ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ടെക്നോപാർക്ക് ജീവനക്കാരായ നിനോ മാത്യു, അനുശാന്തി എന്നിവരാണ് പ്രതികൾ. അനുശാന്തിയെ സ്വന്തമാക്കാൻ, അനുശാന്തിയുടെ ഭർതൃമാതാവിനെയും മൂന്നു വയസുളള മകളെയും നിനോ മാത്യു ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇന്നു മൂന്നു മണിക്ക് ശിക്ഷയെക്കുറിച്ചുള്ള വാദം നടക്കും.

വീഡിയോ, ചിത്രങ്ങൾ എന്നിവയടക്കം ഒട്ടേറെ പ്രത്യേകതയുള്ള തെളിവുകള്‍ കേസ് തെളിയിക്കാൻ സഹായകമായതായി സ്പെഷൽ പ്രോസിക്യൂട്ടർ വി.എസ് വിനീത് കുമാർ പറഞ്ഞു. നിനോയും അനുശാന്തിയും തമ്മിലുള്ള വാട്സ് ആപ് സന്ദേശങ്ങളും ലഭിച്ചിരുന്നു. ഇവരുടെ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ ശാസ്ത്രീയമായി പരിശോധിച്ച് ശേഖരിച്ച ഈ തെളിവുകൾ അടച്ചിട്ട കോടതി മുറിയിലാണ് പരിശോധിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

തെളിവെടുപ്പ് പൂർത്തിയാക്കിയത് കടുത്ത വെല്ലുവിളികൾ നേരിട്ടാണെന്ന് ഡിവൈ.എസ്.പി പറഞ്ഞു. കടുത്ത ജനവികാരം പ്രതികൾക്കെതിരെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അനുശാന്തിയുടെ ഭർത്താവ് ലിജീഷിന്റെ മൊഴിയാണ് നിർണായകമായതെന്ന് കേസന്വേഷിച്ച സി.ഐ. എം.അനിൽകുമാർ പറഞ്ഞു. പൊലീസിന്റെ കണ്ടെത്തലുകൾ കോടതി ശരിവച്ചുവെന്നും അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു.

ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗം അവിക്സിനു സമീപം തുഷാരത്തിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ റിട്ട. താലൂക്ക് ഓഫിസ് ജീവനക്കാരി വിജയമ്മ എന്ന ഓമന, മകൻ ലിജീഷിന്റെ മകൾ സ്വാസ്തിക എന്നിവരാണു 2014 ഏപ്രിൽ 16നു വീടിനുള്ളിൽ അരുംകൊല ചെയ്യപ്പെട്ടത്. അനുശാന്തിയുടെ ഭർത്താവ് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥൻ ലിജീഷ് തലനാരിഴയ്ക്കാണ് അന്നു രക്ഷപ്പെട്ടത്. ലിജീഷിനും ഗുരുതര വെട്ടേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരൻ തിരുവനന്തപുരം കരമണിൽ മാഗി നിവാസിൽ നിനോ മാത്യു വിനെയും ലിജീഷിന്റെ ഭാര്യയും ടെക്നോപാർക്കിൽ ഇതേ കമ്പനിയിൽ ജീവനക്കാരിയുമായിരുന്ന അനുശാന്തിയെയും അന്നുതന്നെ പൊലീസ് സാഹസികമായി കസ്റ്റഡിയിലെടുത്തിരുന്നു.

അനുശാന്തിയുടെയും നിനോ മാത്യുവിന്റെയും മൊബൈൽഫോണിൽ നിന്ന് ഇരുവരും തമ്മിലുള്ള അരുതാത്ത ബന്ധത്തിന്റെയും കൊലയിൽ ഇരുവരുടെയും പങ്കിന്റെയും അനവധി തെളിവുകളും പൊലീസിനു ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here