ജോബിച്ചൻ.

കേരളത്തിൽ നിന്നും ആയിടെ കുടിയേറിയ ഒരു ഫാമിലി ആണ്‌.
കൊച്ചൻ നാട്ടിലെ പത്താം ക്ലാസ്‌ പാസായി,
ഇവിടെ പതിനൊന്നാം തരത്തിൽ പഠിയ്ക്കുന്നു.
വളരെ വിനയാന്വിതമായ പെരുമാറ്റം!

ഏകദേശം ഇരുപത്തഞ്ചു വർഷങ്ങൾക്കു മുൻപ്‌
ഞാൻ ഒരു മലയാളി പയ്യനെ പരിചയപ്പെട്ടു.
ന്യൂയോർക്കിൽ വച്ച്‌.

രണ്ടു മൂന്നു വർഷങ്ങൾ കടന്നു പോയി.
പിന്നീടു ഞാൻ അദ്ദേഹത്തെ കാണുന്നത്‌,
ന്യൂയോർക്ക്‌ സിറ്റിയിലെ ഒരു സബ്‌വേ(ട്രെയിൻ) സ്റ്റേഷനിൽ വച്ചായിരുന്നു.

“ഹായ്‌ മോനേ! എന്താ വിശേഷം?”
ഞാൻ കുശലം ചോദിച്ചു.

കണ്ടപാടെ ഞങ്ങൾ പരസ്പരം തിരിച്ചറിഞ്ഞു.

“ഓ! അങ്കിൾ..
ഐ റിമംബർ യൂ..
അന്ന് ക്വീൻസിലെ ഒരു
സ്റ്റോറിൽ നമ്മൾ മീറ്റ്‌ ചെയ്തതല്ലേ?”

ആ മറുചോദ്യത്തിലെ
ഇംഗ്ലീഷിന്റെ അതിപ്രസരവും, മലയാളത്തിന്റെ നഷ്ടപ്പെട്ട മാധുര്യവും ഞാൻ ശ്രദ്ധിച്ചു.
അന്നു കണ്ട നിഷ്കളങ്കനായ പയ്യനിൽ നിന്നും ഇവൻ ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ട്‌ എന്നു ഞാൻ ഊഹിച്ചു.

ആൾ അന്നത്തെ ഒരു ന്യൂജെൻ എന്നു വേണമെങ്കിൽ പറയാം…
അമേരിയ്ക്കയിൽ ജനിച്ച ആളല്ലെങ്കിലും,
അമേരിയ്ക്കൻ കോപ്രായങ്ങൾ അനുകരിയ്ക്കാൻ ശ്രമിയ്ക്കുന്നത്‌ എനിയ്ക്കു പിടികിട്ടി.

ഇടതു കാതിൽ കടുക്കൻ ഉണ്ട്‌..!
ഞാൻ
ചോദിച്ചു.

“എന്താ ഈ ഇടതുകാതിൽ മാത്രം കടുക്കൻ..
രണ്ടു കാതിലും കടുക്കൻ ഇട്ടൂടേ..?”

കേരളത്തിലെ ചില പ്രത്യേക മതവിഭാഗങ്ങളിൽ പെടുന്ന പുരുഷന്മാർ,
ഇരു കാതുകളിലും കടുക്കൻ ഇടുന്നതു കണ്ടിട്ടുണ്ട്‌.

ആ കൊച്ചന്റെ മറുപടി കേട്ട്‌ എന്റെ അജ്ഞത മനസിലാക്കി,
എനിയ്ക്ക് എന്നോടു തന്നെ ഒരു അവജ്ഞ തോന്നി!

“സീ അങ്കിൾ…
യൂ ആർ ഹിയർ ഫോർ എ ലോംഗ്‌ ടൈം.
വന്നിട്ട്‌ ടെൻ.. ഫിഫ്ടീൻ ഈയേഴ്സ്‌ ആയില്ലേ..?
ഇതൊന്നും ഇതുവരെ മനസിലായില്ലേ?”

ഉത്തരം മുട്ടി മിഴിച്ചു നിന്ന എന്നോട്‌ കക്ഷി വിവരിച്ചു..

“ലെഫ്റ്റ്‌ ചെവിയിൽ കടുക്കൻ,
മീൻസ്‌‌,
ആളൊരു ഹെട്രോസെക്ഷ്വൽ.

റൈറ്റ്‌ ചെവി ആൻഡ്‌
ബോത്ത്‌ ചെവി കടുക്കൻ മീൻസ്‌.‌..
ഹീ ഈസ്‌ ഹോമോ സെക്ഷ്വൽ.”

ഞാനെന്റെ കാതുകളിൽ ഒന്നു പരതി.
കടുക്കൻ ഏതു കാതിൽ ആണെന്ന് അറിയാൻ.
ഞാൻ ഏതു വിഭാഗത്തിൽ ആയിരിയ്ക്കുമോ ആവോ?

അപ്പോഴാണ്‌ ഓർത്തത്‌..
ഞാൻ കാതു കുത്തിയിട്ടില്ലല്ലോ എന്ന്.
ഒന്നു കുത്തിയാലോ
എന്നൊരു ശങ്ക ഉടലെടുത്തു.

മുപ്പതുകളുടെ ഒടുവിൽ തിളച്ചു നിൽക്കുന്ന പ്രായമായിരുന്നു എനിയ്ക്ക്‌‌.
ന്യൂജൻ ആയില്ലെങ്കിലും,
കാഴ്ചയിൽ ഒരു ഗുമ്മു കിട്ടാൻ അൽപ്പം പരിഷ്കാരം ഒക്കെ വേണ്ടേ?

അതു കൊണ്ട്‌ കാതു കുത്തി സ്വന്തം നിലപാട്‌
ലോകരെ  അറിയിയ്ക്കാൻ ഒരു മോഹം തോന്നി.

സംശയവുമായി ഭാര്യയുടെ അടുത്തു ചെന്നു. എന്റെ നിലപാടു
തിരിച്ചറിയാൻ.

“നിങ്ങൾക്ക്‌ ഇത്‌ എന്തിന്റെ കേടാണു മനുഷ്യാ..?
രാത്രിയാകുമ്പോൾ
ചിണുങ്ങിക്കൊണ്ട്‌ എന്റെ പിന്നാലെ വരുന്ന നിങ്ങൾക്ക്‌ സ്വന്തം നിലപാട്‌ അറിയില്ലേ?
ലോകരെ നിലപാട്‌ അറിയിയ്ക്കാൻ നടക്കുന്നു.
നാണമില്ലല്ലോ നിങ്ങൾക്ക്‌!
മൂന്നു കുട്ടികളുടെ തന്തയാണെന്ന കാര്യം ഓർമ്മ വേണം!”

അവിടേയും കിട്ടി തിരിച്ചടി!

ഇടതു കാതു കുത്തി നിലപാടു വ്യക്തമാക്കിയ വ്യക്തി,
അതേ പ്രായത്തിൽ കേരളത്തിൽ നിന്നും അമേരിയ്ക്കയിലേയ്ക്കു കുടിയേറിയ,
അതേ സ്റ്റാറ്റസിൽ ഉള്ള ഒരു പെൺകുട്ടിയേ,
സ്നേഹിച്ചു വിവാഹം കഴിച്ചിരുന്നു.

ഇപ്പോൾ ഡിവോഴ്സ്‌ ആയിട്ടു 10 വർഷങ്ങൾ കടന്നു പോയി.
ആരുടെ ഭാഗത്താണു തെറ്റെന്നു വിധിയ്ക്കാൻ ഞാൻ ആളല്ലല്ലോ.

ആദ്യ ഭാര്യയും ഏകമകളും ഒറ്റയ്ക്ക്‌ ജീവിയ്ക്കുന്നു.
അയാളും ഇന്നും വിഭാര്യനായി കഴിയുന്നു.

ഇവർക്ക്‌ വീണ്ടും ഒന്നിച്ചു ജീവിച്ചു കൂടേ..?
അങ്ങിനെ പോയി എന്റെ വികല ചിന്തകൾ.

………………………………..

ആഗസ്റ്റ്‌ 17, 2022.
കൊല്ലവർഷം 1198 ചിങ്ങം ഒന്ന്.

മലയാള വർഷത്തിന്റെ
പുതുവൽസരാശംസകൾ നേർന്ന്, ഒരു അമേരിയ്ക്കൻ മലയാളിക്കൂട്ടായ്മയുടെ വാട്ട്സാപ്പ്‌ ഗ്രൂപ്പിൽ ഞാൻ ‌ഒരു പോസ്റ്റ്‌  ഇട്ടു.

“പൊന്നിൻ ചിങ്ങപ്പുലരിയിൽ…
പുതുവൽസരാശംസകൾ!”

അതിനു താഴെ അനേകം ആശംസകൾ പോസ്റ്റ്‌ ചെയ്യപ്പെട്ടു.
കൂട്ടത്തിൽ ഒരു മറുപടി മാത്രം വേറിട്ടു നിന്നു.
അത്‌ ഇപ്രകാരമായിരുന്നു.

“അങ്കിൾ! ചൈനീസ്‌ ന്യൂ ഈയർ ഈ സമയത്താണോ..?” എന്ന്.

അടി ചെകിടത്തു കിട്ടിയപോലെ ആയിപ്പോയി ഞാൻ.

കഷ്ടം..!
ജനിച്ച നാടിനേപ്പറ്റി യാതൊരു അറിവുമില്ലാത്തൊരു മലയാളി!
അതോ അറിയില്ലെന്നു നടിയ്ക്കുന്നതോ?

ആൾ ആരാണെന്നു ശ്രദ്ധിച്ചപ്പോഴാണ്‌ മനസിലായത്‌..
തൽപ്പര കക്ഷി.
ദി കടുക്കൻ ഗൈ..!

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here