മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് തിരിച്ചടി. അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്നാടിന്‍റെ അപേക്ഷയില്‍ ഇടക്കാല ഉത്തരവിടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഭരണഘടനാബെഞ്ചിന്‍റെ വിധിയില്‍ മാറ്റങ്ങള്‍ വേണമെങ്കില്‍ പുന:പരിശോധാനാഹര്‍ജി നല്‍കാമെന്നും ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗബെഞ്ച് തമിഴ്നാടിനോട് നിര്‍ദേശിച്ചു.

മൂന്നു കാര്യങ്ങളില്‍ ഇടക്കാല ഇടപെടലിനായാണ് തമിഴ്നാട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. ഒന്ന്, സുരക്ഷാഭീഷണിയുള്ളതിനാല്‍ അണക്കെട്ടിന് സി.െഎ.എസ്.എഫിന്‍റെ മറ്റേതെങ്കിലും കേന്ദ്രസേനയുടെയോ സംരക്ഷണം ഏര്‍പ്പെടുത്തണം. രണ്ട്, കേരളത്തിന്‍റെ സുരക്ഷാ പരിശോധനകളുടെ തടസങ്ങളില്ലാതെ തമിഴ്നാട് ഉദ്യോഗസ്ഥര്‍ക്ക് അണക്കെട്ടില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണം. മൂന്ന്, പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള സര്‍വെ നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തിന് നല്‍കിയ അനുമതി പിന്‍വലിക്കണം.

എന്നാല്‍ ഇക്കാര്യങ്ങള്‍ മുല്ലപ്പെരിയാര്‍ കേസിലെ 2014 ലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിയുടെ പരിഗണനയില്‍ വന്നിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭരണഘടനാബെഞ്ചിന്‍റെ വിധിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി എന്നാല്‍ തമിഴ്നാടിന്‍റെ പുന:പരിശോധനാ ഹര്‍ജി നല്‍കാമെന്ന് നിര്‍ദേശിച്ചു. പുതിയ അണക്കെട്ടിനായി സര്‍വെ നടത്താന്‍ കേരളത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനാല്‍ ഈ വിഷയത്തിലുള്ള തമിഴ്നാടിന്‍റെ അപേക്ഷയ്ക്ക് സാധുതയുമില്ല. ഇതോടെ തമിഴ്നാട് അപേക്ഷകള്‍ പിന്‍വലിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here