തിരുവനന്തപുരം: പരവൂർ വെടിക്കെട്ടപകടത്തിൽപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ ആറുപേർ ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ ചേർന്ന പ്രത്യേക അവലോകന യോഗം വിലയിരുത്തി. ബേൺ ഐസിയുവിൽ കിടക്കുന്ന പരവൂർ സ്വദേശി സത്യൻ (40) , സർജിക്കൽ ഐസിയുവിലുള്ള കഴക്കൂട്ടം സ്വദേശി കണ്ണൻ (27) , ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ കഴിയുന്ന രാജീവ് (16), ലിവർ ട്രാൻസ്പ്ലാന്റ് ഐസിയുവിലുള്ള കളക്കോട് സ്വദേശി ചന്ദ്രബോസ് (35) , തിരുവനന്തപുരം സ്വദേശി അജിത് (16) , യൂറോളജി ഐസിയുവിലുള്ള അട്ടക്കുളം സ്വദേശി സുധീർ (35) എന്നിവരാണ് ഗുരുതരാവസ്ഥയിലുള്ളത്.

ഡൽഹിയിലെ എയിംസ്, റാം മനോഹർ ലോഹ്യ, സഫ്ദർ ജംഗ്, കോയമ്പത്തൂരിലെ ഗംഗ, കൊച്ചി അമൃത, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരാണ് ഇവരെ ചികിത്സിക്കുന്ന പ്രത്യേക സംഘത്തിലുള്ളത്. തുടർ ചികിത്സയ്ക്കായി പ്ലാസ്റ്റിക് സർജറി, അനസ്തീഷ്യ, നഴ്‌​സിംഗ് എന്നീ വിഭാഗങ്ങളടങ്ങിയ പ്രത്യേക പത്തംഗ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. പൂർണമായി രോഗം ഭേദമായവരെ ഉടൻ ഡിസ്ചാർജ് ചെയ്യും. അതത് സ്ഥലങ്ങളിലെ തഹൽസീദാർ മുഖേന ഇവർക്കാവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കും. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് 3 വെന്റിലേറ്ററുകളും ശബരിമലയിൽ നിന്ന് ഒരു വെന്റിലേറ്ററും കൂടി മെഡിക്കൽ കോളേജിലെത്തിക്കും. വസ്ത്രം ധരിക്കാൻ കഴിയാത്തവിധം പൊള്ളലേറ്റവർക്ക് സുഗമമായി വായു കടക്കത്തക്ക രീതിയിലുള്ള 10 ക്രേഡിലുകൾ സജ്ജമാക്കിയിട്ടുണ്ട്. രോഗികൾക്ക് വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന രീതിയിലുള്ള പോഷക മൂല്യം കൂടിയ ആഹാരങ്ങൾ നൽകും. ഡോ. വി.എസ്. സഞ്ജയ് രാംകുമാറിന്റെ നേതൃത്വത്തിലുള്ള കോയമ്പത്തൂർ ഗംഗ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ ഇന്ന് തിരികെപ്പോകും. ഡൽഹി സംഘം കുറച്ചു ദിവസംകൂടി ഇവിടെ തങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here