ഡിസംബര്‍ 9 നു ആരംഭിക്കാനിരുന്ന യുഎസ് റെയില്‍ സമരം ഒഴിവാക്കാനുള്ള ബില്‍ കോണ്‍ഗ്രസിന്റെ ഉപരിസഭയായ സെനറ്റ് 80-15 വോട്ടിനു പാസാക്കി. ഇതോടെ സമരം നിരോധിക്കപ്പെട്ടു. സമരം ഒഴിവാക്കാന്‍ യുഎസ് ഹൗസ് നിയമനിര്‍മാണം നടത്തിയിരുന്നു. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള ഹൗസ് 137 നെതിരെ 290 വോട്ടിനാണ് നിയമം പാസാക്കിയത്. സെനറ്റില്‍ അംഗീകരിച്ചതോടെയാണ് നിയമം നടപ്പിലായത്.

പണിമുടക്ക് ഭീഷണി ഉയര്‍ത്തുന്ന ജീവനക്കാരുടെ പ്രധാനപ്പെട്ട ഒരു ആവശ്യം ഏഴു ദിവസത്തെ ശമ്പളത്തോടു കൂടിയ രോഗാവധി അനുവദിക്കണമെന്നതായിരുന്നു. എന്നാല്‍ ഈ വ്യവസ്ഥ ഹൗസ് കൊണ്ടുവന്നെങ്കിലും സെനറ്റ് നിരാകരിച്ചു. ബില്‍ തന്റെ മുന്നില്‍ എത്തിയാല്‍ ഉടന്‍ ഒപ്പിടുമെന്നു പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു. തൊഴില്‍ ചെയ്യുന്ന ദശലക്ഷക്കണക്കിനു ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സമരം ദുരിതമുണ്ടാക്കുമായിരുന്നുവെന്ന് ബൈഡന്‍ പറഞ്ഞു.

ഇന്ധനം, മരുന്നുകള്‍ തുടങ്ങി അവശ്യ വസ്തുക്കളുടെ നീക്കം തടയുന്ന സമരം ദിവസേന രണ്ടു ബില്യണ്‍ ഡോളര്‍ നഷ്ടം വരുത്തിവച്ചേനെ. പുറമെ, എന്നും യാത്ര ചെയ്യുന്ന 70 ലക്ഷം പേരെ വലയ്ക്കുകയും ചെയ്‌തേനെ. സമരം യുഎസ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കും എന്നതിനാല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം കോണ്‍ഗ്രസിനോട് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. ഈ രാജ്യത്തെ ക്രിസ്മസ് കാലത്തു ഉണ്ടാകുമായിരുന്ന ദുരന്തത്തില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ രക്ഷപെടുത്തിയെന്ന് അദ്ദേഹം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here