നാഗ്പൂരിലെ താമസസ്ഥലത്ത് വച്ച് ഛര്‍ദ്ദി അനുഭവപ്പെട്ട പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുത്തിവെയ്പ്പിനു പിന്നാലെ നില വഷളാവുകയും ഉച്ചയോടെ മരണമടയുകയുമായിരുന്നു.

നാഗ്പൂര്‍: നാഗ്പൂരില്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ മലയാളി പെണ്‍കുട്ടി മരിച്ചു. ആലപ്പുഴയില്‍ നിന്നുള്ള താരം നിദ ഫാത്തിമ (10) ആണ് മരിച്ചത്. കേരളത്തിന്റെ അണ്ടര്‍ 14 പോളോ താരമാണ് നിദ ഫാത്തിമ. നാഗ്പൂരിലെ താമസസ്ഥലത്ത് വച്ച് ഛര്‍ദ്ദി അനുഭവപ്പെട്ട പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുത്തിവെയ്പ്പിനു പിന്നാലെ നില വഷളാവുകയും ഉച്ചയോടെ മരണമടയുകയുമായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ഇക്കഴിഞ്ഞ 20ന് നാഗ്പൂരില്‍ എത്തിയ നിദ ഫാത്തിമ അടക്കമുള്ള സംഘത്തിന് ദേശീയ ഫെഡറേഷന്‍ താമസ, ഭക്ഷണ സൗകര്യം നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള സ്വകാരല്‍ ലോഡ്ജിലാണ് ഇവര്‍ താത്ക്കാലികമായി താമസിച്ചിരുന്നത്.

 

കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹായത്തോടെയാണ് കേരള ടീം മഹാരാഷ്ട്രയില്‍ മത്സരത്തിന് എത്തിയത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള സൈക്കിള്‍ പോളോ ടീമിന് സൗകര്യങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് ഫെഡറേഷന്‍ അറിയിച്ചത്. ഹൈക്കോടതി ഉത്തരവോടെയാണ് കുട്ടികള്‍ മത്സരത്തിന് പോയത്. എന്നാല്‍ കളിക്കാന്‍ മാത്രമാണ് അനുമതി നല്‍കുന്നതെന്നാണ് ദേശീയ ഫെഡറേഷന്‍ അറിയിച്ചത്.

കേരളത്തിലെ സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ തമ്മിലുള്ള തര്‍ക്കമാണ് കുട്ടികളുടെ കായിക ഭാവിക്ക് വിലങ്ങുതടിയാകുന്നത്. നേരത്തെയും കേരളത്തിനു പുറത്ത് മത്സരത്തിനു പോകുന്ന കായിക താരങ്ങള്‍ ഇത്തരത്തില്‍ അവഗണനകള്‍ നേരിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here