തിരുവനന്തപുരം: ചുവന്ന റോസാപ്പൂക്കള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയ കിരീടം അമ്മമാരുടെ തലയില്‍ അണിയിച്ചും കവിളത്തു പൊന്നുമ്മ നല്‍കിയും ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ മാതൃദിനാഘോഷം ആര്‍ദ്രമാക്കി. അമ്മത്താരാട്ടിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ തങ്ങളുടെ അമ്മമാരെ കെട്ടിപ്പിടിച്ച് ചുംബനം നല്‍കിയപ്പോള്‍ അമ്മമാരുടെ കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു. മാതൃദിനത്തില്‍ തങ്ങളുടെ പൊന്നോമനകളില്‍ നിന്നും വിലമതിക്കാനാവാത്ത സമ്മാനങ്ങളാണ് ലഭിച്ചതെന്ന് അമ്മമാര്‍ ഒന്നടങ്കം പറഞ്ഞത് സദസ്സ് കരഘോഷത്തോടെയാണ് ഏറ്റെടുത്തത്.
ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാതൃദിനാഘോഷം ചലച്ചിത്രതാരം മല്ലികാ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.

പകരവയ്ക്കാനാവാത്ത ശ്രേഷ്ഠ സ്ഥാനമാണ് ഓരോ അമ്മയ്ക്കുമുള്ളത്. അമ്മ എന്ന വാക്കിന്റെ അര്‍ത്ഥവും ആഴവും അളക്കുവാന്‍ കഴിയാത്തതാണ്. അമ്മയുടെ സ്‌നേഹം അവാച്യമായ ഒരനുഭൂതിയാണെന്നും ഉദ്ഘാടനത്തിനിടെ മല്ലിക സുകുമാരന്‍ പറഞ്ഞു. 


ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടര്‍ ഷൈലാ തോമസ് സംവിധാനം ചെയ്ത പെണ്ണാള്‍ സീരീസിലെ മാതൃത്വം എന്ന തീം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഡിഫറന്റ് ആര്‍ട് സെന്റര്‍ ക്ലിനിക്കല്‍ ലിംഗ്വസ്റ്റ് ഡോ.മേരിക്കുട്ടി എ.എം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.സി.എം.ആര്‍ സയന്റിസ്റ്റ് രവിന്ദര്‍ സിംഗ് മുഖ്യാതിഥിയായി. ഡിഫറന്റ് ആര്‍ട് സെന്ററിലെ അമ്മമാര്‍ മക്കള്‍ക്കെഴുതിയ കത്തുകളുടെ സമാഹാരം ‘സ്‌നേഹപൂര്‍വം അമ്മയ്ക്ക്’ എന്ന പേരില്‍ തയ്യാറാക്കിയ സുവനീര്‍ മല്ലികാസുകുമാരന്‍ രവിന്ദര്‍സിംഗിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ഡി.എ.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഷൈലാ തോമസ്, കരിസ്മ എക്‌സിക്യുട്ടീവ് അംഗം ഉഷ.ഡി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഭിന്നശേഷിക്കുട്ടികളും അമ്മമാരും ചേര്‍ന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.