വാഷിങ്ടൻ ഡിസി :കോവിഡ് 19 അമേരിക്കയിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്നു നിലവിൽ വന്ന സാമൂഹിക അകലം പാലിയ്ക്കലും ക്വാറന്റീനും ഔദ്യോഗികമായി അവസാനിച്ചതായി യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അറിയിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിനാവശ്യമായ കർശന നടപടികൾ ഇനി തുടരേണ്ടതില്ലെന്നും, കോവിഡിന്റെ തീവ്രത വളരെ കുറഞ്ഞിരിക്കുന്നുവെന്നും സിഡിസി പറയുന്നു.

പുതിയ ഗൈഡ്‌ലൈൻ പ്രസിദ്ധീകരിച്ചതിൽ കോവിഡിന്റെ വ്യാപനം കുറക്കുന്നതിന് മറ്റുള്ളവരിൽ നിന്നും ആറടി അകലം പാലിക്കുന്നതും രോഗലക്ഷണം പ്രകടിപ്പിക്കുന്നവർ ക്വാറന്റീനിൽ കഴിയണമെന്നതും അവസാനിപ്പിക്കുന്നു. രണ്ടു വർഷങ്ങൾക്കു മുമ്പു മഹാമാരിയെ തുടർന്നുണ്ടായ സാഹചര്യങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമാണ് ഇന്നത്തെ സ്ഥിതി. കൂടുതൽ ആളുകൾ വാക്സിനേഷൻ സ്വീകരിച്ചിരിക്കുന്നുവെന്നതും ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വർധിച്ചിരിക്കുന്നുവെന്നതും മാനദണ്ഡങ്ങൾ പിൻവലിക്കുന്നതിന് കാരണമായി സിഡിസി ചൂണ്ടികാണിക്കുന്നു.

പുതിയ ഗൈഡ്‌ലൈൻ അനുസരിച്ച് കോവിഡിനെ തുടർന്ന് കാര്യമായ രോഗലക്ഷണങ്ങൾ ഉള്ളവരും ശ്വാസ തടസ്സം നേരിടുന്നവരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെങ്കിൽ വീട്ടിൽ എത്തിയാൽ 10 ദിവസത്തെ വിശ്രമമെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കോവിഡ് രോഗലക്ഷണങ്ങൾ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടാൽ ഐസലേഷനിൽ കഴിയണമെന്നും തുടർന്ന് ഡോക്ടറുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്. സിഡിസിയുടെ പുതിയ നിർദേശം ജനങ്ങളിലുണ്ടായിരുന്ന കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകൾ ദുരീകരിക്കാൻ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here