ഇന്‍ഡോര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പോര് പഹരിക്കാന്‍ വേണ്ടിവന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശ്. മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള സംഘര്‍ഷമാണ് പാര്‍ട്ടി പ്രതിരോധത്തിലാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് സംഘടനയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിവന്നാല്‍ കര്‍ശന തീരുമാനങ്ങള്‍ എടുക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ അവസാന ഒരു വര്‍ഷം സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യമാണ് പുതിയ ഏറ്റുമുട്ടലിലേക്ക് നയിച്ചത്. സച്ചിന്‍ പൈലറ്റ് വിശ്വാസ വഞ്ചകനാണെന്നും അദ്ദേഹത്തെ പോലെ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്ന ഒരാള്‍ക്ക് വേണ്ടി താന്‍ മാറിക്കൊടുക്കില്ലെന്നുമാണ് ഗെലോട്ടിന്റെ നിലപാട്. 2020ല്‍ കോണ്‍ഗ്രസിനെതിരെ പ്രക്ഷോഭം നടത്തിയ സച്ചിന്‍ പൈലറ്റ്, സര്‍ക്കാരിന്റെ മറിച്ചിടാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചു.

 

ഗെലോട്ടിന്റെ ഈ വാക്കുകളാണ് എഐസിസിയെ പ്രകോപിപ്പിച്ചത്. ഗെലോട്ടിന്റെ വാക്കുകള്‍ അതിരുകടന്നുവെന്ന് ജയ്‌റാം രമേശ് പ്രതികരിച്ചു. സംഘടനയാണ് എല്ലാവര്‍ക്കും പ്രധാനം. സംഘടനയെ ശക്തിപ്പെടുത്തുന്ന ഒരു തീരുമാനം രാജസ്ഥാനില്‍ ഉണ്ടാവും. അതിന് കടുത്ത തീരുമാനം വേണമെങ്കില്‍ അങ്ങനെ ചെയ്യും. ഒരു സമവായമാണ് വേണ്ടതെങ്കില്‍ അതുതന്നെ ചെയ്യുമെന്നും ജയ്‌റാം രമേശ് പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഇന്‍ഡോറില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

രാജസ്ഥാനില്‍ ഒരു ശാശ്വത പരിഹാരമാണ് പാര്‍ട്ടി തേടുന്നത്. അതിന് ഒരു നിശ്ചിത സമയം പറയാന്‍ തനിക്കാവില്ല. കോണ്‍ഗ്രസ് നേതൃത്വമാണ് അത് നിശ്ചയിക്കേണ്ടത്. ഇരുനേതാക്കളെയും പാര്‍ട്ടിക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here