ഫ്രാൻസിസ് തടത്തിൽ 


അധികാര കൈമാറ്റം നടപ്പിൽ വന്നതോടെ  ഫൊക്കാനയുടെ പുതിയ ഭരണസമിതി കർമ്മവേദിയിൽ സജീവമായി. പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ബാഹൃത്തായ പദ്ധതികൾ ആണ് ഭരണ സമിതി ആസൂത്രണം ചെയ്‍തിരിക്കുന്നത്. ഫൊക്കാനയുടെ. ചരിത്രത്തിലെ തന്നെ ആദ്യത്തെ വനിതാ ജനറൽ സെക്രട്ടറിയായ ഡോ.കല ഷഹിയും ട്രഷറർ ബിജു ജോൺ കൊട്ടാരക്കരയും പ്രസിഡണ്ട് ഡോ.ബാബു സ്റ്റീഫനോപ്പം വരും ദിവസങ്ങളിൽ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ നടപ്പിൽ വരുത്താനിരിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണ്.ഒറ്റക്കല്ല, കൂട്ടായ പരിശ്രമങ്ങളിലൂടെ ലക്‌ഷ്യം കൈവരിക്കുക എന്ന ആശയമാണ് ഡോ. ബാബു സ്റ്റീഫൻ മുന്നോട്ടു വയ്ക്കുന്നത്. എല്ലാ ഭാരവാഹികൾക്കും കൂട്ടായി (ടീം വർക്ക്) പ്രവർത്തിക്കാനുള്ള വേദിയൊരുക്കുന്നതിനൊപ്പം പല പദ്ധതികളിലും വിവിധ റോളുകളിൽ നേതൃത്വം വഹിക്കാനുള്ള അവസരവും എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾക്കും നൽകുന്നുണ്ട്.


എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വർഗീസ്, വൈസ് പ്രസിഡണ്ട് ചാക്കോ കുര്യൻ, അസോസിയേറ്റ് സെക്രെട്ടറി ജോയി ചാക്കപ്പൻ, അസോസിയേറ്റ് ട്രഷറർ ഡോ. മാത്യു വർഗീസ്, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോർജ് പണിക്കർ, അഡിഷണൽ അസോസിറ്റ് ട്രഷറർ സോണി അമ്പൂക്കൻ, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. ബ്രിജിത്ത് ജോർജ് തുടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങളും ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ, മറ്റു ബോർഡ് അംഗങ്ങൾ എല്ലാവരും തന്നെ വിവിധ പദ്ധതികൾ കോർഡിനേറ്റു ചെയ്തു വരികയാണ്.


ഫൊക്കാനയുടെ മുൻ നിരയിൽ നിന്നുകൊണ്ട് നയിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഇവരാണ്::

ഡോ. ബാബു സ്റ്റീഫൻ, പ്രസിഡണ്ട്, ഫൊക്കാന

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി വ്യവസായ പ്രമുഖരിൽ ഒരാൾ. രാജ്യ തലസ്ഥാനമായ വാഷിംഗ്‌ടൺ ഡി.സി. കേന്ദ്രീകരിച്ച് ഹെൽത്ത് കെയർ മേഖലയിലും റിയൽ എസ്റ്റേറ്റ് – കൺസ്ട്രക്ഷൻ മേഖലയിലും നാലു പതിറ്റാണ്ടുകളിലായി ബിസിനസ് നടത്തിവരുന്ന അദ്ദേഹത്തിന് നിരവധി നഴ്സിംഗ് ഹോമുകൾ,  ഹൈ റൈസ്ഡ് (ബഹുനില) കെട്ടിടങ്ങളും ഉണ്ട്. കൂടാതെ വൻകിട കെട്ടിടങ്ങളുടെ നിർമ്മാണ മേഖലയിലും പ്രവർത്തിക്കുന്നു. കൂടാതെ കേരളത്തിലും അദ്ദേഹത്തിനു നിരവധി സ്ഥാപനങ്ങളുണ്ട്. 


വാഷിംഗ്‌ടൺ ഡി.സി യിലെ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ- സന്നദ്ധ സംഘടനാ രംഗങ്ങളിൽ സജീവ സാന്നിധ്യമായ ഡോ. ബാബു സ്റ്റീഫന് മലയാളികൾക്കിടയിൽ മാത്രമല്ല ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അമേരിക്കൻ ഇന്ത്യക്കാരുമായും ഒരു വലിയ സുഹൃദ്‌വലയം തന്നെയുണ്ട്. ഇന്ത്യൻ കോൺസുലേറ്റുമായും എക്കാലവും അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ഡോ. ബാബു സ്റ്റീഫനുമായി സൗഹൃദം പങ്കു വയ്ക്കാത്ത അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർമാർ വിരളമായിരുന്നുവെന്ന് ഡോ. ബാബു സ്റ്റീഫന് അടുത്തയിടെ കേരളീയം എന്ന സാമൂഹിക സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത അമേരിക്കയിൽ ഇന്ത്യയുടെ അംബാസിഡർ ആയിരുന്ന ഡോ. ടി.പി. ശ്രീനിവാസൻ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നത് സാക്ഷ്യപ്പെടുത്തുന്നതാണ്.


കൂടാതെ വാഷിംഗ്‌ടൺ ഡി.സി.യിലെ പ്രാദേശിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായ അദ്ദേഹം ഡി.സി. മേയറുടെ സാമ്പത്തിക ഉപദേശകനും ഫൈനാൻസ് കമ്മിറ്റി അംഗവുമാണ്. അടുത്തയിടെ ഡി.സി. മേയറുടെ നേതൃത്വത്തിൽ നടത്തിയ ചൈന സന്ദർശനത്തിലെ സംഘത്തിൽ ഡോ.ബാബു സ്റ്റീഫനും അംഗമായിരുന്നു. കൂടതെ വൈറ്റ് ഹൗസുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഡോ. ബാബു സ്റ്റീഫന് ഇപ്പോഴത്തെ പ്രസിഡൻറ് ജോ ബൈഡൻ, വൈസ് പ്രസിഡണ്ട് കമല ഹാരിസ്,മറ്റു നിരവധി മുൻ പ്രസിഡണ്ടുമാരുമായും 

മുൻ വൈസ് പ്രസിഡണ്ടുമാരുമായും സെനറ്റർമാർ, കോൺഗ്രസ് മാൻമാർ, മറ്റ് രാഷ്ട്രീയ പ്രമുഖരുമായും അടുത്ത ബന്ധമുണ്ട്. 
ഉത്തരേന്ത്യൻ നേതാക്കളുമായുള്ള സൗഹൃദം വഴി അദ്ദേഹത്തിനു ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ പ്രമുഖരുമായും അടുത്ത ബന്ധമുണ്ട്. കൂടതെ കേരളത്തിൽ പ്രത്യേകിച്ച് ഇടതു മുന്നണിയിലെ നേതാക്കന്മാരുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ഡോ. ബാബു സ്റ്റീഫന് മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ ക്യാബിനെറ്റിലെ മറ്റ് നിരവധി മന്ത്രിമാർ, കേരള ഗവർണർ പ്രൊഫ. മുഹമ്മദ് ആരിഫ് ഖാൻ തുടങ്ങിയവരുമായും അടുത്ത സൗഹൃദമാണുള്ളത്. കഴിഞ്ഞമാസം ഗവർണർ ആരിഫ് ഖാൻ രാജ് ഭവനിൽ ഡോ.ബാബു സ്റ്റീഫന് വിരുന്നു നൽകി ആദരിച്ചിരുന്നു. ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്തുണ്ടായ മഹാപ്രളയത്തിൽ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ പ്രളയ സഹായ നിധിയിലേക്ക് ഡോ . ബാബു സ്റ്റീഫൻ സംഭാവന നൽകിയിരുന്നു. സ്റ്റീഫൻ ഫൗണ്ടേഷൻ എന്ന പേരിൽ അദ്ദേഹം ആരംഭിച്ച ചാരിറ്റബിൾ ട്രസ്റ്റ് വഴി നിരവധി നിർദ്ധനർക്കും ആലംബഹീനർക്കും അദ്ദേഹം സഹായ ഹസ്തമേകിയിട്ടുണ്ട്. 


ലോകം മുഴുവനും സൗഹൃദ വലയമുള്ള ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ 2024ൽ വാഷിംഗ്‌ടൺ ഡി.സി.യിൽ നടക്കുന്ന കൺവെൻഷൻ പങ്കാളിത്തം കൊണ്ട് ഇന്റർനാഷണൽ കൺവെൻഷനും  വി.ഐ.പി കളുടെ സാന്നിധ്യം കൊണ്ട് ഫൊക്കാനയുടെ ചരിത്രത്തിന്റെ തങ്ക ലിപികളാൽ എഴുതപ്പെടേണ്ട ഒന്നായിരിക്കുമെന്ന കാര്യം ഉറപ്പാണ്. കൂടതെഅടുത്ത രണ്ടു വർഷങ്ങളിൽ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്ന കാര്യങ്ങൾ നടപ്പിലായാൽ അതും ഫൊക്കാനയുടെ ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിക്കുന്ന ഭരണ നേട്ടമായി മാറും. ഒരു കാര്യം ഡോ. ബാബു സ്റ്റീഫൻ ഉറപ്പിച്ചു പറയുന്നു. ചെയ്യാൻ കഴിയുമെന്ന് ഉറപ്പുള്ള കാര്യങ്ങളെ പറയാറുള്ളൂ; അതുകൊണ്ട് പറയുന്ന കാര്യങ്ങൾ ഉറപ്പായും നടപ്പിലാക്കും. അദ്ദേഹത്തിന്റെ വാക്കുകളിലെ ദൃഢതയിൽ നിന്നുള്ള ആത്‌മവിശ്വാസത്തിലാണ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

ഡോ. കല ഷഹി, ജനറൽ സെക്രട്ടറി 

പേരു പോലെ തന്നെ കലയെ ഉപാസിച്ച ഒരു മികച്ച കലാകാരികൂടിയായ ഡോ. കല ഷഹി വാഷിംഗ്‌ടൺ ഡി.സി.യിലെ ഒരുപാടു കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുകയും നിരവധി നൃത്തവേദികളിൽ നിറസാന്നിധ്യമാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയിൽ ഫൊക്കാനയുടെ വിമൻസ് ഫോറം ചെയർപേഴ്സൺ എന്ന നിലയിൽ ഒർലാണ്ടോ കൺവെൻഷൻ ഉൾപ്പെടെ നിരവധി വേദികളിൽ കലാപരിപാടികൾ ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിനു നേതൃത്വം നൽകിയിട്ടുള്ള ഡോ. കല ഷഹി ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളിലെ കലാവേദികളിൽ നിറസാന്നിധ്യമാണ്. അമേരിക്കയിലെ അറിയപ്പെടുന്ന കലാകാരിയായ  ഡോ. കലാ ഷഹി  നര്‍ത്തകി, നൃത്താധ്യാപിക, ഡാൻസ് കൊറിയോഗ്രാഫർ, ഗായിക, സംഘാടക, സന്നദ്ധ പ്രവർത്തക തുടങ്ങിയ നിരവധി തലങ്ങളിൽ വാഷിംഗ്ടൺ ഡി.സി മേഖലയ്ക്കപ്പുറം അമേരിക്കയിലുടനീളം അറിയപ്പെടുന്നകലാകാരിയായി വളർന്നു. നിരവധി വേദികളിൽ പല വിധകലാരൂപങ്ങളിൽ  അരങ്ങിലും അരൊങ്ങൊരുക്കുന്നതിലും കഴിവ് തെളിയിച്ച കല  ഫൊക്കാന ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്ന പരിപാടികള്‍ക്ക് മാറ്റുകൂട്ടാന്‍ മുമ്പിൽ നിന്ന് നയിച്ചിട്ടുണ്ട്.

ഫൊക്കാന വിമെൻസ് ഫോറത്തിന്റെ അരങ്ങത്ത് നിന്നുകൊണ്ട് ശ്രദ്ധേയമായ ഒട്ടനവധി പരിപാടികൾ  വിഭാവനം ചെയ്‌തു അവ നടപ്പിൽ വരുത്തിയ കല വിമൻസ് ഫോറത്തിന്  ഒരു പുതിയ ദിശാബോധം തന്നെ നൽകി. സംഘടനകളുടെ സംഘടനയായ ഫൊക്കാനയ്ക്ക് പുതിയൊരു പ്രവർത്തന പത്ഥാവ് തുറന്ന കഴിഞ്ഞ ഭരണസമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ആയിരുന്ന കല ഷഹി  ഫൊക്കാനയ്ക്ക് അതിശക്തമായ വുമൺസ് ഫോറം ഉണ്ടെന്ന് തെളിയിച്ച വ്യക്തമായൊരു കാലം കൂടിയായിയിരുന്നു അത്.  
ഫൊക്കാന നടപ്പാക്കിയ നിരവധി പ്രവർത്തനങ്ങളിൽ  ചില പ്രവർത്തനങ്ങളുടെ ചുക്കാൻ വുമൺസ് ഫോറത്തിന് കൈമാറാൻ സംഘടനാ നേതൃത്വം തയ്യാറായി. ഏറ്റെടുത്ത പ്രവർത്തനങ്ങൾ ഏറ്റവും ഭംഗിയായി നിർവ്വഹിക്കാൻ കലയുടെ നേതൃത്വത്തിനു സാധിച്ചു. 

വിമൻസ് ഫോറം ചെയർപേഴ്സൺ ആയി ഡോ. കല ഷഹി ചുമതലയേറ്റശേഷം ഫൊക്കാന വിമൻസ് ഫോറത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങളാണ് നടപ്പിൽ വരുത്തിയത്. 160ൽപരം അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഫൊക്കാന വിമൻസ് ഫോറം നാഷണൽ കമ്മിറ്റി ഒരു മെഘാ കമ്മിറ്റിയായി വിപുലീകരിച്ചതാണ് മറ്റൊരു ചരിത്ര സംഭവം. വിവിധ റീജിയനുകളിൽ കമ്മിറ്റികൾ രൂപീകരിച്ചതിനു പുറമെ അന്താരാഷ്ട്ര തലത്തിൽ ഫൊക്കാന വിമൻസ് ഫോറത്തെ വളർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ വനിതാ  നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഫൊക്കാന ഇന്റർനാഷണൽ വിമൻസ് ഫോറവും രൂപീകരിച്ചു. ഫൊക്കാന വുമൺസ് ഫോറം അതിന്റെ പ്രവർത്തനം ഫൊക്കാനയുടെ പ്രവർത്തനോദ്ഘാടനത്തിനു മുൻപ് തന്നെ ആരംഭിച്ചിരുന്നുവെന്നതും ശ്രദ്ധേയമായ മറ്റൊരു പ്രത്യേകത കൂടിയാണ്. തിരുവനന്തപുരം കഴക്കൂട്ടത്ത് മജീഷ്യൻ ഗോപിനാഥ്  മുതുകാടിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ  100 കുട്ടികളുടെ ഉന്നമനത്തിനായി ആരംഭിച്ച മാജിക്ക് പ്ലാനറ്റിലെ കുട്ടികളുടെ നിർധനരായ നൂറ് അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി തയ്യൽ മെഷീനുകൾ നൽകുകയും അവർക്ക് ഇരുന്നു ജോലി ചെയ്യുന്നതിനുള്ള സെന്റർ പ്രവർത്തിക്കുന്നതിന് ആവശ്യമായ ധനസഹായം നൽകുകയും ചെയ്തു.  കരിസ്മ സെന്റർ എന്ന പേരിൽ ആരംഭിച്ച ഈ പദ്ധതിയുടെ മുഴുവൻ ചെലവും ഫൊക്കാന വിമൻസ് ഫോറം ഏറ്റെടുത്ത് നടത്തുകയായിരുന്നു. 

കലയെ ജീവിതത്തിൽ അത്രമേൽ പ്രണയിച്ച വനിതയാണ് പേരിനെപ്പോലെ തന്നെ കർമ്മമണ്ഡലമായ കലയെയും അന്യർത്ഥമാക്കിയ ഈ അപൂർവ കലാകാരിയായ ഡോ. കല എന്ന മനുഷ്യ സ്‌നേഹി. ജീവിതത്തിൽ പല പ്രതിസന്ധികളിലൂടെയും കടന്നുപോയ ഡോ. കല അവയെല്ലാം തന്റെ നിശയദാർഢ്യംകൊണ്ട് പൂച്ചെണ്ടുകളാക്കി മാറ്റി. കലയുടെ നേതൃത്വത്തിൽ രൂപം കൊണ്ട വിമൻസ് ഫോറത്തിന്  കേവലമായ ഒരു വനിതാ വേദി എന്നതിനപ്പുറം നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും സമൂഹത്തിന് ഗുണകരമായ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ സമൂഹത്തിന് മാതൃകയാവാനും കഴിഞ്ഞു. എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിച്ചും കല, സാംസ്‌കാരികം, ആരോഗ്യം, ചാരിറ്റി, ബിസിനസ്, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ വുമൺഫോറം പലവിധ പരിപാടികൾ സംഘടിപ്പിക്കാൻ ഈ കാലയളവിൽ സാധിച്ചുവെന്നതും മറ്റൊരു പ്രത്യേകതയാണ്. 

വാക്കിലും പ്രവർത്തിയിലും പൂർണമായും സത്യസന്ധത പുലർത്തുന്ന കല  സ്വന്തം പേരിനെപ്പോലെ തന്നെ സ്വന്തം ജീവിതത്തിലും കലയുടെ മൂർത്തീഭാവമാണ്.  ഒരു ഡോക്ടർ എന്ന നിലയിൽ തന്റെ കർത്തവ്യങ്ങൾ നൂറു ശതമാനം നിറവേറ്റുമ്പോഴും വിവിധ നൃത്തകലകളുടെ  പ്രോത്സാഹനത്തിനും അവതരണത്തിനും ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിയാണ്. ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് മെഡിസിൻ ബിരുദമെടുത്ത ഡോ.കല ഷഹി വാഷിംഗ്ടൺ ഡി.സി , മെരിലാൻഡ് മേഖലകളിൽ ഇന്റെർണൽ മെഡിസിനിൽ  രണ്ടു ക്ലിനിക്കുകൾ നടത്തി വരികയാണ് ഇപ്പോൾ. ഇതിനിടെ പബ്‌ളിക്ക് ഹെൽത്തിലും ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിലും  ഡോക്ടറേറ്റും കരസ്ഥമാക്കി. കോവിഡ് തുടങ്ങിയ കാലത്ത് രണ്ട് ക്ലിനിക്കുകളും നൂറുകണക്കിന് കോവിഡ് രോഗികളെ ചികിൽസിക്കാൻ രാത്രി വൈകി വരെ സമയം ചെലവഴിച്ച ഡോ. കലയ്ക്ക് കോവിഡ് വന്നു ദീർഘകാലം ചിൽകിത്സയിൽ കഴിയേണ്ടി വന്നു. ഇതിൽനിന്നുമെല്ലാം കല കരകയറിയത് കലയും ദൈവവും തമ്മിലുള്ള ഇഴപിരിഞ്ഞ ബന്ധംകൊണ്ട് മാത്രമാണെന്ന്  ഡോ. കല വിശ്വസിക്കുന്നു.  

ബിജു ജോൺ കൊട്ടാരക്കര , ട്രഷറർ 

യുവത്വത്തിന്റെ പ്രതീകമായ നേതാവാണ് ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രഷറർ ബിജു ജോൺ കൊട്ടരക്കര. യുകഴിഞ്ഞ ഭരണ സമിതിയിൽ അഡീഷണൽ അസോസിയേറ്റ്മാ ട്രഷറർ ആയിരുന്ന ബിജു ഇക്കുറി ഡബിൾ പ്രൊമോഷനോടെയാണ് ട്രഷറർ ആകുന്നത്. ന്യൂയോർക്ക് ലോങ്ങ് ഐലൻഡിലെ സാമൂഹ്യ പ്രവർത്തകനും സംഘാടകനുമായ ബിജു ഒരു മാധ്യമ പ്രവർത്തകൻ കൂടിയാണ്. 

കേരള ടൈംസ് ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഡെപ്യൂട്ടി എഡിറ്റർ ആയ ബിജു  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) യുടെ ന്യൂയോർക്ക് ചാപ്റ്റർ ജോയിന്റ് ട്രഷർ കൂടി ആണ്. ഫൊക്കാനയുടെ ത്രൈമാസികയായ ഫൊക്കാന ടുഡേയുടെ ചീഫ് എഡിറ്റർ, ഫൊക്കാനയുടെ ഒർലാണ്ടോ കൺവെൻഷൻ സ്മരണിക ” വിസ്മയ കിരണം” യുടെ എഡിറ്റർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവർത്തനത്തിൽ ഏറെ ചെറുപ്പത്തിൽ തന്നെ ആകൃഷ്ടനായി സ്കൂൾ കോളേജ് പഠന കാലത്തു കേരള സ്റ്റുഡന്റ്സ് യൂണിയനിൽ പ്രവർത്തനം തുടങ്ങിയ ബിജുവിനു  അതോടൊപ്പം തന്നെ സ്കൗട്ട്, നാഷണൽ കേഡറ്റ് കോർപ്സ്, തുടങ്ങിയ മേഖലകളിൽ ലഭിച്ച പരിശീലനം പൊതുജീവിതത്തിൽ സമൂഹത്തോടു നന്മചെയ്യാനുള്ള  പ്രതിബദ്ധത നന്നേ ചെറുപ്പത്തിൽ തന്നെ വളർന്നു രൂപപ്പെട്ടിരുന്നു. 


കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ  (കീൻ)  ഇപ്പോഴത്തെ ന്യൂസ് ലെറ്റർ ആൻഡ് പുബ്ലിക്കേഷൻസ് കോർഡിനേറ്റർ ആണ്. കീൻ ലോങ്ങ് ഐലൻഡ് റീജിയണൽ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻ കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ. സി ) ചാപ്റ്ററിന്റെ  ന്യൂ യോർക്ക് റീജിയൻ വൈസ് പ്രസിഡന്റ്, ഇന്ത്യൻ അമേരിക്കൽ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് ആൻഡ് ന്യൂയോർക്ക് റീജിയൻ പബ്ലിക് റിലേഷൻ കോർഡിനേറ്റർ എന്നീ ചുമതലകളും ഇപ്പോൾ നിർവഹിക്കുന്നുണ്ട്. പന്തളം എൻ എസ് എസ് പോളിടെക്‌നിക്കലിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞു ദുബായിൽ ഇക്കണോസ്റ്റോ മിഡിൽ ഈസ്റ്റിൽ സെയിൽസ് എഞ്ചിനീയർ ആയിരുന്ന ബിജു 2005-ൽ അമേരിക്കയിൽ കുടിയേറി. ദുബായിയിൽ ദീർഘകാലം വിവിധ കമ്പനികളിൽ എഞ്ചിനീയറിംഗ് മേഖലയിൽ ജോലി ചെയ്തിരുന്നു. അമേരിക്കയിൽ എത്തിയതിനു ശേഷം മെക്കാനിക്കൽ എഞ്ചിനീറിഗും മാനേജ്മെന്റിൽ എം ബി എ ബിരുദവും നേടി. കഴിഞ്ഞ പതിമൂന്നു കൊല്ലമായി ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു.

ഷാജി വർഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് 

ന്യൂജേഴ്‌സി: ഫൊക്കാന മുൻ ട്രഷറർ, നാഷണൽ കമ്മിറ്റി അംഗം, മുൻ കമ്മിറ്റിയിൽ ന്യൂജേഴ്‌സി റീജിയണൽ വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ സ്തുത്യർഹമായ സേവനം ചെയ്താണ് ഫൊക്കാനയുടെ  ഇപ്പോഴത്തെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയി ഷാജി വർഗീസ് ചുമതലയേൽക്കുന്നത്.   മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി ( മഞ്ച് ) സ്ഥാപക നേതാവും പ്രഥമ പ്രസിഡണ്ടും ഇപ്പോൾ ട്രസ്റ്റി ബോർഡ് ചെയമാനുമായ ഷാജി വർഗീസിന്റെ നേതൃത്വത്തിലാണ് മഞ്ച് എന്ന സംഘടന ന്യൂജേഴ്‌സിയിൽ രൂപീകരിക്കപ്പെടുന്നത്.  സംഘടന രൂപീകൃതമായ കാലം മുതൽ ന്യൂജേഴ്സിയിലെ സാമൂഹിക- സാംസ്‌കാരിക- ജീവകാരുണ്യ പ്രവർത്തന കർമ്മ മേഖലയിൽ പകരം വയ്ക്കാനില്ലാത്ത സംഘടനയായി വളർത്തിക്കൊണ്ടു വരുവാൻ ഷാജിയുടെ നേതൃത്വത്തിന് കഴിഞ്ഞു. 


സംഘടനാ തലത്തിലെന്നപോലെ സാമുദായിക രംഗത്തും വലിയ നേതൃത്വം വഹിക്കുന്നു. രണ്ടു മാസം മുൻപ് നടന്ന മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ്ങ് കമ്മിറ്റിയിൽ മികച്ച ഭൂരിപക്ഷം നേടിയാണ് അമേരിക്കയിൽ നിന്നുള്ള പ്രതിനിധിയായി ഷാജി തെരഞ്ഞെടുക്കപ്പെടുന്നത്.  കത്തോലിക്കാ ബാവ അടുത്തയിടെ അമേരിക്കയിൽ  നടത്തിയ അപ്പസ്തോലിക്ക് വിസിറ്റിൽ ഷാജിയുടെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായിരുന്നു. 

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിൽ കൗൺസിൽ മെമ്പർ ആയി 5 വർഷം  പ്രവർത്തിച്ച ശേഷമാണ് ഇപ്പോൾ മാനേജിങ്ങ് കമ്മിറ്റി അംഗമാകുന്നത്. സഭയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എം.ജി..സി.എസ.എമ്മിന്റെ സജീവ പ്രവർത്തകനായിരുന്നു. കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാരംഭിച്ച യൂണിയൻ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച ഊർജ്ജമാണ് അദ്ദേഹത്തെ ഒരു മികച്ച സംഘടനാ പ്രവർത്തകനാക്കി  മാറ്റിയത്.മെട്രോട്രെസ്‌ ഇൻഫ്രസ് സ്ട്രക്കച്ച്റിന്റെ മാർക്കറ്റിംഗ് മാനേങ്ങർ ആയിരുന്ന ഷാജി പിന്നീട് അക്കൗണ്ടന്റ് എക്സിക്യൂട്ടീവ് ആയി ഗൾഫിലേക്ക് തന്റെ പ്രവർത്തനമേഖല മാറ്റി. 1992ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം ഇപ്പോൾ ഒരു ഹെൽത്ത് കെയർ കമ്പനിയിൽ ഐ.ടിമാനേജർ  ആയി പ്രവർത്തിക്കുന്നു.

ചാക്കോ കുര്യൻ, വൈസ് പ്രസിഡണ്ട് 

ഇക്കഴിഞ്ഞ ജൂലൈ മാസം 7-മുതൽ 10 വരെ ഒർലാണ്ടോയിലെ വിസ്മയ നഗരമായ ഡിസ്‌നി വേൾഡിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടന്ന ഫൊക്കാന ഇന്റർനാഷണൽ ഫാമിലി കൺവെൻഷന് ചുക്കാൻ പിടിച്ചത് ഇപ്പോഴത്തെ വൈസ് പ്രസിഡണ്ട് ആയ ചാക്കോ കുര്യൻ ആണ്. കൺവെൻഷൻചെയർമാൻ എന്ന നിലയ്ക്ക് ചാക്കോ കുര്യന്റെ നേതൃത്വത്തിൽ ഒർലാണ്ടോ ഡിസ്‌നി വിസ്മയ നഗരിയിൽ തികച്ചും വിസ്മയകരമായ ഒരു കൺവെൻഷൻ തന്നെയായിരുന്നു നടത്തിയത്. ഒലാൻഡോ മലയാളി അസോസിയേഷ (ഓർമ്മ) ന്റെ അവിഭാജ്യഘടകമായ ചാക്കോ കുര്യൻ ഒർലാണ്ടോ മലയാളികൾക്കിടയിലെന്നല്ല, അമേരിക്കയിലെ മുഴുവൻ മലയാളികൾക്കും സുപരിചിതനാണ്.  നാട്ടിൽ കെ.എസ് ആർ.ടി.സി. യിൽ  കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടർ ആയി ജീവിതം ആരംഭിച്ച ചാക്കോ നാലു പതിറ്റാണ്ടു മുൻപ് അമേരിക്കയിലേക്ക് കുടിയേറിയത് ന്യൂയോർക്കിലേക്കായിരുന്നു. 

തൻറെ ജീവിതം തന്നെ വിജയഗാഥയായി രചിച്ച അപൂർവ്വം ചില വ്യക്തിത്വങ്ങളിൽ ഒരാളാണ് ചാക്കോ കുര്യൻ.  ചാക്കോച്ചൻ എന്ന് സുഹൃത്തുക്കൾ സ്നേഹപൂർവ്വം വിളിക്കുന്ന ചാക്കോ കുര്യന് പ്രവാസ ജീവിതം കരുപ്പിടിപ്പിക്കാൻ ജീവിതമെന്ന നാടകത്തിൽ വിവിധ വേഷങ്ങൾ കെട്ടേണ്ടി വന്നു. നല്ലൊരു ജോലി എന്ന സ്വപ്നം ആദ്യമായി പൂർത്തീകരിക്കപ്പെട്ടത് ന്യൂയോർക്ക് സിറ്റി  ട്രാഫിക് പോലീസ് ഓഫീസറുടെ റോളിലായിരുന്നു. 1979 മുതൽ 1982 വരെ നീണ്ടുനിന്ന ആ ജോലിക്കു ശേഷം ന്യൂയോർക്ക് എമർജൻസി മെഡിക്കൽ സർവീസിൽ (NYEMS)ൽ നാലു വർഷം എമർജൻസി മെഡിക്കൽ ടെക്നീഷൻ ആയി ജോലി ചെയ്തു. അന്ന് ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യക്കാരൻ  NYEMS ൽ ജോലി ചെയ്‌യുന്നത്‌.  ഇതിനിടെ നഴ്സിംഗ് പഠിച്ചു പാസ്സായി മെയിൽ നേഴ്സ് ആയി ജോലി ആരംഭിച്ചു. കൂടുതൽ ജോലി സുരക്ഷിതത്വം നോക്കിയായിരുന്നു നഴ്‌സിംഗിലേക്കുള്ള ചുവടുമാറ്റം.  ന്യൂയോർക്കിലെ സെയിന്റ് ജോസഫ് മേരി ഇമ്മാക്കുലേറ്റ് ഹോസ്പിറ്റലിൽ  നേഴ്സ് ആയി ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് 1994 ഇൽ  ഫ്ളോറിഡയിലേക്കു താമസം മാറ്റി. അവിടെ 19 വർഷം ലീസ്‌ബർഗ് റീജിയണൽ മെഡിക്കൽ സെന്ററിൽ ഓപ്പൺ ഹാർട്ട് സർജറി ഡിപ്പാർട്ടുമെൻറ്റിൽ നേഴ്സ് ആയി സേവനം ചെയ്ത ശേഷം 9  വർഷം മുൻപ് വിരമിച്ചു. 

ഇതിനിടെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബിസിനസ് ഗ്രൂപ്പ് പലയിടത്തായി ഗ്യാസ് സ്റ്റേഷനുകളും വിതരണ ശൃംഖലകളും ആരംഭിച്ചു. ഇപ്പോൾ റിയൽറ്റി രംഗത്തു മാത്രം കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയാണ് അദ്ദേഹം. ഫൊക്കാനയുടെ വിവിധ തലങ്ങളിൽ മൂന്നു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച മുതിര്‍ന്ന നേതാവായ ചാക്കോ കുര്യൻ  മുൻപ് ഫൊക്കാന ഓഡിറ്ററും നാഷണൽ കമ്മിറ്റി അംഗവും ആയിരുന്നു. 1999, 2008 വര്‍ഷങ്ങളില്‍ ഓര്‍മയുടെ പ്രസിഡന്റായിരുന്ന ചാക്കോ കുര്യന്‍ ഇപ്പോള്‍ അതിന്റെ അഡ്വൈസറി കമ്മിറ്റി അംഗമാണ്. ലോങ്ങ്  ഐലന്റ് കാത്തലിക്ക് അസോസിയേഷന്റെ 1993-1994 വര്‍ഷത്തെ ഡയറക്ടര്‍ ആയിരുന്നു.

 ജോയി ചാക്കപ്പൻ, അസ്സോസിയേറ്റ് സെക്രെട്ടറി 

ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ (കെ.സി.എഫ് ) പ്രതിനിധികരിച്ചാണ് ജോയി ചാക്കപ്പൻ ഫൊക്കാന അസോസിയേറ്റ് സെക്രെട്ടറിയായി  എത്തുന്നത്. കെ. സി.എഫിന്റെ പ്രസിഡണ്ട്, സെക്രെട്ടറി, ട്രഷറർ തുടങ്ങിയ നിരവധി പദവികൾ വഹിച്ചിട്ടുള്ള ചാക്കപ്പൻ ഒരു മികച്ച സംഘാടകനും സാമൂഹ്യപ്രവർത്തകനുമാണ്.

സീറോ മലബാർ സഭയുടെ ചിക്കാഗോ രൂപതയുടെ രൂപീകരണത്തിനു ശേഷം ആദ്യമായി നടന്ന  സഭയുടെ ചരിത്രത്തിൽ ഇടം പിടിച്ച സീറോ മലബാർ കാത്തലിക്ക് കൺവെൻഷനു പിന്നിൽ ചുക്കാൻ പിടിച്ചത് ചാക്കപ്പൻ എന്ന പേരിൽ പൊതുവെ അറിയപ്പെടുന്ന ജോയി ചക്കപ്പനാണ്. ന്യൂജേഴ്‌സിയിൽ വച്ചായിരുന്നു ചിക്കാഗോ രൂപത നിലവിൽ വന്ന ശേഷം  ആദ്യത്തെ കൺവെൻഷൻ നടന്നത്. കൺവെൻഷന്റെ ജനറൽ സെക്രെട്ടറിയായിരുന്ന ചാക്കപ്പന്റെ നേതൃത്വത്തിൽ കുറ്റമറ്റതായി രീതിയിൽ കൺവെൻഷൻ നടത്തി വിജയകരമാക്കിയതിന്റെ അനുഭവ സമ്പത്തുകൊണ്ടാണ് 2020ൽ ന്യൂജേഴ്‌സിയിൽ വച്ച്  നടക്കാനിരുന്ന ഫൊക്കാന കൺവെൻഷന്റെ ചെയർമാൻ പദവി ചാക്കപ്പനെ തേടിയെത്തിയത്. ന്യൂജേഴ്സിയിലെ കാസിനോ നഗരമായ അറ്റ്ലാന്റിക്ക് സിറ്റിയിലെ പഞ്ച നക്ഷത്ര റിസോർട്ടിൽ അതിവിപുലമായ പരിപാടികളോടെ നടത്താനിരുന്ന കൺവെൻഷൻ ആണ് മറ്റേതു പരിപാടികളേതെന്നപോലെ കോവിഡ് ഭീഷണിമൂലം വേണ്ടെന്നു വയ്‌ക്കേണ്ടി വന്നത്. ചാക്കപ്പന്റെ നേതൃത്വത്തിൽ ഒരു വർഷം മുൻപേ ആരംഭിച്ച ഒരുക്കങ്ങൾ ഏതാണ്ട് പാതി വഴി തീരും മുൻപ് ഉപേക്ഷിക്കേണ്ടി വന്നു. വാക്സീനുകൾ പോലും നിലവിലില്ലാത്ത സാഹചര്യമായതിനാലാണ് ആ മഹാമേള വേണ്ടെന്നു വച്ചു. ന്യൂജേഴ്സിയിലെ ബെർഗൻ ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാട്ടുകൂട്ടം എന്ന കലാ -സാംസ്കാരിക സംഘടനയുടെ സജീവ പ്രവർത്തകനായ ജോയി ചാക്കപ്പൻ നാട്ടുകൂട്ടം അവതരിപ്പിച്ചിട്ടുള്ള ഏതാനും നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. 

നോർത്തേൺ ന്യൂജേഴ്‌സിയിലെ ആദ്യത്തെ ഇടവകയായ (ഇപ്പോഴത്തെ പാറ്റേഴ്സൺ സെയിന്റ് ജോർജ് ചർച്ച്) ഗാർഫീൽഡ് മിഷൻ ആരംഭിക്കുന്നതിനായി അന്നത്തെ വികാരിയും  (ജോയി അച്ചൻ) ഇപ്പോഴത്തെ ചിക്കാഗോ രൂപത അധ്യക്ഷനുമായ  മാർ ജോയി ആലപ്പാട്ടിനൊപ്പം ചാക്കപ്പൻ സജീവമായി ഒപ്പമുണ്ടായിരുന്നു.  സീറോ മലബാർ സഭയുടെ ന്യൂജേഴ്സിയിലെ പ്രഥമ ഇടവകയായ പാറ്റേഴ്സൺ സെയിന്റ് ജോർജ് ഇടവകയുടെ സജീവ സാന്നിധ്യമായ ചാക്കപ്പൻ ഇടവക ട്രസ്റ്റി, സെക്രട്ടറി തുടങ്ങിയ പദവികൾ പല തവണ വഹിച്ചിട്ടുണ്ട്. പാറ്റേർസണിൽ സ്വന്തമായി പള്ളി വാങ്ങുന്നതിന് പിന്നിലും  ചാക്കപ്പൻറെ പരിശ്രമങ്ങൾ ഉണ്ടായിരുന്നു. നിലവിൽ സീറോ മലബാർ കാത്തലിക്ക് കോൺഫറൻസിന്റെ പാറ്റേഴ്സൺ ഇടവക സെക്രെട്ടറിയാണ് ജോയി ചാക്കപ്പൻ. 

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്‌റ്ററിന്റെ പ്രസിഡണ്ട് കൂടിയായ അദ്ദേഹം അമേരിക്കയിൽ എത്തും മുൻപ് കോളേജ് രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുകയും കെ.എസ്.യു.പ്രവർത്തകനെന്ന നിലയിൽ വിവിധ ഭാരവാഹിത്വങ്ങളും വഹിച്ചിരുന്നു. കൊരട്ടി സ്വദേശിയായ വളപ്പി -ചാക്കപ്പൻ മറിയം ദമ്പതികളുടെ 8 മക്കളിൽ  എട്ടാമനായ ജോയി ചാക്കപ്പൻ കാലടി ശ്രീശങ്കര കോളേജിൽ നിന്ന് ഫിസിക്സിൽ  ബി.എസ് .സി. ബിരുദമെടുത്തശേഷം 1984ൽ അമേരിക്കയിൽ കുടിയേറി. നാട്ടിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ അനുഭവസമ്പത്ത് കൈമുതലായുള്ള ചാക്കപ്പൻ കെ.സി.എഫിൽ  സജീവമായ പ്രവർത്തനമാരംഭിച്ചു. 

ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ

 അസോസിയേറ്റ് ട്രഷറർ ആയ ഡോ. മാത്യു വര്‍ഗീസ് (രാജന്‍) ഡിട്രോയിറ്റിലെ പ്രമുഖ സാമൂഹ്യ- സാംസ്കാരിക പ്രവര്‍ത്തകനും വെറ്ററിനറി മെഡിസിൻ പ്രാക്റ്റീഷനറും  ഫൊക്കാനയുടെ തലമുതിർന്ന നേതാവുമാണ്. കഴിഞ്ഞ ഭരണസമിതിയിൽ  അസോസിയേറ്റ് സെക്രെട്ടറി ആയിരുന്ന  ഡോ. മാത്യു ഫൊക്കാനയുടെ ഡെട്രോയിറ്റിൽ നിന്നുള്ള ഏറ്റവും സീനിയർ നേതാക്കന്മാരിലൊരാളാണ്. ഡിട്രോയിറ്റിലെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ. മാത്യു വര്‍ഗീസ് രണ്ടു തവണ ഫൊക്കാനയുടെ മുൻ അസോസിയേറ്റ് സെക്രെട്ടറി സ്ഥാനവും ഒരു തവണ  ട്രസ്റ്റി ബോർഡ് അംഗവുമായിരുന്നു. ഫൊക്കാനയിലെ പ്രത്യേകിച്ച് ഡെട്രോയിറ്റിലെ മലയാളികളുടെ ഇടയിൽ ഏറെ പ്രശസ്‌തനായ ഡോ. മാത്യു വർഗീസ്  ഡിട്രോയിറ്റിലെ  അമേരിക്കക്കാർക്കിടയിലും സുപരിചിതനാണ്. ഫൊക്കാനയിലെ ഏറ്റവും സീനിയർ നേതാക്കന്മാരിലൊരാളായ സൗമ്യ പ്രകൃതക്കാരനായ ഡോ. മാത്യു വര്ഗീസ് ഡെട്രോയിറ്റിലെ മലയാളികളുടെ ഏതു കാര്യങ്ങൾക്കും കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട്. 

ഡോ. മാത്യു വര്‍ഗീസ്  ഫൊക്കാനയുടെ സ്‌പെല്ലിംഗ് ബീ കോമ്പറ്റീഷന്റെ  തുടർച്ചയായി മൂന്നു  തവണ ദേശീയ കോര്‍ഡിനേറ്ററായിരുന്നു.  ഇപ്പോൾ ഡിട്രോയിറ്റ് കേരള ക്ലബ്ബ് ബോർഡ് ഓഫ് ട്രസ്റ്റി വൈസ് ചെയർമാൻ ആണ്. ഫൊക്കാനയുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപു തന്നെ ഫൊക്കാനയുടെ സജീവ പ്രവർത്തകനായി രംഗത്ത് വന്നിട്ടുള്ള ഡോ മാത്യു വർഗീസ് എല്ലാ ഫൊക്കാന കൺവെൻഷനുകളുടെ നടത്തിപ്പിനായി സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. ഓർത്തഡോക്സ് സഭ അമേരിക്കന്‍ ഡയോസിസുകളുടെ മുന്‍ കൗണ്‍സില്‍ അംഗം, ഡിട്രോയിറ്റ് കേരള ക്ലബ് പ്രസിഡന്റ്, ഡിട്രോയിറ്റ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെക്രട്ടറി, ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കമ്മിറ്റി സെക്രട്ടറി, ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ അഡ്‌ഹോക്ക് കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ വെറ്ററിനറി കോളജില്‍ നിന്ന് വെറ്ററിനറി സയന്‍സില്‍ ബിരുദം നേടിയ ശേഷം 1978-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കയിലെ അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വെറ്ററിനറി മെഡിക്കല്‍ ഓഫീസറായി 15 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം കഴിഞ്ഞ 21 വര്‍ഷക്കാലമായി മിഷിഗണില്‍ സ്വന്തമായി വെറ്ററിനറി പ്രാക്ടീസ് നടത്തി വരുന്നു.

ജോർജ് പണിക്കർ, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി

 അഡിഷണൽ അസോസിയേറ്റ് ട്രഷറർ ആയ ചിക്കാഗോയിൽ നിന്നുള്ള പ്രമുഖ സീനിയർ നേതാവ് ജോർജ് പണിക്കർ  ഇല്ലിനോയി മലയാളി അസോസിയേഷന്റെ മുൻ പ്രസിഡണ്ട് കൂടിയാണ്.  ചിക്കാഗോ മലയാളികൾക്കിടയിൽ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ അറിയപ്പെടുന്ന നേതാവാണ്  ജോർജ് പണിക്കർ. ഫൊക്കാനയുടെ മുൻ നാഷണൽ കമ്മിറ്റി അംഗം കൂടിയായ ജോർജ് പണിക്കർ മികച്ച സംഘാടകനെന്നതിലുപരി ദേശീയ തലത്തിലുള്ള ട്രേഡ് യൂണിയൻ നേതാവുകൂടിയാണ്. 1998 മുതൽ 2007 വരെ തുടർച്ചയായി 9 വർഷം അമേരിക്കൻ പോസ്റ്റൽ വർക്കേഴ്സ് യൂണിയന്റെ പ്രഥമ ഇന്ത്യൻ വംശജനായ യൂണിയൻ സ്റ്റ്യൂവാർഡ് ( യുണിയൻ പ്രതിനിധി) ആയിരുന്ന ജോർജ് പണിക്കർ യൂ എസ് പോസ്റ്റൽ സർവീസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സംഘടനയായ ഇന്ത്യൻ പോസ്റ്റൽ എംപ്ലോയീസ് അസോസിഷൻ പ്രസിഡണ്ട്, മലയാളികളായ ഫെഡർ ഗവർമെന്റ് ജീവനക്കാരുടെ സംഘടനയായ ഫെഡറൽ എംപ്ലോയീസ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. ഇല്ലിനോയി ഗവർണർ പാറ്റ് ക്യുനിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ക്ഷണിക്കപ്പെട്ട രണ്ടു മലയാളികളിൽ ഒരാളായിരുന്നു ജോർജ് പണിക്കർ. കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ ജോർജ് 37 വർഷമായി അമേരിക്കയിലെത്തിയിട്ട്. യൂ. എസ്. പോസ്റ്റൽ സർവീസിൽ നിന്നു വിരമിച്ച ശേഷം സജീവ സംഘടനാ – രാഷ്ട്രീയ പ്രവർത്തനവും സാമുദായിക സേവനങ്ങളും നടത്തിവരികയാണ്. 

കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിലും സോഷ്യോയോളജിയിലും ബിരുദാനന്തര ബിരുദം നേടിയ ശേഷം ബാംഗ്ലൂർ സഞ്ജയ് ഗാന്ധി മെമ്മോറിയൽ കോളേജിൽ ലെക്ച്ചറർ ആയി സേവനം ചെയ്തുകൊണ്ടിരിക്കെയാണ് 1985ൽ അമേരിക്കയിലേക്ക് കുടിയേറുന്നത്. കുണ്ടറ സൈന്റ്റ് തോമസ് ഓര്ത്തഡോക്സ്  വലിയ പള്ളി യൂത്ത് ലീഗ് സെക്രെട്ടറിയായിരുന്ന അദ്ദേഹം 1970 കളുടെ അവസാനം കൊല്ലം ഫാത്തിമ മാതാ കോളേജ് വിദ്യാർത്ഥിയായിരിക്കെ, അവിടെ മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ക്രിസ്റ്റിയൻ സ്റ്റുഡന്റ് മൂവ്മെന്റ് (MGOCSM) യൂണിറ്റ് സ്ഥാപിച്ചു. 

അമേരിക്കയിൽ എത്തിയ ശേഷവും സഭ കാര്യങ്ങളിൽ ഇടപെടലുകൾ കൂടുതൽ സജീവമായി. 2007 മുതൽ 2012 വരെ മലങ്കര ഓർത്തഡോക്സ് സഭയുടെ ഡയോസീഷൻ കൗൺസിൽ അംഗം, 2007  മുതൽ 2017 വരെ മലങ്കര അസോസിയേഷൻ അംഗം  എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു.  ഇല്ലിനോയി എൽമസ്റ്റ് സെയിന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായ ജോർജ് പണിക്കർ പള്ളിയുടെ സെക്രെട്ടറിയായും മാനേജിങ്ങ് കമ്മിറ്റി അംഗമായും നിരവധി വർഷങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. ചിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ (CEC)മെമ്പർ എന്ന നിലയിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ജോർജ് പണിക്കർ CECയുടെ രജത ജൂബിലി ആഘോഷകമ്മിറ്റിയുടെ ജനറൽ കൺവീനർ ആയിരുന്നു.  2001-2002,  2018 -2020 എന്നീ കാലഘട്ടങ്ങളിൽ  ഇല്ലിനോയി മലയാളി അസോസിഷ(ഐ.എം.എ)ന്റെ പ്രസിഡണ്ട് പദവി അലങ്കരിച്ച ജോർജ് പണിക്കർ ഐ.എം.എയുടെ  സീനിയർ വൈസ് പ്രസിഡണ്ട്, സെക്രെട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് -യു.എസ്.എ യുടെ ചിക്കാഗോ മേഖല പ്രഥമ വൈസ് പ്രസിഡണ്ട് കൂടിയാണ്.  ചിക്കാഗോയിലെ അറിയപ്പെടുന്ന ഒരു പ്രൊഫഷണൽ ഗായകൻ കൂടിയായ ജോർജ് നിരവധി വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. 

സോണി അമ്പൂക്കൻ, അഡിഷണൽ അസോസിയേറ്റ് ട്രഷറർ 

അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറിയായി സോണി അമ്പൂക്കൻ കണക്ടിക്കറ്റിലെ കേരള അസോസിയേഷൻ ഓഫ് കണക്ടിക്കറ്റിന്റെ(കെ.എ. സിടി )  ഭാഗമാണ്.  ഫൊക്കാനയുടെകഴിഞ്ഞ കമ്മിറ്റിയിൽ നാഷണൽ കമ്മിറ്റി അംഗമായിരുന്ന സോണി അമ്പൂക്കൻ ഫൊക്കാന മലയാളം അക്കാഡമിയുടെ കമ്മിറ്റി അംഗവും  ‘അക്ഷര ജ്വാല’ എന്ന പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരിൽ ഒരാളുമായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് – ബോബി മലയാളം ഫൗണ്ടേഷൻ മലയാളം എന്റെ മലയാളം പദ്ധതിയുടെ പ്രചരണത്തിൽ  ഫൊക്കാനയെ  ഒന്നാം സ്ഥാനത്തെത്തിച്ചതിന് ലയാളം എന്റെ മലയാളം പദ്ധതിയുടെ ഫൊക്കാനയുടെ  കോർഡിനേറ്റർ ആയ സോണി അമ്പൂക്കന് മികച്ച ഏകോപനത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.


തൃശൂരിലെ പ്രശസ്തമായ അമ്പൂക്കൻ കുടുംബാംഗമായ സോണി മാളക്കടുത്ത് പുത്തൻചിറ സ്വദേശിയാണ്. പിതാവ് കെ.വി. തോമസ് ഓറിയന്റൽ ഇൻഷുറൻസിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ആനി വീട്ടമ്മ കുറച്ചുകാലം അധ്യാപികയായും സേവനം ചെയ്തിട്ടുണ്ട്. തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബി.ടെക് ബിരുദം നേടിയ സോണി എൻ.ഐ.ടി. സൂററ്റ്‌കലിൽ നിന്നും എം ടെക്ക് ബിരുദാന്തര ബിരുദം നേടിയ ശേഷം  കാമ്പസ് ഇന്റർവ്യൂവിലൂടെ  ടി.സി.എസ് എന്ന കമ്പനി വഴി അമേരിക്കയിൽ എത്തിയ സോണി വിവിധ റോളുകളിലായി വിവിധ നഗരങ്ങളിൽ ഐ.ടി. മാനേജ്‌മെന്റ് – ലീഡർഷിപ്പ് തലങ്ങളിൽ ദീർഘകാലമായി തിളങ്ങി വരുന്ന മികച്ച ഐ.ടി. പ്രൊഫെഷണൽ ആണ്. സീയാറ്റിനിലായിരുന്നു പ്രൊഫഷണൽ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ന്യൂയോർക്ക്, ന്യൂജേഴ്‌സി തുടങ്ങിയ നഗരങ്ങളിലും പ്രവർത്തിച്ച ശേഷം 2008 മുതൽ കണക്കറ്റിൽ സ്ഥിരതാമസമാക്കി. ഇതിനിടെ   യൂണിവേഴ്സിറ്റി ഓഫ് ഹാർട്ട്ഫോഡിൽ നിന്ന് എം.ബി. എ, എം.ഐ. ടി. സ്ലോൺ മാനേജ്‌മെന്റിൽ നിന്ന് എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ എന്നീ ഉന്നത ബിരുദങ്ങളും  കരസ്ഥമാക്കി. കേരള അസോസിയേഷൻ ഓഫ് കണെക്ടിക്റ്റ് (കെ. എ. സി.ടി) യുടെ 2018-2020 കലയളവിലെ ഭരണസമിതിയിൽ പ്രസിഡണ്ട് ആയിരുന്നു അദ്ദേഹം. ഇംഗ്ലീഷിലും മലയാളത്തിലും മികച്ച പ്രാസംഗികൻ കൂടിയായ സോണി അമ്പൂക്കൻ ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്റ്റ് 51 ന്റെ  ഗവർണർ പദവിയും നിർവഹിച്ചിരുന്നു. ഹാർട്ട് ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ ലൈഫ് സ്പീഡ് ക്ലബ് പ്രസിഡണ്ട് ആയും സേവനം അനുഷ്ഠിച്ചിരുന്നു.

ഡോ. ബ്രിജിത്ത് ജോർജ്, വിമൻസ് ഫോറം ചെയർപേഴ്സൺ 

ഡോ. കല ഷാഹിയുടെ പിൻഗാമിയായി വിമൻസ് ഫോറത്തിന്റെ  അമരത്ത്  സ്ഥാനമുറപ്പിച്ച മറ്റൊരു ഡോക്ടർ ആൺ ഡോ. ബ്രിജിത്ത് ജോർജ്. മികച്ച പ്രസംഗിക, ടി.വി. അവതാരിക, പ്രോഗ്രാം അവതാരിക, സംഘടനാ പ്രവർത്തക, ഗായിക, മത-സാംസ്‌കാരിക പ്രവർത്തക, ആതുരസേവന സംഘടനാ പ്രവർത്തക തുടങ്ങി നിരവധിയായ മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് 

ചിക്കാഗോയിൽ നിന്നുള്ള പ്രമുഖ വനിതാ സംഘടനാ നേതാവും ഫിസിയോ തെറാപ്പിയിൽ ഡോക്ടറുമായ ഡോ. ബ്രിജിറ്റ് ജോർജ്. കഴിഞ്ഞ ഭരണസമിതിരുടെ കാലത്ത് ഫൊക്കാന വിമൻസ് ഫോറത്തിന്റെ മിഡ് വെസ്റ്റ് റീജിയണൽ കോർഡിനേറ്റർ ആയിരുന്നു  ഡോ. ബ്രിജിത്ത്. വിമൻസ് ഫോറം ഇത് വരെ നടത്തിയ മിക്കവാറുമുള്ള എല്ലാ പരിപാടികളിലും സജീവ സാന്നിധ്യം ആറിയിച്ചിട്ടുള്ള വ്യകതി കൂടിയാണ് ഇവർ. മാത്രമല്ല, ഡോ.കല ഷാഹിയെക്കൂടാതെ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ രണ്ടാമത്തെ വനിതയെന്ന പ്രത്യേകതയുമുണ്ട്.  ചിക്കാഗോ മലയാളി അസോസിയേഷന്റെ (സി.എം.എ) മുഖ്യധാരയിൽ പ്രവർത്തിക്കുന്ന വനിതാ നേതാവായ ഡോ. ബ്രിജിത്ത് 2010-2012, 2012-2014 കാലയളവുകളിൽ സി.എം.എയുടെ ബോർഡ് മെമ്പർ ആയി പ്രവർത്തിച്ചു. ഇതേ കാലയളവിൽ സി.എം.എ യുടെ വിമൻസ് ഫോറം കോർഡിനേറ്റർ ആയും പ്രവർത്തിച്ച അവർ 2011 ൽ സി.എം.എ യുടെ യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്റർ ആയും പ്രവർത്തിച്ചിരുന്നു. 

സി. എം.എ യിലൂടെ ഫൊക്കാനയുടെ പ്രവർത്തങ്ങളിൽ സജീവമായിരുന്ന ഡോ. ബ്രിജിത്ത് ഫൊക്കാനയുടെ മിക്കവാറുമുള്ള എല്ലാ കൺവെൻഷനുകളുടെയും കല-സാംസ്‌കാരിക വേദികളിൽ സജീവ സാന്നിധ്യമായിരുന്നു. 2012ൽ  ചിക്കാഗോയിൽ വച്ച് നടന്ന ഫൊക്കാന കൺവെൻഷനിൽ മലയാളി മങ്കയായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫൊക്കാന ഒർലാണ്ടോ കൺവെൻഷൻ കൾച്ചറൽ കോർഡിനേറ്റർ, മലയാളി മങ്ക കോർഡിനേറ്റർ എന്നീ ഉത്തരവാദിത്വങ്ങളും ഡോ. ബ്രിജിത്തിൽ ഭരമേല്പിച്ചിട്ടുണ്ട്.  2010-2012 കാലയളവിൽ ഫൊക്കാനയുടെ മിഡ് വെസ്റ്റ് റീജിയണൽ ജോയിന്റ് സെക്രെട്ടറിയായിരുന്ന ഡോ. ബ്രിജിത്ത് ഫൊക്കാനയുടെ വിവിധ  കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗമായിരുന്നു. 2011ൽ രൂപീകരിക്കപ്പെട്ട അസോസിയേഷൻ ഓഫ് റീഹാബിലിറ്റേഷൻ പ്രൊഫഷണൽസ് ഓഫ് കേരള ഒറിജിൻ (ARPKO) എന്ന സംഘടനയുടെ സ്ഥാപക നേതാവും സെക്രെട്ടറിയുമായി ചുമതലയേറ്റ ഡോ. ബ്രിജിത്ത് 2016-2018 കാലയളവിൽ ആ സംഘടനയുടെ പ്രസിഡണ്ടു സ്ഥാനവും ആലങ്കരിച്ചു. 2016-2018 കാലഘട്ടത്തിൽ ചിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിന്റെ പാരിഷ് കൗൺസിൽ മെമ്പറും പബ്ലിക്ക് റിലേഷൻ ഓഫീസറുമായിരുന്നു. ഏഷ്യാനെറ്റിന്റെ യു.എസ്.എ റൗണ്ട് അപ്പ് പ്രോഗ്രാമിൽ അവർ ഗസ്റ്റ് എന്ന വിഭാഗത്തിൽ അവതരികയായി പ്രവർത്തിച്ചിട്ടുള്ള ഡോ ബ്രിജിത്ത് ഇപ്പോൾ കൈരളി ടി.വി. യു.എസ്.എ യുടെ ഭാഗമായി പ്രവർത്തിക്കുന്നു. കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ബെർഗ് മാൻ- മേരിയമ്മ ദമ്പതികളുടെ മകളായി പിറന്ന ബ്രിജിത്ത് 1998ൽ കോയമ്പത്തൂർ ശ്രീരാമകൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൽ നിന്ന് ഫിസിക്കൽ തെറാപ്പിയിൽ ബിരുദം നേടിയ ശേഷം അതേ വർഷം അമേരിക്കയിൽ കുടിയേറി.  2015ൽ ന്യൂയോർക്കിലെ യുറ്റിക യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടർ ഓഫ് ഫിസിക്കൽ തെറാപ്പി (ഡി.പി.ടി)യും കരസ്ഥമാക്കി.  ഹെൽത്ത് പ്രൊ റീഹാബിലിറ്റേഷനിൽ ഫിസിക്കൽ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു.

സജി എം. പോത്തൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ 

 സ്ഥാനമാനങ്ങൾക്കതീതമായി കഴിഞ്ഞ 20 വർഷമായി ഫൊക്കാനയുടെ സജീവ പ്രവർത്തകനായി എല്ലാ കാര്യങ്ങളിലും അൽമാർത്ഥമായി പ്രവർത്തിച്ചു വരുന്ന സജി എം. പോത്തന്റെ കൈകളിൽ ഭരണഘടനയുടെ സംരക്ഷണത്തിന് നിർണായക സ്ഥാനമായ ട്രസ്റ്റി ബോർഡ് ചെയർമാൻ സ്ഥാനം ഏറെ സുരക്ഷിതമാണ്. കഴിഞ്ഞതവണ നാഷണൽ കമ്മിറ്റി അംഗമായിരുന്ന സജി എം. പോത്തൻ ഫൊക്കാനയിൽ അതിനു മുൻപു കാര്യമായ സ്ഥാനമാനങ്ങളൊന്നും തന്നെ വഹിച്ചിരുന്നില്ല. എങ്കിലും ഫൊക്കാനയുടെ കൺവെൻഷനുകൾ ഉൾപ്പെടെ എല്ലാ പ്രവർത്തങ്ങളിലും മുന്നിൽ നിന്ന് പ്രവർത്തിച്ചിട്ടുള്ള ഫൊക്കാനയെ അൽമാർത്ഥമായി സ്നേഹിക്കുന്ന ഈ യുവ നേതാവ് ഫൊക്കാനയുടെ തകർച്ചയ്ക്ക് കാരണമാകുന്ന പ്രവൃത്തികൾ ആരുതന്നെ ചെയ്‌താലും അതിനെ ചെറുത് തോൽപ്പിക്കാൻ മുൻ നിരയിൽ നിൽക്കുന്ന പോരാളിയാണ്. സത്യസന്ധതയ്ക്ക് ഒരു പര്യായമുണ്ടെങ്കിൽ അതിന് സജി എം.പോത്തൻ എന്ന് പേര് അന്യര്ത്ഥമാകില്ല.ഫൊക്കാനയുടെ ന്യൂയോർക്കിൽ നിന്നുള്ള മികച്ച സംഘാടകരിൽ ഒരാളായ സജി ചെയ്യുന്ന കാര്യങ്ങൾ നൂറു ശതമാനം അൽമാർത്ഥതയോടെ ചെയ്യുന്ന ഒരു നേതാവാണ്.


  കഴിഞ്ഞ രണ്ടു വര്ഷമായി ഹഡ്‌സണ്‍ വാലി അസോസിയേഷന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്ന സജി കഴിഞ്ഞ 15 വര്‍ഷമായി ഈ സംഘടനയില്‍ സജീവ പ്രവര്‍ത്തകനാണ്. റോക് ലാന്‍ഡിലേക്കു താമസം മാറുന്നതിനു മുന്‍പ് ന്യൂജേഴ്‌സിയിലെ ബെര്‍ഗെന്‍ ഫീല്‍ഡില്‍ ആയിരുന്നപ്പോള്‍ കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ആരംഭം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു. കഴിഞ്ഞ ഫൊക്കാന കണ്‍വെന്‍ഷന്റെ ബാങ്ക്വ്റ്റ് കമ്മിറ്റി കോര്‍ഡിനേറ്ററും ആയിരുന്നു.   

ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ നാല് കൗണ്‍സില്‍മാരില്‍ ഒരാളായ സജി പോത്തന്‍ ഡയോസിസിന്റെ ഫാമിലി കോണ്ഫറന്‌സുകളുടെ വിവിധ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.സഭയുടെ കോളേജ് യൂത്ത് വിഭാഗമായ മാര്‍ ഗ്രീഗോറിയോസ് ക്രിസ്ത്യന്‍ സ്റ്റുഡന്റസ് മൂവ്‌മെന്റിന്റെ (എം.ജി.സി.എസ്.എം.) അലുമ്നി അസോസിയേഷന്‍ സ്ഥാപകരില്‍ ഒരാളാണ്.റോക്ക്ലാന്റ കൗണ്ടിയിലെ 11 ക്രിസ്ത്യന്‍ പള്ളികളുടെ സംയുക്ത സംഘടനയായ എക്യുമിനിക്കല്‍ ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ റോക്ലാന്‍ഡ് സജീവ പ്രവര്‍ത്തകന്‍ കൂടിയ സജി ഇ. പോത്തന്‍ ഈ സംഘടന വിജയകരമായി നടത്തിവരുന്ന രക്തദാന ക്യാമ്പുകളുടെ സ്ഥാപക സെക്രട്ടറികൂടിയാണ്  

2 COMMENTS

  1. ലോകമലയാളികൾക്കിടയിൽ പ്രവർത്തനംകൊണ്ടും പ്രശസ്തികൊണ്ടും ഒന്നാംസ്ഥാനത്തുനിൽക്കുന്ന ഫൊക്കാനയ്ക്ക് തുടർന്നുള്ള എല്ലാപ്രവർത്തനങ്ങൾക്കും ആശംസകൾ നേരുന്നു

  2. തലക്കെട്ടു കൊള്ളാം! അധികാരം ഏറ്റുവാങ്ങി! രാജ്യവ്യാപകമായ ഒരു സാമൂഹിക സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുകയെന്നത് ഒരു ചുമതലയാണ്. ഈ പത്രവാർത്ത എഴുതിയ ആൾ കുറച്ചു എളിമയോടെ എഴുതേണ്ടതായിരുന്നു. രാജ്യാധികാരം ഏറ്റെടുക്കുന്ന പോലെ പ്രസാധനം ചെയ്യരുത്. അറിവുള്ള വായനക്കാർ ridicule ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here