തായ്‌പെയ്: സ്പീക്കര്‍ നാന്‍സി പോലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാന്‍ സന്ദര്‍ശിച്ച് അമേരിക്കന്‍ സംഘം. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് അമേരിക്കന്‍ സംഘം എത്തിയത്. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തില്‍ തന്നെ ചൈനയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. നേരത്തെ തായ്‌വാന്‍ അതിര്‍ത്തിയില്‍ ചൈന സൈനിക പരേഡ് നടത്തിയിരുന്നു.

 

മാസചൂസറ്റ്‌സ് സെനറ്റര്‍ എഡ് മാര്‍ക്കേയുടെ നേതൃത്തിലുള്ള അഞ്ചംഗ അമേരിക്കന്‍ സംഘം തായ്‌വാന്‍ പ്രസിഡന്റ് സയ് ഇങ് വെന്നുമായി കൂടിക്കാഴ്ച നടത്തും. തായ്‌വാന്‍ വിദേശകാര്യമന്ത്രിയുടെ വിരുന്നിലും സംഘം പങ്കെടുക്കും. യു.എസ്- തായ്‌വാന്‍ ബന്ധം, മേഖലയിലെ സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. അമേരിക്കന്‍ സംഘത്തിന്റെ സന്ദര്‍ശനം രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് തായ്‌വാന്‍ അഭിപ്രായപ്പട്ടു.

 

മേഖലയില്‍ ചൈനയുടെ നീക്കങ്ങള്‍ തുടരുമ്പോള്‍ അത് തായ്‌വാനുമായി സഹകരിക്കുന്നതില്‍ നിന്ന് അമേരിക്കയെ പിന്തിരിപ്പിക്കുന്നില്ലെന്ന് കൂടി തെളിയിക്കുകയാണ് ഈ സന്ദര്‍ശനം. തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നും വേണ്ടിവന്നാല്‍ ആക്രമണത്തിലൂടെ ഒപ്പം ചേര്‍ക്കുകയെന്നതുമാണ് ചൈനീസ് നയം. നേരത്തെ പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാന് ചുറ്റും കൂടുതല്‍ യുദ്ധകപ്പലുകളും ജെറ്റുകളും വിന്യസിച്ച ചൈന അമേരിക്കന്‍ സംഘത്തിന്റെ സന്ദര്‍ശനത്തോട് എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്.

 

അതേസമയം പെലോസിയുടെ സന്ദര്‍ശനത്തെ ചൈന സൈനിക നീക്കത്തിനുള്ള ഒരു കാരണമാക്കി മാറ്റുകയാണെന്നാണ് തായ്‌വാന്‍ ആരോപിക്കുന്നത്. 22 ചൈനീസ് വിമാനങ്ങളും ആറ് കപ്പലുകളും അതിര്‍ത്തി മേഖലയില്‍ കണ്ടെത്തിയതായി തായ്‌വാന്‍ പ്രതിരോധ വിഭാഗം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ മേഖലയില്‍ ബാഹ്യ ഇടപെടലുകള്‍ അംഗീകരിക്കില്ലെന്നും ചൈന മുന്‍പ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെയാണ് അമേരിക്കന്‍ സംഘത്തിന്റെ സന്ദര്‍ശനത്തെ ചൈന എങ്ങനെ കാണുമെന്നതും അടുത്ത നീക്കമെന്തായിരിക്കുമെന്നതും നിര്‍ണായകമാകുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here