ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമാകുന്നു. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. പ്രസംഗത്തിന്റെ സര്‍ക്കാര്‍ തയ്യാറാക്കിയ ഭാഗം മാത്രം റെക്കോര്‍ഡ് ചെയ്താല്‍ മതിയെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തവ ഒഴിവാക്കാനും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ ഇറങ്ങിപ്പോയത്.

സര്‍ക്കാര്‍ തയ്യാറാക്കിയ ഗവര്‍ണറുടെ പ്രസംഗം മാത്രം റെക്കോര്‍ഡ് ചെയ്താല്‍ മതിയെന്ന് നിയമസഭ പ്രമേയം കൊണ്ടുവന്നിരുന്നു. സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തില്‍ നിന്ന് മതേതരത്വം, പെരിയാര്‍ ബി.ആര്‍ അംബേദ്കര്‍, കെ.കാമരാജ്, സി.എന്‍ അണ്ണാദുരൈ, കരുണാനിധി എന്നിവരെ കുറിച്ചുള്ള ഭാഗങ്ങളാണ് ഗവര്‍ണര്‍ രവി ഒഴിവാക്കിയത്. ഇതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രി പ്രമേയം കൊണ്ടുവന്നത്.

 

ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് എം.കെ സ്റ്റാലിന്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ബില്ലുകള്‍ പാസാക്കാന്‍ ഗവര്‍ണര്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഭരണാനുകൂല കക്ഷികളായ കോണ്‍ഗ്രസ്, വിസികെ, സിപിഐ, സിപിഎം എന്നിവ പ്രസംഗം ബഹിഷ്‌കരിച്ചിരുന്നു. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതും ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്നതും അടക്കുമുള്ള ബില്ലുകളിലാണ് ഗവര്‍ണറുടെ അംഗീകാരം വൈകുന്നത്.

തമിഴ്‌നാടിന് കൂടുതല്‍ യോജിക്കുന്ന പേര് ‘തമിഴകം’ ആണെന്ന ഗവര്‍ണറുടെ പരാമര്‍ശവും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ നിയമസഭയില്‍ തമിഴ്നാട്ടില്‍ നിന്ന് പോകണമെന്ന മുദ്രവാക്യവും ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here