സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പപേക്ഷിച്ച് പതഞ്ജലി സ്ഥാപകൻ ബാബ രാംദേവ്. മഹാരാഷ്ട്ര വനിതാ കമ്മീഷൻ അയച്ച നോട്ടീസിനു മറുപടി ആയാണ് ബാബ രാംദേവിൻ്റെ മാപ്പപേക്ഷ. സ്ത്രീവിരുദ്ധ പരാമർശത്തിൽ 72 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് വനിതാ കമ്മീഷൻ ബാബ രാംദേവിനു നോട്ടീസയച്ചത്. ഇതിനു മറുപടി ലഭിച്ചതായി കമ്മീഷൻ അധ്യക്ഷ രുപാലി ചകങ്കാര്‍ അറിയിച്ചു.

 

പരാമര്‍ശം നടത്താന്‍ ഇടയായതില്‍ ഖേദമുണ്ടെന്നും മാപ്പപേക്ഷിക്കുന്നതായും രാംദേവ് വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍, തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വാര്‍ത്തയാക്കിയതാണെന്നും രാദേവ് കുറ്റപ്പെടുത്തുന്നു. അതേസമയം, നോട്ടീസിനു മറുപടി ലഭിച്ചെങ്കിലും ആരെങ്കിലും പരാതിപ്പെട്ടാൽ നടപടിയുമായി മുന്നോട്ടുപോകുമെന്ന് വനിതാ കമ്മീഷൻ അറിയിച്ചു.

താനെയിലെ യോഗ ട്രെയിനിങ് ക്യാംപില്‍ വച്ചായിരുന്നു രാംദേവിന്റെ വിവാദ പരാമര്‍ശം. സ്ത്രീകള്‍ സാരിയില്‍ സുന്ദരികളാണ്, സല്‍വാറിലും അവരെ കാണാന്‍ ഭംഗിയുണ്ട്, ഒന്നും ഉടുത്തില്ലെങ്കിലും മനോഹരമാണ് എന്നായിരുന്നു രാംദേവിന്റെ വാക്കുകള്‍. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റെ ഭാര്യ അമൃത ഫഡ്നാവിസ് കൂടി പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു രാംദേവിൻ്റെ വിവാദ പരാമർശം. രാംദേവിനൊപ്പം അമൃത ഫഡ്നാവിസും വേദിയിലുണ്ടായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here