ബംഗളൂരു: സംസ്ഥാന സർക്കാർ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്ന്​ ഹിന്ദു സന്യാസി വിമർശിച്ചത്​ കർണാടക മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മൈക്ക്​ പിടിച്ചില്ല. പൊതുപരിപാടിയിൽ സന്യാസിയിൽനിന്ന്​ മുഖ്യമന്ത്രി മൈക്ക്​ പിടിച്ചുവാങ്ങി. മഹാദേവപുരയിൽ വ്യാഴാഴ്ച നടന്ന പരിപാടിയിലാണ്​ സംഭവം.

ഹിന്ദു ആചാര്യനായ ഈശ്വരാനന്ദപുരി സ്വാമിയാണ്​ ബംഗളൂരു നഗരത്തിലെ വെള്ളപ്പൊക്ക പ്രശ്നം ഉയർത്തിയത്​. മഹാദേവപുര മണ്ഡലത്തിൽ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലെന്നും ഇതിന്​ രാഷ്ട്രീയക്കാരാണ്​ കാരണമെന്നും സ്വാമി വിമർശിച്ചു​. തൊട്ടടുത്തിരുന്ന മുഖ്യമന്ത്രി ബൊമ്മൈ സ്വാമിയുടെ സംസാരം തുടങ്ങിയപ്പോൾതന്നെ ദേഷ്യത്തിലായി. അൽപസമയംകൂടി കഴിഞ്ഞപ്പോൾ പൊടുന്നനെ ബലംപ്രയോഗിച്ച്​ സ്വാമിയിൽനിന്ന്​ മൈക്ക്​ പിടിച്ചുവാങ്ങി.

 

തുടർന്ന്​ താൻ ഉറപ്പുകൾ നൽകുന്ന ആൾ മാത്രമല്ലെന്നും കാര്യങ്ങൾ ചെയ്യുന്ന ആളാണെന്നും മൈക്കിലൂടെ മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഫണ്ട്​ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ഈ സമയം ചിരിച്ചുകൊണ്ട്​ കാര്യങ്ങൾ കേട്ട സ്വാമി മൈക്കിനായി വീണ്ടും ആവശ്യ​പ്പെ​ട്ടെങ്കിലും മുഖ്യമന്ത്രി നൽകാതെ സംസാരം തുടരുകയായിരുന്നു. ഏറെക്കഴിഞ്ഞാണ് തിരിച്ചു നൽകിയത്. തുടർന്ന് സ്വാമി സംസാരം പുനരാരംഭിച്ചപ്പോൾ മുഖ്യമന്ത്രി ബൊമ്മൈ ഇടയിൽക്കയറി വീണ്ടും സംസാരിക്കുന്നുണ്ടായിരുന്നു.

സംഭവത്തിന്‍റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. മാസങ്ങൾക്കു​ മുമ്പാണ്​ നഗരത്തിൽ മഴയിൽ വെള്ളപ്പൊക്കമുണ്ടായി ജനജീവിതം ദുസ്സഹമായത്​. മഹാദേവപുര മണ്ഡലത്തിലും ദുരിതം ഏറിയിരുന്നു. അഴുക്കുകാനകൾ കൈയേറി കെട്ടിടങ്ങൾ നിർമിച്ചതാണ്​ വെള്ളപ്പൊക്കത്തിന്​ കാരണമെന്ന്​ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ കൈയേറ്റങ്ങൾ പൊളിക്കാൻ സർക്കാർ തുടക്കമിട്ടിരുന്നു. തുടക്കത്തിൽ വേഗത്തിലായിരുന്ന നടപടികൾ വൻകിടക്കാരുടെ ​കൈയേറ്റങ്ങൾ പൊളിക്കുന്ന ഘട്ടമായപ്പോൾ മെല്ലെപ്പോക്കിലായി.

LEAVE A REPLY

Please enter your comment!
Please enter your name here