അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തിലിന് ആദരാഞ്ജലിയര്‍പ്പിച്ച് കേരളാടൈംസ് എംഡി പോള്‍ കറുകപ്പിള്ളില്‍. മരണ വിവരമറിഞ്ഞയുടന്‍ തന്നെ ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ഫ്രാന്‍സിസ് തടത്തിലുമായി ദീര്‍ഘകാലമായുള്ള സഹോദരതുല്യമായ ബന്ധമാണ് തനിക്കുള്ളതെന്ന് പോള്‍ കറുകപ്പിള്ളില്‍ അനുസ്മരിച്ചു.

ഫ്രാന്‍സിസ് തടത്തിലിന്റെ വേര്‍പാട് നികത്താനാകാത്ത നഷ്ടമാണെന്നും ആ വിയോഗത്തില്‍ തകര്‍ന്നുപോയ കുടുംബാംഗങ്ങള്‍ക്ക് എല്ലാവിധ സഹായവുമായി കൂടെ നില്‍ക്കുമെന്നും പോള്‍ കറുകപ്പിള്ളില്‍ പറഞ്ഞു. ഫ്രാന്‍സിസിന്റെ മരണത്തിലൂടെ പ്രഗത്ഭനായ ഒരു മാധ്യമപ്രവര്‍ത്തകനെയാണ് അമേരിക്കന്‍ മലയാളികള്‍ക്കും മാധ്യമലോകത്തിനും നഷ്ടമായത്.

രോഗം ശരീരത്തെ തകര്‍ത്തു താറുമാറാക്കിയപ്പോഴും മനസുപതറാതെ ധീരമായ പോരാട്ടത്തിലൂടെ രക്താര്‍ബുദത്തെയും കീഴടക്കിയാണ് ഫ്രാന്‍സിസ് എഴുത്തിന്റെ ലോകത്ത് സജീവമായിരുന്നത്. രോഗാവസ്ഥയില്‍ അദ്ദേഹത്തെ മരണത്തെ മുഖാമുഖം കണ്ടതു ഒമ്പത് തവണയായിരുന്നു. ദൈവാനുഗ്രഹവും മനോധൈര്യവുമാണ് അപ്പോഴെല്ലാം തിരിച്ചുവരവിന് കാരണമായതെന്ന് അദ്ദേഹം തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

ബുധനാഴ്ച രാവിലെയാണ് ഫ്രാന്‍സിസ് തടത്തില്‍ മരണപ്പെട്ടത്. ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. സംസ്‌കാരം ഒക്ടോബര്‍ 22 ശനിയാഴ്ച നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here