സ്വന്തം ലേഖകൻ

ഫിലാഡൽഫിയ : വിവിധ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ്  കേരളാ ഫോറത്തിന്റെ ഓണാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമാവും. ഫിലാഡൽഫിയ കാൻസ്റ്റാന്റർ വോക്‌ഫെസ്റ്റ് വെറീൻ അക്കാഡമിയിലെ ജോൺപോൾ നഗറിൽ വച്ച് നടക്കുന്ന ഈ വർഷത്തെ ഓണാഘോഷം ചരിത്ര സംഭവമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

ട്രൈസ്‌റ്റേറ്റ് കേരളാ ഫോമിന്റെ ആഭിമുഖ്യത്തിൽ സഹോദരീയ നഗരത്തിലെ ജനങ്ങൾ ആവേശത്തോടെ കാത്തിരുന്ന ഓണാഘോഷത്തിനാണ് തുടക്കമാവുന്നത്. അമേരിക്കയിലെ മലയാളി കൂട്ടായ്മയിലൊരുങ്ങുന്ന ഏറ്റവും വലിയ ഓണാഘോഷമാണ് ഫിലാഡൽഫിയയിൽ അരങ്ങേറുന്നത്. സംഘടനകളുടെ പ്രവർത്തന മികവും, തികച്ചും വ്യത്യസ്തവും, സംഘാടനത്തിലെ മികവുമാണ് ഈ ഓണാഘോഷഷത്തിന്റെ പെരുമ ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിലേക്ക് പരക്കാൻ കാരണം. ‘അതിരുകാണാ തിരുവോണം ‘ എന്ന സന്ദേശമാണ് ഇത്തവണത്തെ ഓണാഘോഷത്തിന്റെ ടൈറ്റിൽ.
ഓണം മലയാളികളുടെ വൈകാരികോൽസവമാണെന്ന് ഒരിക്കൽകൂടി അന്വർത്ഥമാക്കിക്കൊണ്ടുള്ള ആഘോഷ പരിപാടികളാണ് ഇവിടെ അരങ്ങേറുന്നത്.

ആഘോഷ പരിപാടികളുടെ തുടക്കം കുറിക്കാനായി കേരളത്തിൽ നിന്നും എം എൽ എയായ എൽദോസ് കുന്നപ്പള്ളി ഫിലാഡൽഫിയയിൽ എത്തിച്ചേർന്നിരിക്കയാണ്. അദ്ദേഹം ആഘോഷ പരിപാടികളുടെ ഫ്‌ളാഗ് ഓഫ് നിർവ്വഹിക്കും. നാടൻ മത്സരങ്ങളാണ് ഓണാഘോഷത്തോടനുബന്ധിച്ച് അരങ്ങേറുക. ഷിക്കാഗോ, ഹൂസ്റ്റൺ, ഫ്‌ളോറിഡ, ന്യൂയോർക്ക്, ഫിലാഡൽഫിയ തുടങ്ങിയ ടീമുകളെ അണിനിരത്തുന്ന വടംവലി മത്സരത്തിന്റെ ആവേശത്തേരിലാണിപ്പോൾ മലയാളികൾ. സാബു സ്‌ക്കറിയയാണ് സ്‌പോർട്‌സ് കോ ഓഡിനേറ്റർ.

കേരളത്തിൽ മാവേലി പാതാളത്തിൽനിന്നാണ് വരുന്നതെങ്കിൽ കഴിഞ്ഞ വർഷം ഫിലാഡൽഫിയയിൽ മാവേലി എത്തിയത് ഹെലികോപ്റ്ററിലായിരുന്നു. ഓരോ വർഷവും കൗതുകകരമായാണ് മാവേലി മന്നന്റെ എഴുന്നെള്ളത്ത് നടക്കാറുള്ളത്.
ചെണ്ട മേളത്തിന്റെയും മറ്റും അകമ്പടിയോടെയാണ് മാവേലിയെയും വിശിഷ്ട വ്യക്തികളെയും എതിരേറ്റുള്ള ഘോഷയാത്ര നടക്കുക.
മലയാളിനാടിന്റെ  നൊസ്റ്റാൾജിയ ഉണർത്തുന്ന വിവിധ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറുന്നുണ്ട്. അൻപതിലധികം സ്ത്രീകൾ പങ്കെടുക്കുന്ന മെഗാതിരുവാതിരയാണ് ഇതിൽ ഏറ്റവും ആകർഷകമായ ഇനം. ആശ അഗസ്റ്റിന്റെ ലാസ്യ ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിലാണ് തിരുവാതിര അരങ്ങേറുക. ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടികളിൽ പങ്കാളികളാവും.

മലയാളി ദമ്പതികൾക്ക് മികച്ച വേഷവിധാനത്തിന് ഒരു ലക്ഷം രൂപയുടെ സമ്മാനം നൽകും. വിവിധ മേഖലകളിലുള്ളവരെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും. വിഭവസമൃദ്ധമായ ഓണസദ്യയാണ് ഇതോടൊപ്പം ആകർഷകമായ മറ്റൊരു ഇനം.  

പ്രശസ്ത പിന്നണി ഗായകനായ ബിജു നാരായണനും സുഷമ പ്രവീണും സംഘവും നയിക്കുന്ന ഗാനമേളയും ഇതോടൊപ്പം നടക്കുമെന്ന് പ്രോഗ്രാം കോ -ഓഡിറ്റർ ബെന്നി കൊട്ടാരത്തിൽ അറിയിച്ചു.

ഓണാഘോഷത്തിനായി മലയാളികൾ ആവേശത്തോടെ ഒരുങ്ങിയിരിക്കുകയാണ്. പൂവേ പൊലി …പൂവേ പൊലി പൂവേ പൊലി….
അമേരിക്കയിലെങ്ങും പൂവിളികളുണരുകയായി.

LEAVE A REPLY

Please enter your comment!
Please enter your name here