ന്യുഡല്‍ഹി: ദ്വാരകയില്‍ 17കാരിക്കു നേര്‍ക്കുണ്ടായ ആസിഡ് ആക്രമണത്തിന് പ്രതികള്‍ ആസിഡ് വാങ്ങിയത് ഓണ്‍ലൈനില്‍. ഷോപ്പിംഗ് സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയാണ് ആസിഡ് വാങ്ങിയത്. സുപ്രീം കോടതി ആസിഡ് വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കേയാണ് ഓണ്‍ലൈനില്‍ ഇത് ലഭ്യമായത്.

സംഭവത്തില്‍ ഡല്‍ഹി വനിത കമ്മീഷന്‍ ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും നോട്ടീസ് അയച്ചു. എളുപ്പത്തില്‍ ആസിഡ് ലഭ്യമാക്കിയതിലാണ് നോട്ടീസ്. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിക്കാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. മുഖം കണ്ണുംപൊള്ളിയ നിലയില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തുവെന്നാണ് സൂചന.

 

പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടായിരുന്ന സച്ചിന്‍ അറോറ (20) ആണ് ആസിഡ് ഒഴിച്ചത്. സുഹൃത്തുക്കളായ ഹര്‍ഷിത് അഗര്‍വാള്‍ (19), വിരേന്ദര്‍ സിംഗ് (22) എന്നിവരുടെ സഹായവും സച്ചിന് ലഭിച്ചിരുന്നു. സച്ചിനും ഹര്‍ഷിതുമാണ് ബൈക്കിലെത്തി ആസിഡ് ഒഴിച്ചത്. ഈ സമയം സച്ചിന്റെ ബൈക്കും മൊബൈല്‍ ഫോണും മറ്റൊരു ഇടത്ത് കൊണ്ടുപോയി. ലൊക്കേഷന്‍ തെറ്റിച്ച് പോലീസിന്റെ അന്വേഷണം വഴിതെറ്റിക്കാനായിരുന്നു ഇത്. പിഴവില്ലാതെ ആസിഡ് ഒഴിക്കാന്‍ മൂന്നു പേരും പരിശീലിച്ചുവെന്നും പോലീസ് പറയുന്നു. മൂന്നു പേരെയും 12 മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടിയിരുന്നു.

സച്ചിന്‍ അറോറയാണ് ഓണ്‍ലൈനില്‍ ആസിഡ് വാങ്ങിയത്. ഇതിന്റെ പണം ഇ-വാലറ്റ് വഴി നല്‍കിയെന്നും പോലീസ് പറയുന്നു.

ആസിഡ് വില്‍പ്പന കോടതി തടഞ്ഞുവെങ്കിലും ഇപ്പോഴും കടകളില്‍ ആസിഡ് യഥേഷ്ടം ലഭിക്കുന്നുണ്ടെന്ന് വനിത കമ്മീഷന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here