സ്വന്തം ലേഖകൻ
ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിനെ നയിക്കാൻ ഏറ്റവും യോഗ്യൻ ഡോ. ശശി തരൂർ ആണെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെടണമെന്നാവശ്യപ്പെട്ട് ഐ.ഒ.സി -യു.എസ്.എ വൈസ് ചെയര്‍മാന്‍ ജോർജ് ഏബ്രഹാമിന്റെ തുറന്ന കത്ത്.
പാര്‍ട്ടിയിലെ യാതൊരു ഒദ്യോഗിക സ്ഥാനവും ഏറ്റെടുക്കില്ലെന്ന് രാഹുല്‍ ഗാന്ധി തീരുമാനിച്ച സാഹചര്യത്തിലാണ് കോൺഗ്രസിനെ നയിക്കാൻ ഈ കാലഘട്ടത്തിൽ ഏറ്റവും അനുയോജ്യൻ ഡോ. തരൂർ ആണെന്ന് ജോർജ് ഏബ്രഹാം ചൂണ്ടിക്കാട്ടുന്നത്.

നിലവിലെ പരാജയത്തിന് ആരെയും കുറ്റപ്പെടുത്താതെ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് സ്വയം വീണ്ടെടുക്കാന്‍ കഴിയുമെന്ന് തനിക്കുറപ്പുണ്ടെന്നും അതിനായി ജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ചെയലുത്താന്‍ കഴിയുന്ന ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ അതിന് ഡോ. ശശി തരൂരിനെക്കാള്‍ അനുയോജ്യനായ മറ്റൊരാളില്ലെന്നും ജോർജ് ഏബ്രഹാം ഉറപ്പു നൽകുന്നു. അതല്ലാതെ പാര്‍ട്ടിക്കുള്ളില്‍ നിന്നു മറ്റൊരാളെ തിരഞ്ഞെടുക്കുന്നതുകൊണ്ട് അവര്‍ക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് ജോർജ് ഏബ്രഹാമിന്റെ അഭിപ്രായം.
കത്തിന്റെ പൂർണ രൂപം:
ബഹുമാനപ്പെട്ട സോണിയ ജി, വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രയത്‌നിച്ച് വിട പറഞ്ഞ അനവധി നേതാക്കളെയോര്‍ത്ത് അതീവ സങ്കടത്തോടെയാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. 2024ലെ ദേശീയ തിരഞ്ഞെടുപ്പ് അതിവേഗം അടുക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുന്നില്‍ വലിയൊരു ദൗത്യമുണ്ട് മോദിക്കെതിരായ ഏത് അവസരവും നമ്മള്‍ നേരിടണം.
പാര്‍ട്ടിയിലെ യാതൊരു ഒദ്യോഗിക സ്ഥാനവും ഏറ്റെടുക്കില്ലെന്ന് രാഹുല്‍ ഗാന്ധി തീരുമാനിച്ച സാഹചര്യത്തില്‍ ഞാനൊരു അഭിപ്രായം പങ്കുവെയ്ക്കുകയാണ്. നിലവിലെ പരാജയത്തിന് ആരെയും കുറ്റപ്പെടുത്താതെ തന്നെ ഐഎന്‍സിക്ക് സ്വയം വീണ്ടെടുക്കാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. അതിനായി ജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ചെയലുത്താന്‍ കഴിയുന്ന ഒരാളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അതിന് ഡോ. ശശി തരൂരിനെക്കാള്‍ അനുയോജ്യനായ മറ്റൊരാളില്ല. അതല്ലാതെ പാര്‍ട്ടിക്കുള്ളില്‍ നിന്നു മറ്റൊരാളെ തിരഞ്ഞെടുക്കുന്നതുകൊണ്ട് അവര്‍ക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയില്ല.

ശശി തരൂര്‍ എന്തിന് എഐസിസി അധ്യക്ഷ സ്ഥാനാര്‍ത്ഥിയാകണം?
ഒന്നാമതായി, അടുത്ത ബിജെപി ഇതര സര്‍ക്കാരിന് ഡല്‍ഹിയിലേക്കുള്ള വഴി ദക്ഷിണേന്ത്യയിലൂടെ മാത്രമാണ്. ഭൂരിഭാഗം ഹിന്ദി മേഖലകളും വീണ്ടെടുക്കാനാകാത്തവിധം നഷ്ടപ്പെട്ടു കഴിഞ്ഞു. അത് പുനര്‍നിര്‍മിക്കാന്‍ പതിറ്റാണ്ടുകളുടെ അധ്വാനം വേണ്ടിവരും. അവിടെയാണ് ശശി തരൂരിനെപ്പോലെയുള്ള ഒരു നേതാവിന്റെ പ്രാധാന്യം. അതുകൊണ്ട് ശശി തരൂരിനെ അധ്യക്ഷനാക്കിയാൽ തെക്കേ ഇന്ത്യയിൽ കോൺഗ്രസിന് ഇപ്പോഴുള്ള മേൽക്കോയ്മ നില നിർത്താനാവുമെന്ന് മാത്രമല്ല, തെക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾ നേതൃത്വം നൽകുന്ന സംസഥാനങ്ങളിൽ നിന്നും കോൺഗ്രസിന് കൂടുതൽ പിന്തുണ ലഭിക്കുകയും അങ്ങനെ തെക്ക് -കിഴക്കൻ സംസ്ഥാങ്ങളിലേക്കുള്ള ബി.ജെ.പിയുടെ നുഴഞ്ഞു കയറ്റത്തിനു തടയിടാനും കഴിയും.
നിലവിലെ പ്രതിസന്ധിയില്‍ നിന്ന് പാര്‍ട്ടിയെ നയിക്കാനുള്ള വിവേകം അദ്ദേഹത്തിനുണ്ട്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ യഥാര്‍ത്ഥ ആരാധകനായ ഡോ. ശശി തരൂര്‍ ഇന്ത്യയെക്കുറിച്ചുള്ള നെഹ്റുവിയന്‍ കാഴ്ചപ്പാടിന്റെ വക്താവാണ്. മതേതരത്വത്തിന്റെ മികച്ച വക്താവായ അദ്ദേഹം ബഹുസ്വരതയ്ക്കുവേണ്ടി ശക്തമായി വാദിക്കുന്നു. നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ലേഖനങ്ങളിലൂടെയും കോളങ്ങളിലൂടെയും ധാരാളം എഴുതുകയും ചെയ്യുന്ന വ്യക്തിയാണ്. ഹിന്ദിയും ബംഗാളിയും ഉള്‍പ്പെടെ നിരവധി ഭാഷകള്‍ സംസാരിക്കുന്ന മികച്ച ആശയവിനിമയ ശേഷിയുള്ള വ്യക്തിയാണ് തരൂര്‍. ഇംഗ്ലീഷിലുള്ള അദ്ദേഹത്തിന്റെ ഭാഷാ വൈദഗ്ദ്ധ്യം സമാനതകളില്ലാത്തതാണ്. ഫ്രഞ്ച് ഭാഷയും അദ്ദേഹത്തിന് അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് അറിവ്.
ലോകത്തെ നിരവധി രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ തരൂരുമായി വ്യക്തി ബന്ധം പുലർത്തി വരുന്നു. സമൂഹമാധ്യമങ്ങളിൽ ഇത്രയേറെ അനുയായികൾ ആഗോള തലത്തിൽ ഉള്ള മറ്റൊരു കോൺഗ്രസ് നേതാവ് ഇന്ത്യയിലുണ്ടെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ട്വീറ്റുകൾക്കായി ദിവസേനെ ലക്ഷക്കണക്കിനു ഫോളോവേഴ്സ് ഏറെ ജിജ്ഞാസയോടെ കാത്തിരിക്കാറുണ്ട്. ഓരോ ട്വീറ്റിനും റീട്വീറ്റ് ചെയ്യുന്നവരുടെ കൂട്ടത്തിൽ അന്താരാഷ്ട്ര തലവന്മാർ ഉൾപ്പെടെ നിരവധി പ്രമുഖർ ഉണ്ട്

രാഷ്ട്രീയ ഭേദമന്യേ ലോകം മുഴുവനുമുള്ള യുവാക്കളായ ഇന്ത്യക്കാർ ശശി തരൂരിനെ ആദരിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ അദ്ദേഹത്തിനുള്ള പരിജ്ഞാനം ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലെ പല ഭാഷ പണ്ഡിതരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗ പാഠവം അന്താരാഷ്ട്ര വേദിയികളില്‍പ്പോലും ഏറെ പ്രശസ്തമാണ്.
വ്യക്തി താൽപ്പര്യങ്ങൾ ഒന്നുമില്ലാത്ത, തികഞ്ഞ രാജ്യസ്നേഹിയായ അദ്ദേഹം ലോകത്തെവിടെ പോയാലും ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിക്കുന്നതിനുള്ള ഒരു അന്താരഷ്ട്ര വക്താവായിട്ടാണ് കാണപ്പെടുന്നത്. ഓക്സ്ഫോർഡിൽ നടത്തിയ പ്രസംഗത്തിൽ, ബ്രിട്ടിഷ്കാർ ഇന്ത്യയിൽ അധിനിവേശം നടത്തുമ്പോൾ സമ്പന്നതയിലും ജി.ഡി. പി യിലും ലോക രാഷ്ട്രങ്ങളിൽ മുൻ നിരയിലായിരുന്ന ഭാരതത്തെ കട്ടുമുടിച്ച് കരിമ്പിൻ ചണ്ടിപോലെയാക്കിയ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ക്രൂരമുഖം എന്തായിരുന്നുവെന്ന് അദ്ദേഹം തുറന്നു കാട്ടിയപ്പോൾ അവിടെ സന്നിഹിതരായിരുന്ന ചരിത്ര വിദ്യാർത്ഥികളുടെ കണ്ണിൽ ഈറനണിയുന്ന കാഴ്ച്ച നാം കണ്ടതാണ്. കാരണം ബ്രിട്ടനിലെ ചരിത്ര വിദ്യാർത്ഥികളുടെ ചരിത്ര പുസ്തകത്തിൽ മറച്ചു വച്ച ചരിത്രമാണ് അദ്ദേഹം പുറത്തു കൊടുവന്നത്. അതുകൊണ്ടു തന്നെ ഓക്‌സ്‌ഫോര്‍ഡിലെ അദ്ദേഹത്തിന്റെ പ്രസംഗം ഇപ്പോഴുമൊരു മാസ്റ്റര്‍പീസായി തരംഗം സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നു.
കോഫി അന്നന്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ആയിരുന്ന സമയത്ത് അന്താരാഷ്്ട്രതലത്തില്‍ സമാധാനം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ശശി തരൂരിന്റെ നേതൃപാടവം നമ്മള്‍ കണ്ടതാണ്. ഐക്യരാഷ്ട്രസഭയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തലവനായിരുന്നു അന്ന് അദ്ദേഹം. തരൂരിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ യുവാക്കൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുമെന്നതില്‍ സംശയമില്ല. യുവാക്കളെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും.
24 മണിക്കൂറും പ്രവര്‍ത്തന നിരതനായ തരൂരിന് ലക്ഷ്യങ്ങള്‍ നേടുന്നതിനായി ഏത് എതിരാളിയെയും മറികടക്കാനുള്ള ഇച്ഛാശക്തിയുണ്ട്. എല്ലാ മതവിഭാഗങ്ങളുമായും മതസംഘടനകളുടെ തലവന്മാരുമായും അദ്ദേഹം മികച്ച ബന്ധം പുലര്‍ത്തുന്നു. മതേതര ഇന്ത്യ ഒരു മതത്തോടും ശത്രുത പുലര്‍ത്തുന്നില്ലെന്ന് തരൂര്‍ ഉറച്ച് വിശ്വസിക്കുന്നു. ഹിന്ദുവാണെന്നതില്‍ അഭിമാനിക്കുമ്പോഴും തീവ്ര ദേശീയവാദികളും ഹിന്ദുക്കളും പ്രചരിപ്പിക്കുന്ന ഹിന്ദുത്വ തത്വശാസ്ത്രത്തെ അദ്ദേഹം എതിര്‍ക്കുകയും ചെയ്യുന്നു.
തന്റെ നിയോജകമണ്ഡലത്തില്‍ സുതാര്യവും അര്‍പ്പണബോധത്തോടെയുമുള്ള പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു പുതിയ ചക്രവാളത്തിലേക്ക് നയിക്കാനുള്ള പക്വതയും അറിവും വൈദഗ്ധ്യവും തരൂരിനുണ്ട്. തരൂരിനെ തിരഞ്ഞെടുക്കുന്നത് ബിജെപി കോണ്‍ഗ്രസിനെതിരെ ഉന്നയിക്കുന്ന സ്വജനപക്ഷപാതവും കുടുംബവാഴ്ചയും എന്നീ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയായിരിക്കും. തരൂരിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താങ്കളുടേയും രാഹുല്‍ ജിയുടെയും പിന്തുണ നിര്‍ണായകമാണ്. തരൂര്‍ ഒരിക്കലും പാര്‍ട്ടിയിലെ നിങ്ങളുടെ സ്ഥാനത്തിനും സ്വാധീനത്തിനും വെല്ലുവിളിയാകില്ലെന്ന് മാത്രമല്ല, അവ വര്‍ധിപ്പിക്കാന്‍ കാരണമാവുകയും ചെയ്യും.
തരൂര്‍, സ്വഭാവമനുസരിച്ച്, വിശ്വസിക്കാന്‍ യോഗ്യനായ വ്യക്തിയാണ്. നിങ്ങളോടുള്ള ബഹുമാനം, പല അവസരങ്ങളിലും അദ്ദേഹം പ്രകടമാക്കിയിട്ടുണ്ട്. താങ്കളുടെ ഭര്‍ത്താവ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ആഗ്രഹിച്ചിരുന്നതുപോലെ ശക്തവും സ്വയംപര്യാപ്തവുമായ ഒരു ഭാരതം കെട്ടിപ്പടുക്കാന്‍ അദ്ദേഹവും ആഗ്രഹിക്കുന്നു. ഭരണത്തിലുള്ളവര്‍ ഈ സ്വപ്നം ആസൂത്രിതമായി തകര്‍ക്കുകയാണ്.

ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ആളുകളുമായി സംസാരിക്കുകയും അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ശേഖരിക്കുകയും ചെയ്ത ശേഷമാണ് ഈ ഒരാവശ്യവുമായി ഞാന്‍ ഇങ്ങനെയൊരു കത്തെഴുതുന്നത്. ജനാധിപത്യ തത്വങ്ങളുടെ വീണ്ടെടുപ്പിനായി കോണ്‍ഗ്രസ് മുന്നോട്ടുവരണം. ശശി തരൂരിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്ന് ഞാന്‍ വ്യക്തിപരമായി നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. തരൂരിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രേരിപ്പിക്കണം. സമയം വളരെ നിര്‍ണ്ണായകമാണ്.
കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തിന്റെ മനസ്സില്‍ കേള്‍ക്കാവുന്നതും ദൃശ്യവുമായിരിക്കണം. പാര്‍ട്ടി പ്രവര്‍ത്തനരഹിതമെന്ന വാര്‍ത്തകള്‍ ഇപ്പോള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നു. മിസ്റ്റര്‍ തരൂര്‍ എഐസിസി അധ്യക്ഷനാകുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അനുകൂലമായി കാര്യങ്ങളെ മാറ്റിയെഴുതും. തരൂര്‍ തത്ത്വത്തില്‍ ഗാന്ധിയനാണ്, ദര്‍ശനത്തില്‍ നെഹ്റുവിയനാണ്, ഇച്ഛാശക്തിയില്‍ പട്ടേലുമുണ്ട്, ഈ സ്വഭാവവിശേഷങ്ങളെല്ലാം അദ്ദേഹത്തെ ജനങ്ങള്‍ക്ക് പ്രീയങ്കരനാക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നമ്മള്‍ ആവുന്നതെല്ലാം ചെയ്യണം. എങ്കില്‍ മാത്രമേ 2024ലെ തിരഞ്ഞെടുപ്പില്‍ ശക്തമായ ഒരു ബദല്‍ അവതരിപ്പിക്കാന്‍ സാധിക്കൂ. ഇനിയൊരു പരാജയം കോണ്‍ഗ്രസ് അതിജീവിക്കില്ല. കോണ്‍ഗ്രസ് നയിക്കണം. തരൂരിന്റെ എഐസിസി അധ്യക്ഷസ്ഥാനം അതിലേക്കുള്ള ചുവടുവയ്പായിരിക്കും.
ഇന്ത്യ കാത്തിരിക്കുകയാണ്. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍? കോണ്‍ഗ്രസല്ലെങ്കില്‍ പിന്നെ ആര്?