി നാട് കാണാൻ പോകുന്നവർക്കല്ല ഈ പുസ്തകം, യാത്ര ഒരു ബഹുമുഖാനുഭൂതിയാക്കാൻ ആഗ്രഹിക്കുന്നവർക്കായി എഴുതപ്പെട്ടിരിക്കുന്നു. ഇത്തരം എഴുത്തും വായനയും വളരുന്നതോടെയാണ് ലോകത്തിലെ പ്രതിജനഭിന്നമായ സംസ്‌കൃതി സമജ്ജസമായി സമ്മേളിക്കുന്നതിനും സർവലൗകികമായ ഒരു മാനവിക ഏകകം വളരുന്നതിനും ആക്കം കൂടുക. കവിയും കഥാകൃത്തും ശാസ്ത്രജ്ഞയുംകൂടിയായ ആമി ലക്ഷ്‌മിയുടെ ഈ രചന, ഇതിൽ പറയുന്ന ഭൂഭാഗങ്ങളിൽ പോകാത്തവർക്ക് അവസരം കിട്ടുകയാണെങ്കിൽ അവിടേക്ക് പോകാനായുള്ള മുന്നൊരുക്കമാകുമെന്നതിന് സംശയമില്ല.”


പുസ്തകത്തിന് ബ്ലർബ് എഴുതിയ പ്രസിദ്ധ എഴുത്തുകാരൻ സക്കറിയ പറയുന്നത് നോക്കുക. “കണ്ണുകൾ തുറന്നു പിടിച്ചു യാത്ര ചെയ്യുന്ന ഒരു നല്ല യാത്രക്കാരിയുടെ നേർക്കാഴ്ചകൾ ആമി ലക്ഷ്മിയുട നാല് ലാറ്റിൻ അമേരിക്കൻ യാത്രകളെ  അടയാളപ്പെടുത്തുന്നു. കൊളംബിയ, പെറു , ബൊളീവിയ, അർജന്റീന, എന്നീ രാജ്യങ്ങളിലൂടെയുള്ള ലക്ഷ്മിയുടെ പര്യടനങ്ങളെ ആകർഷകമാക്കിത്തീർക്കുന്നത്‌ നാടുകാണലിന്റെ രസകരങ്ങളായ വിശേഷങ്ങൾ മാത്രമല്ല ഗ്രന്ഥകാരിയുടെ ചരിത്രപരവും സാംസ്കാരികവുമായ ജിജ്ഞാസയും അതിനു പിന്നിലെ വായനാ പാരമ്പര്യവും ആണ്.”


ആമിയോടപ്പം ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലൂടെ  നാം നടക്കുമ്പോൾ, എഴുത്തുകാരി പറയുന്നത് ശ്രദ്ധിക്കുക. (പുസ്തകത്തിൽ നിന്നും)

 
ഏകാന്തതയുടെ നൂറു വർഷങ്ങളിലെ (One hundred Years of Solitude) ഹോസെ അർകാവിയോ വെന്തിയായുടെ അന്തിമയാത്രയിൽ പുഷ്പവൃഷ്ടി നടത്തിയ, മാനം കുട പിടിച്ച മക്കോണ്ടയുടെ തെരുവിലൂടെ എനിക്കൊന്നു നടക്കണം. ആ തെരുവിലെ മഞ്ഞപ്പൂക്കൾ പെറുക്കി എന്റെ മുടിയിൽ ചൂടണം. ഫ്ലോറന്റീനോ അരിസ (Florentino Ariza, കോളറക്കാലത്തെ പ്രണയകാലം) യുടെയും ഫെർമിന ദാസ(Fermina Daza,) യുടേയും വികാരഭരിതമായ പ്രണയത്തിന്റെ പശ്ചാത്തലമായ ആ കൊച്ചു പാർക്കിലെ ആൽമണ്ട് മരമൊന്നു പിടിച്ചു കുലുക്കണം. അതെ… അതെല്ലാം പുസ്തകങ്ങളുടെ താളുകളിൽ ജീവിതം തളച്ചിട്ടിരുന്ന കാലത്തെ എന്റെ നിഗൂഢമായ മോഹങ്ങളായിരുന്നു.

ഏകദേശം 4 മണിക്കൂർ എടുത്തു അരക്കട്ടാക്കയിലെത്താൻ. പുരോഗതി എത്തിനോക്കാത്ത ഒരു പ്രദേശമാണ് അരക്കട്ടാക്ക. പൊടിപറക്കുന്ന, ടാറിടാത്ത റോഡിന്റെ ഇരുവശവും കൊച്ചു വീടുകളും, വാഴത്തോട്ടങ്ങളും, എതിരെ വരുന്ന കഴുതവണ്ടികളും സൈക്കിൾ റിക്ഷയുമെല്ലാം ഞങ്ങളെ കുറച്ചു നേരത്തേക്കെങ്കിലും ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

കുട്ടിക്കാലത്ത് മുത്തശ്ശിയുടെയും മുത്തച്ഛന്റേയും കൂടെ എട്ടു വയസ്സ് വരെ മാർക്കേസ് ജീവിച്ച സ്ഥലമാണ് അരക്കട്ടാക്ക. പിന്നീടൊരിക്കൽ മാർക്കസ് പറഞ്ഞുവത്രേ, ഇവിടെ വിട്ടതിനു ശേഷം തന്റെ ജീവിതത്തിൽ യാതൊന്നും രസകരമായി സംഭവിച്ചിട്ടില്ല എന്ന്. നോബൽ സമ്മാനം ലഭിച്ച “വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സൊളിറ്റ്യുഡ്,” അരക്കട്ടാക്കയുടെയും മാർക്കേസിന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കഥയാണെന്ന് ആർക്കും മനസ്സിലാവുന്നതോടെ എത്രമാത്രം ആ കുട്ടിക്കാലം അദ്ദേഹത്തിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. മാർക്കേസിന്റെ കഥകളിലെ (മാജിക്കൽ റിയലിസത്തിലെ) മാജിക്, മുത്തശ്ശിയാണെങ്കിൽ – മുത്തച്ഛൻ റിയാലിറ്റി ആയിരുന്നു എന്ന് നിരൂപകർ പറഞ്ഞു കേട്ടിട്ടുണ്ട്.

മാർക്കേസ് ജനിച്ചു വളർന്ന കൊച്ചു വീട്ടിലേക്കാണ് ഞങ്ങളെ ജൂലിയാന കൂട്ടിക്കൊണ്ടു പോയത്. ഇന്ന് അതൊരു മ്യൂസിയമായി നടത്തി വരുന്നു. മാർക്കേസ് ജനിച്ച മുറിയും, അടുക്കളയും, വീടിനു പിന്നിലുള്ള വലിയ ഒരു മരവും (അതിനു ചുവട് ഒരു ടോയ്‌ലറ്റ് ആയി ഉപയോഗിച്ചിരുന്നുവത്രെ) എല്ലാം അവയുടെ പഴമ നില നിർത്തിക്കൊണ്ട് തന്നെ സൂക്ഷിച്ചിട്ടുണ്ട്. ആ കൊച്ചുവീട്ടിലെ ചുവരുകൾക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്തൊക്കെ കാര്യങ്ങൾ അവർ നമുക്ക് പറഞ്ഞു തരുമായിരുന്നു? ഗാബോവിനെ അറിയുന്ന ആരെയെങ്കിലും കണ്ടിരുന്നെങ്കിൽ..! എന്നാൽ നേരത്തെ പ്ലാൻ ചെയ്യാത്തതുകൊണ്ട് അതിനു സാധിച്ചില്ല. 
 
വീടിനു മുൻപിലുള്ള മരച്ചുവട്ടിൽ കുറച്ചു നേരം ഇരുന്ന് ഏതോ കാലത്തേക്ക് ഞാൻ തിരക്കിട്ടു നടന്നു. ആ തെരുവിൽ മുത്തച്ഛന്റെ കൈയും പിടിച്ചു നടന്നു പോകുന്ന ആറുവയസ്സുകാരൻ ഗാബോ (മാർക്കേസ്) എന്റെ മനസ്സിലേക്ക് ഓടിക്കയറി വന്നു. എവിടേക്കായിരിക്കും അവർ പോകുന്നത്? മഗ്ദലന നദിയുടെ തീരത്തേക്കോ? അടുത്തുള്ള പള്ളിയിലേക്കോ? ഡോക്ടറുടെ ശവശരീരത്തിനടുത്ത് അമ്മയുടെ കൈയും പിടിച്ചു മുത്തച്ഛൻ ചെയ്യുന്ന കർമ്മങ്ങൾ നോക്കിയിരിക്കന്ന ‘ലീഫ് സ്റ്റോമിലെ (Leaf Storm)’ കൊച്ചു ബാലൻ! തിരിച്ചു വരുന്പോൾ ഭൂതകഥകളും പുരാണങ്ങളും പറഞ്ഞ് മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന മുത്തശ്ശി.

മാർക്കേസ് അന്ധവിശ്വാസിയും പ്രേതഭൂതങ്ങളെ ഭയക്കുന്നവനുമായിരുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അതിൽ അത്ഭുതമുണ്ടാകാൻ വഴിയില്ലതാനും. മാർക്കേസിന്റെ ബാല്യകാലത്തിൽ മുത്തശ്ശിയും, വീട്ടിൽ ജോലി ചെയ്തിരുന്ന പണിക്കാരും വേണ്ടത്ര പ്രേതകഥകൾ അവനു പറഞ്ഞുകൊടുക്കാറുണ്ടത്രെ.

പെട്ടെന്ന് എന്റെ കണ്ണുകളിൽ ജലം നിറഞ്ഞു. എവിടെയോ ജനിച്ച ഞാൻ, എപ്പോഴോ വായിച്ച ഏതോ പുസ്തകത്തിന്റെ താളുകളുടെ ഗന്ധം തേടി ഇവിടെയെത്തിയപ്പോൾ… ഒരു നെടുവീർപ്പോടെ, അക്ഷരം കൂട്ടി വായിക്കാൻ പഠിപ്പിച്ച അമ്മയെ ഞാൻ മനസ്സിൽ പ്രണമിച്ചു.

എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല. ഗൈഡ് ജൂലിയാനയുടെ കൂടെ വീടിനുള്ളിൽ തങ്ങിയ എന്റെ കുടുംബം പുറത്തുവന്ന് മരച്ചുവട്ടിൽ ആലോചനയിൽ മുഴുകിയിരിക്കുന്ന എന്നെ നോക്കി ചിരിച്ചപ്പോഴാണ് ഞാൻ ഉണർന്നത്.

2 COMMENTS

  1. ബുക്കിനെ കുറിച്ചുള്ള വിവരണവും എഴുത്തു കാരിയുടെ മുഖവുരയും വായിച്ചതിൽ നല്ല ഒരു യാത്ര വിവരണം ആയിരിക്കും എന്നുള്ളത് നിസംശയം പറയാൻ കഴിയും .അഭിന്ദനങ്ങൾ ?❤️

Leave a Reply to Lakshmy Nair Cancel reply

Please enter your comment!
Please enter your name here