അഗർത്തല: നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ ത്രിപുരയിൽ സി.പി.എം എം.എൽ.എ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. ഉനകോട്ടി ജില്ലയിലെ കൈലാഷഹർ അസംബ്ലി മണ്ഡലത്തിൽ നിന്ന് വിജയിച്ച സി.പി.എം നേതാവ് മൊബോഷർ അലിയാണ് ഭരണകക്ഷിയായ ബി.ജെ.പിയിൽ ചേർന്നത്.

ഫെബ്രുവരി 16നാണ് ത്രിപുരയിൽ നിയമസഭ തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ ബി.ജെ.പിയെ തോൽപിക്കാൻ സി.പി.എമ്മും കോൺഗ്രസും തമ്മിൽ തെരഞ്ഞെടുപ്പ് ധാരണയിൽ എത്തിയിരുന്നു. ഇരുപാർട്ടികളും സീറ്റുപങ്കിട്ടാണ് മത്സരിക്കുന്നത്. ഇതുപ്രകാരം മൊബോഷർ അലിയുടെ മണ്ഡലം കോൺഗ്രസിന് വിട്ടുകൊടുത്തിരുന്നു. കോൺഗ്രസിലെ ബിരജിത് സിൻഹയാണ് ഇവിടെ മത്സരിക്കുക. സ്ഥാനാർഥി പട്ടിക പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് സി.പി.എമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുത്തത്.

 

മൊബോഷർ അലി ബിജെപിയിൽ ചേരുന്നുവെന്ന കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സ്ഥിരീകരിച്ചു. “ഞങ്ങൾ അതേക്കുറിച്ച് കേട്ടിരുന്നു. അന്വേഷണത്തിൽ അത് സത്യമാണെന്ന് സ്ഥിരീകരിച്ചു. സിപിഎമ്മിന്റെ സജീവ നേതാവായിരുന്ന മൊബോഷർ അലി ബിജെപിയിൽ ചേർന്നത് ദൗർഭാഗ്യകരമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഞങ്ങൾ കോൺഗ്രസുമായി സീറ്റ് നീക്കുപോക്ക് നടത്തിയിരുന്നു. മൊബോഷറുമായി കൂടിയാലോചിച്ച ശേഷമാണ് ഈ സീറ്റ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വിട്ടുകൊടുത്തത്. ഇത്തവണ മത്സരിക്കില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. പക്ഷേ, അവസാനഘട്ടത്തിലുള്ള ഈ മനംമാറ്റം നിർഭാഗ്യകരമാണ്’ -ജിതേന്ദ്ര ചൗധരി പറഞ്ഞു.

മൊബോഷറിനെ പാർട്ടിയിൽനിന്ന് ആരും പിന്തുണയ്ക്കില്ലെന്ന് ജിതേന്ദ്ര കൂട്ടിച്ചേർത്തു. ‘ഇത്തവണ അദ്ദേഹത്തിന് സീറ്റ് നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്നത് ശരിയാണ്. പക്ഷേ ഇത്തരമൊരുനീക്കം പ്രതീക്ഷിച്ചിരുന്നില്ല” -അദ്ദേഹം വ്യക്തമാക്കി. മൊബോഷർ പാർട്ടി വിട്ടത് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ബന്ധത്തെ ബാധിക്കില്ലെന്നും ജിതേന്ദ്ര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here