ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനാകാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന അശോക് ഗഹ്‌ലോത് ഒറ്റ രാത്രിക്കൊണ്ട് ചിത്രത്തില്‍ നിന്ന് പുറത്ത്‌.. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി രാജസ്ഥാനില്‍ തുടരുന്ന നാടകീയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഗഹ്‌ലോത് പദവിക്ക് യോജിച്ചയാളല്ലെന്നാണ് കോണ്‍ഗ്രസിനുള്ളിലെ പൊതുവികാരം. ഗഹ്‌ലോതിനെ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ചില അംഗങ്ങള്‍ ഇതിനോടകം സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്.

 

ഇതോടെ പാര്‍ട്ടി അധ്യക്ഷകനാകാന്‍ പുതിയ ആളെ കണ്ടെത്താനുള്ള ചര്‍ച്ചകളിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാജസ്ഥാനിലെ പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കുന്നതിന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെ സോണിയ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഗഹ്‌ലോതിനെ മാറ്റി കമല്‍നാഥിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ചില കോണുകളില്‍ നിന്നുള്ള ആവശ്യങ്ങള്‍ക്കിടെയാണ് രാജസ്ഥാന്‍ പ്രതിസന്ധി തീര്‍ക്കാന്‍ സോണിയ കമല്‍നാഥിന്റെ സഹായം തേടിയിരിക്കുന്നത്. എന്നാല്‍ കമല്‍നാഥിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ തിരഞ്ഞെടുപ്പ് ആസന്നമായ മധ്യപ്രദേശില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്നത് ചോദ്യചിഹ്നമാണ്. രാജസ്ഥാന് പിന്നാലെ മധ്യപ്രദേശിലും ഇതോടെ പ്രശ്‌നങ്ങള്‍ തുടങ്ങും. രണ്ടു സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം അവസാനത്തില്‍ ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.

 

മധ്യപ്രദേശില്‍ നിന്ന് തന്നെയുള്ള മറ്റൊരു നേതാവ് ദിഗ്‌വിജയ് സിങാണ് അധ്യക്ഷ സ്ഥാനത്തേക്ക് ആലോചനയിലുള്ള മറ്റൊരു നേതാവ്. കെ.സി.വേണുഗോപാലും മല്ലികാര്‍ജുന്‍ കാര്‍ഗെയുമെല്ലാം ഇത്തരത്തില്‍ ചര്‍ച്ചകളിലുള്ള പേരുകളാണെങ്കിലും ഒടുവില്‍ നെഹ്‌റു കുടുംബത്തിലേക്ക് തന്നെ അധ്യക്ഷ കസേര വന്നുചേരുമെന്ന് കണക്കുകൂട്ടുന്നവരും ഏറെയാണ്.

 

നിലവില്‍ ശശി തരൂര്‍ മാത്രമാണ് മത്സരിക്കാനുള്ള സന്നദ്ധത പരസ്യമാക്കിയിട്ടുള്ളത്. ഈ മാസം 30-ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തിട്ടുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 30 ആണ്‌. മണിക്കൂറുകള്‍ മാത്രമാണ് ഇനി കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലുള്ളത്. അതിനുള്ളില്‍ പുതിയൊരാളെ കണ്ടെത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാകും.

LEAVE A REPLY

Please enter your comment!
Please enter your name here