ന്യൂഡല്‍ഹി : ഇന്തോ–പാക് സമഗ്ര സംഭാഷണപ്രക്രിയ തല്‍ക്കാലത്തേക്ക് മരവിപ്പിക്കപ്പെട്ടതായി ഇന്ത്യയിലെ പാക് സ്ഥാനപതി അബ്ദുള്‍ ബാസിത് ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെ നയതന്ത്രരംഗത്തെ മോഡിസര്‍ക്കാരിന്റെ പാളിച്ചകള്‍ ഒരിക്കല്‍ക്കൂടി വെളിപ്പെട്ടു. പത്താന്‍കോട്ട് ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്നാണ് പാകിസ്ഥാനില്‍നിന്നെത്തിയ പ്രത്യേകാന്വേഷണസംഘം വിലയിരുത്തിയതിനു പിന്നാലെയാണ് സമാധാന സംഭാഷണങ്ങള്‍ അനിശ്ചിതത്വത്തിലാണെന്ന് സ്ഥാനപതി പ്രഖ്യാപിച്ചത്. പത്താന്‍കോട്ട് അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യന്‍സംഘത്തിന് പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമോയെന്നത്  പറയാനാകില്ലെന്നും ബാസിത് വ്യക്തമാക്കി. ചുരുക്കത്തില്‍ പാക് സംഘത്തിന് വലിയ വരവേല്‍പ്പു നല്‍കിയ മോഡിസര്‍ക്കാര്‍ ഒരു നേട്ടവും കൊയ്യാനാകാതെ പ്രതിരോധത്തിലായി.

പ്രധാനമന്ത്രി കഴിഞ്ഞ ഡിസംബറില്‍ പാകിസ്ഥാനിലേക്ക് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്തോ–പാക് ബന്ധങ്ങള്‍ പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു. അഫ്ഗാനില്‍നിന്ന് മടങ്ങുംവഴി ഡിസംബര്‍ 25ന് ലാഹോറില്‍ അപ്രതീക്ഷിതമായി വിമാനം ഇറങ്ങിയ മോഡി നയതന്ത്ര വിദഗ്ധരെ ഞെട്ടിച്ചു. മോഡിയുടെ പാക് സന്ദര്‍ശനത്തിനു പിന്നാലെയാണ് പത്താന്‍കോട്ട് ആക്രമണം. ഇന്ത്യയും പാകിസ്ഥാനും നയതന്ത്ര തലത്തില്‍ അടുക്കുന്നതില്‍ താല്‍പ്പര്യമില്ലാത്ത സൈനിക നേതൃത്വത്തിന്റെ കുതന്ത്രങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് വിലയിരുത്തലുണ്ടായി. പാക് ഭീകരരാണ് ആക്രമണത്തിനു പിന്നില്ലെന്ന് ഇന്ത്യ ആരോപിച്ചെങ്കിലും പാകിസ്ഥാന്‍ നിരാകരിച്ചു. തുടര്‍ന്ന് പരസ്പരം ഖണ്ഡിച്ച് തെളിവുകള്‍ മുന്നോട്ടുവയ്ക്കുന്ന തിരക്കിലായി ഇരുരാജ്യങ്ങളും. തുടര്‍ന്നാണ് ഇരുരാജ്യത്തെയും അന്വേഷണസംഘങ്ങള്‍ പരസ്പരം സന്ദര്‍ശിച്ച് തെളിവു ശേഖരിച്ച് നിഗമനങ്ങളില്‍ എത്തട്ടെ എന്ന് തീരുമാനിച്ചത്.

തുടര്‍ന്ന്, ഐഎസ്ഐ പ്രതിനിധികളും മറ്റും ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘം പാകിസ്ഥാനില്‍നിന്നെത്തി. ഡല്‍ഹിയില്‍ എന്‍ഐഎ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ പാക് സംഘം പിന്നീട് പത്താന്‍കോട്ട് വ്യോമതാവളവും സന്ദര്‍ശിച്ചു. വിശദാംശങ്ങള്‍ ശേഖരിച്ച് മടങ്ങിയ പാക് സംഘം സ്വന്തം മണ്ണില്‍ കാലുകുത്തിയശേഷം കുന്തമുന പൂര്‍ണമായും ഇന്ത്യക്കു നേരെ തിരിച്ചു. പത്താന്‍കോട്ട് ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്ന സ്വന്തം നിഗമനം അവര്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി. ഇതേ ഘട്ടത്തില്‍ റോയുടെ ചാരനെന്ന് അവകാശപ്പെട്ട് കുല്‍ഭൂഷന്‍ ജാദവെന്ന ഇന്ത്യക്കാരനെ ബലൂച് പ്രവിശ്യയില്‍നിന്ന് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തു. ജാദവ് നാവികസേനാ ഉദ്യോഗസ്ഥനാണെന്നത് ഇന്ത്യക്ക് സ്ഥിരീകരിക്കേണ്ടിവന്നു. ഇയാള്‍ സ്വയംവിരമിച്ചുപോയെന്നും ഇപ്പോള്‍ സര്‍ക്കാരുമായി ബന്ധമില്ലെന്നും ഇന്ത്യ അറിയിച്ചു. എന്നാല്‍, യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ പാക് നിലപാടിനോടാണ് യോജിച്ചത്.

നയതന്ത്രതലത്തില്‍ തുടര്‍ച്ചയായ തിരിച്ചടികളാണ് മോഡിസര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത്. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി ഒരുകാലത്ത് പാശ്ചാത്യരാജ്യങ്ങള്‍പോലും കണ്ട പാകിസ്ഥാന്‍ മോഡിസര്‍ക്കാരിന്റെ പാളിച്ചകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നു.കശ്മീര്‍പ്രശ്നം വീണ്ടും സജീവമാക്കാനുള്ള പാക് ശ്രമങ്ങളും മോഡിസര്‍ക്കാരിന്റെ നിലപാടുകളാല്‍ വിജയത്തിലേക്കു നീങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here