അഞ്ചു വയസുകാരിയായ ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടിയെ വെടിവെച്ചു കൊന്ന കേസില്‍ ജോസഫ് ലീ സ്മിത്ത് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. കേസില്‍ പ്രതിക്ക് നാല്‍പത് വര്‍ഷം വരെ ശിക്ഷ ലഭിച്ചേക്കാം. ഫെബ്രുവരി 27നു കോടതി വിധി പ്രസ്താവിക്കും. 2021 മാര്‍ച്ചില്‍ ആയിരുന്നു ലീ സ്മിത്തിന്റെ വെടിയേറ്റ് മയാ പട്ടേല്‍ എന്ന അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ടത്.

മറ്റൊരാളെ ലക്ഷ്യം വച്ച വെടിയുണ്ട അബദ്ധത്തില്‍ കുട്ടിയുടെ ദേഹത്ത് തറക്കുകയായിരുന്നു. ലൂയിസിയാനയില്‍ ഷ്വര്‍പോര്‍ട്ടിലെ മോങ്ക് ഹൗസ് ഡ്രൈവിലുള്ള സൂപ്പര്‍ 8 മോട്ടല്‍ മുറിയുടെ മുന്നില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. സ്മിത്തും മറ്റൊരാളുമായി വാക്കേറ്റമുണ്ടാകുകയും ഇതേത്തുടര്‍ന്ന് സ്മിത്ത് തോക്കെടുത്തു ശത്രുവിന് നേരെ വെടി വയ്ക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന കുട്ടിയുടെ തലയിലാണ് വെടിയുണ്ട തറച്ചത്.

മയായുടെ മാതാപിതാക്കള്‍ വിമല്‍-സ്‌നേഹല്‍ പട്ടേലുമാര്‍ നടത്തിയിരുന്ന മോട്ടലില്‍ ഇളയ കുട്ടിയും ഉണ്ടായിരുന്നു. മയായുടെ തല തുളച്ചുകടന്ന വെടിയുണ്ട അടുത്തുണ്ടായിരുന്ന അമ്മയെയും സ്പര്‍ശിച്ചു. മൂന്നു ദിവസം ജീവനുവേണ്ടി പൊരുതിയ ശേഷം മാര്‍ച്ച് 23 നാണു മയാ മരണത്തിന് കീഴടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here