ജോസ് കണിയാലി

മിസ്സൂറി സിറ്റി മേയറായി വീണ്ടും റോബിന്‍ ഇലക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. യോലാന്‍ഡാ ഫോര്‍ഡിനെയാണ് റോബിന്‍ ഇലക്കാട്ട് പരാജയപ്പെടുത്തിയത്. മിസ്സൂറി സിറ്റിക്ക് മേയര്‍ തെരഞ്ഞെടുപ്പാണെങ്കിലും അമേരിക്കന്‍ മലയാളി സമൂഹത്തിന് ഇത് മേജര്‍ തെരഞ്ഞെടുപ്പായിരുന്നു. സെപ്റ്റംബര്‍ 29 ന് ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി ഹാളില്‍ റോബിന്‍ ഇലക്കാട്ടിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക കിക്കോഫ് തുടങ്ങിയത് മുതല്‍ മിസ്സൂറി സിറ്റി തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു .ഒരു നഗരത്തിന്റെ വികസനത്തിനൊപ്പം ആത്മവിശ്വാസത്തോടെ മുന്നേറുകയായിരുന്നു നമ്മുടെ പ്രിയപ്പെട്ട മേയര്‍ റോബിന്‍ ഇലക്കാട്ട്.

കേരളത്തിന്റെ മണ്ണില്‍ നിന്നും പഠിച്ച രാഷ്ട്രീയപാഠമാണ് അദ്ദേഹം മിസ്സൂറിയിലും പരീക്ഷിച്ചത് . കേരളത്തിലെ എം.പിമാരും എം എല്‍. എ മാരും ജനങ്ങളോട് അടുത്തു നില്‍ക്കുന്നതുപോലെ ഒരു സംവിധാനം അമേരിക്കയില്‍ ഇല്ല. എന്നാല്‍ റോബിന്‍ ഇലക്കാട്ട് തന്റെ പ്രചാരണത്തിന് നാട്ടിലെ രീതി കൊണ്ടുവന്നത് അമേരിക്കന്‍ ജനതയ്ക്ക് കൗതുകമായി. ജനകീയനായ ഒരു മേയറായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് അവര്‍ക്ക് ഒരു ഫോണ്‍ കോളിനപ്പുറത്ത് ഒരു ജനകീയനായ മേയര്‍ ഉണ്ടെന്ന് മനസ്സിലാക്കി കൊടുക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

മേയറായതിന് ശേഷം അദ്ദേഹം നടപ്പില്‍ വരുത്തിയ പദ്ധതികള്‍ക്ക് കണക്കില്ല. പ്രത്യേകിച്ച് പൊതുജന സുരക്ഷ, നികുതി ഇളവുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചു. പുതിയ ബിസിനസ് സംരംഭങ്ങള്‍ സിറ്റിയില്‍ വരാന്‍ നികുതിയിളവ് ഉള്‍പ്പെടെയുള്ളവ കൊണ്ട് സാധിച്ചു. പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കുകയും, മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കും പ്രത്യേക നികുതിയിളവ് നല്‍കിയത് സിറ്റിയുടെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായിരുന്നു . ജനങ്ങളുടെ മേല്‍ അമിതമായ നികുതിഭാരം അടിച്ചേല്‍പ്പിക്കാതെ സുസ്ഥിരമായ ഒരു ഭരണ സംവിധാനമാണ് റോബിന്‍ ഇലക്കാട്ട് നടപ്പിലാക്കിയത്. സിറ്റി സ്റ്റാഫിന്റേയും കൗണ്‍സിലിന്റേയും സഹകരണത്തോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌കൂള്‍, നഗര ഇവന്റുകള്‍ സംഘടിപ്പിക്കപ്പെട്ടു. പൊതുജനവുമായി കൂടുതല്‍ ഇടപെഴകുവാനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുവാനും സാധിച്ചു.

ഒരു യുണൈറ്റഡ് സിറ്റിയായി മിസ്സൂറി സിറ്റിയെ ഉയര്‍ത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.അതിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയമെന്ന് റോബിന്‍ ഇലക്കാട്ട് കേരളാ എക്‌സ് പ്രസ്സിനോട് പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷം നടപ്പിലാക്കിയ പദ്ധതികളായിരുന്നു അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ട് .ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍ കാല വികസനത്തിന്റെ ബാക്കിയാണ്. അമേരിക്കയിലെ ഏറ്റവും നല്ല നഗരമായി മിസ്സൂറിയെ വളര്‍ത്തിയെടുക്കുവാന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് റോബിന്‍ ഇലക്കാട്ട് പറഞ്ഞു. മലയാളികള്‍ക്ക് മാത്രമല്ല ഈ വിജയത്തില്‍ അഭിമാനമുള്ളത് . അമേരിക്കന്‍ ജനതയും ഏഷ്യന്‍ സമൂഹവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു . റോബിന്‍ ഇലക്കാട്ട് ഏവര്‍ക്കും ഒരു മാതൃകയായ ഒരു നേതാവായി ഇനിയും മുന്നേറാന്‍ മലയാളി സമൂഹത്തിന് അദ്ദേഹത്തിനൊപ്പം നില്‍ക്കാം. പ്രവര്‍ത്തിക്കാം.

2022 ആഗസ്റ്റ് ഒന്നിന് രണ്ടാം ടേമിലേക്കുളള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ തന്റെ പിതാവ് ഫിലിപ്പ് ഇലക്കാട്ട് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു . കഴിഞ്ഞ വര്‍ഷം മരണപ്പെട്ട അമ്മ ഏലിയാമയുടെ അനുഗ്രഹവും തന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഭാര്യ ടീന, മക്കള്‍ ലിയയും, കെയ്റ്റിലിനും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി ഒപ്പമുള്ളത് ഒരു ജന നേതാവിന്റെ വിജയം തന്നെ. റോബിന്‍ ഇലക്കാട്ടിന്റെ വിജയത്തില്‍ ഫോമാ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ,പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് ജെയ്ബു മാത്യു കുളങ്ങര ,ചിക്കാഗോ കെ സി എസ് പ്രസിഡന്റ് തോമസ് പൂതക്കരി എന്നിവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here