മെക്‌സിക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ തടയുന്നതിനായി യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ പുതിയ മതില്‍ നിര്‍മ്മിച്ച് യുഎസ്. കപ്പലില്‍ ചരക്ക് നീക്കത്തിനുപയോഗിക്കുന്ന കണ്ടൈനറുകള്‍ ഉപയോഗിച്ചാണ് മതില്‍ നിര്‍മ്മിക്കുന്നത്. മതില്‍ നിര്‍മ്മാണം ഇതിനകം വിവാദമായിക്കഴിഞ്ഞു. അതിര്‍ത്തി സുരക്ഷിതമാക്കാനാണ് കണ്ടെയ്‌നര്‍ മതില്‍ നിര്‍മ്മാണമെന്നാണ് അരിസോണ ഗവര്‍ണര്‍ ഡഗ് ഡ്യൂസ് പറയുന്നത്. ഈ വര്‍ഷം ആദ്യമാണ് മതില്‍ പണി ആരംഭിച്ചതെങ്കിലും ഇപ്പോഴാണ് വിവാദമായത്.

പുതിയ മതില്‍ നിര്‍മ്മാണത്തിലൂടെ പ്രദേശിക വനവിഭാഗങ്ങളുടെയും ഫെഡറല്‍ ഭൂമിയും വേര്‍തിരിക്കപ്പെടുന്നു എന്നാണ് പ്രധാന ആരോപണം. എന്നാല്‍, ഡഗ് ഡ്യൂസ് ഗവര്‍ണര്‍ പദവി ഒഴിയാന്‍ ആഴ്ചകള്‍ മാത്രമുള്ളപ്പോള്‍ തിരക്ക് പിടിച്ചുള്ള മതില്‍ നിര്‍മ്മാണത്തിലാണ്. അരിസോണയിലെ അടുത്ത ഗവര്‍ണറായ കാറ്റി ഹോബ്‌സ് കണ്ടെയ്‌നര്‍ മതിലുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ കണ്ടെയ്‌നര്‍ നിര്‍മ്മിതി തദ്ദേശീയ ജീവജാലങ്ങള്‍ക്കും പ്രകൃതിദത്ത ജലസംവിധാനങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുമെന്ന് ആരോപിച്ച് പരിസ്ഥിതി ഗ്രൂപ്പുകള്‍ ദിവസങ്ങളോളം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നിര്‍മ്മാണം മന്ദഗതിയിലായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനിടെ അരിസോണയിലെ സാന്താക്രൂസ് കൗണ്ടി ഷെരീഫ് ഡേവിഡ് ഹാത്ത്വേ, തന്റെ അധികാര പരിധിയില്‍ കണ്ടെയ്‌നര്‍ തൊഴിലാളികളെത്തിയാല്‍ നിര്‍മ്മാണം തടയുമെന്നും തൊഴിലാളികളെ അറസ്റ്റ് ചെയ്യുമെന്നും പ്രഖ്യാപിച്ച് കഴിഞ്ഞു. കണ്ടെയ്‌നര്‍ മതില്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശം പൂര്‍ണ്ണമായും ഫെഡറല്‍ ഭൂമിയും ദേശീയ വനമേഖലയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംസ്ഥാനത്തിന്റെയോ സ്വകാര്യ വ്യക്തിയുടെയോ ഭൂമിയല്ല. നിയമ വിരുദ്ധ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതിലിന്റെ നിര്‍മ്മാണം നിയമവിരുദ്ധമാണെന്നും പദ്ധതി നിര്‍ത്തിവയ്ക്കണമെന്നും ഫെഡറല്‍ ഏജന്‍സികള്‍ സംസ്ഥാന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, അതിര്‍ത്തി കടന്നെത്തുന്ന കുടിയേറ്റക്കാരെ തടയാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്നായിരുന്നു ഗവര്‍ണര്‍ ഡ്യൂസി നല്‍കിയ മറുപടി. മയക്ക് മരുന്ന് കടത്തും കുറ്റകൃത്യങ്ങളും മാനുഷിക പ്രശ്‌നങ്ങളും അവസാനിപ്പാക്കന്‍ മതില്‍ നിര്‍മ്മാണത്തിലൂടെ കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here