മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക്/തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ മതസൗഹാര്‍ദ്ദ വാരാചരണത്തിന്റെ ഭാഗമായുള്ള ‘ ലോക സമാധാന ഉച്ചകോടി 2023’ (World Peace Summit-2023) ഫെബ്രുവരി 12-ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ തിരുവനന്തപുരം റസിഡന്‍സി ടവര്‍ ഹോട്ടലില്‍ നടക്കും. ന്യൂയോര്‍ക്കിലുള്ള വേള്‍ഡ് യോഗ കമ്മ്യൂണിറ്റി, യുണൈറ്റഡ് റിലീജിയന്‍സ് ഇന്‍ഷ്യേറ്റീവ് (URI) ദക്ഷിണേന്ത്യ ഘടകം, URI യുടെ പോത്തന്‍കോട് കോര്‍പറേഷന്‍ സര്‍ക്കിള്‍ ആയ ഇന്റര്‍ റിലീജിയസ് ഡയലോഗ് ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് ഗോള്‍സ് (IRD 4 SDG), എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ സമാധാന ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്. ശാന്തിഗിരി ആശ്രമം ഈ സംരംഭത്തില്‍ ഒരു പങ്കാളിയാണ്.

യുണൈറ്റഡ് നേഷന്‍സ് എന്‍.ജി.ഒ. സമിതിയുടെ സെക്രട്ടറി ഗുരുജി ദിലീപ് കുമാര്‍ തങ്കപ്പന്‍ (യു.എസ്.എ) അദ്ധ്യക്ഷനാകുന്ന ഉച്ചകോടിയുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസി നിര്‍വഹിക്കും, യു.ആര്‍.ഐ. ഏഷ്യ സെക്രട്ടറി ജനറല്‍ പ്രൊഫസര്‍ ഡോ. എബ്രഹാം കരിക്കം മുഖ്യ പ്രഭാഷണം നടത്തും.

ലോക പാഴ്സി സാംസ്‌കാരിക സമിതി അധ്യക്ഷന്‍ ഡോ. ഹോമി.ബി. ദല്ല, ഡല്‍ഹി സിനഗോഗ് സെക്രട്ടറി റാബി എസക്കിയേല്‍ മലേക്കര്‍, ഡല്‍ഹി AAFT യൂണിവേഴ്‌സിറ്റി ഓഫ് മീഡിയ & ആര്‍ട്‌സ് ചാന്‍സിലര്‍ ഡോ. സന്ദീപ് മാര്‍വ, ജയിന്‍ മന്ദിര്‍ സ്ഥാപക പ്രസിഡന്റ് വിവേക് മുനി മഹാരാജ്, ഇമാം ആരിഫ് ഹുസ്‌കിക്‌ഹൈ, മിഷിഗണ്‍ USA ഹൈദരാബാദ് ഹെന്‍ട്രി മാര്‍ട്ടിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും, ഇന്റര്‍ഫെയ്ത് കോയിലേഷന്‍ ഫോര്‍ പീസിന്റെ (ICP) എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ റെവ. ഫാദര്‍ .ഡോ. പാക്യം ടി. സാമുവേല്‍, അസ്സെംബ്ലിസ് ഓഫ് ബഹായ് ഇന്റര്‍നാഷനലിന്റെ സ്പിരിറ്റുവല്‍ ഡയറക്ടര്‍ ശ്രീമതി നീലാക്ഷി രാജ്‌കോവ, രാജ്യാന്തര ജയിന്‍ ഫോറം പ്രസിഡന്റ് ഡോക്ടര്‍ ജഗദ് ഗുരു ചാരുകീര്‍ത്തി ഭട്ടാരക്ക്, ബ്രഹ്‌മകുമാരീസ് സിസ്റ്റര്‍ B. K നീലിമ, ഉസ്താദ് മുതലിബ് അസ്ലമി കണ്ണൂര്‍, സര്‍ദാര്‍ അമര്‍ജിത് സിംഗ്, പ്രൊഫ. ഡോ. K. J. ജോസഫ്, പ്രൊഫ. ഡോ. N. രാമലിംഗം, സിറ്റിസണ്‍സ് ഇന്ത്യ ഫൌണ്ടേഷന്‍ (CIF) മാനേജിങ് ട്രസ്റ്റീ ശ്രി. T. K. A. നായര്‍, ബോധി ഗ്രാം ചെയര്‍മാന്‍ ജോണ്‍ സാമുവേല്‍ അടൂര്‍, URI ഗ്ലോബല്‍ ട്രസ്റ്റി ഡോ. ദേവിരാജ്, പ്രൊഫ. ഡോ. യു.പി. അനില്‍കുമാര്‍, എം ഡി ശശികുമാര്‍ തുടങ്ങി വ്യത്യസ്ത മത മേലദ്ധ്യക്ഷന്മാരും, NGO ഭാരവാഹികളും, പ്രതിനിധികളും ലോക സമാധാന ഉച്ചകോടിയില്‍ (World Peace Summit-2023) പങ്കെടുക്കുകയും, പ്രഭാഷണങ്ങളും, പ്രബന്ധങ്ങളും, ചര്‍ച്ചയും കൊണ്ട് ഉച്ചകോടി സമ്പുഷ്ടമാക്കുകയും ചെയ്യും.

‘2010-ലാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ ഏഴ് വരെ മതസൗഹാര്‍ദ്ദ വാരാചരണം ആരംഭിച്ചത്. ലോക മതങ്ങളുടെ വൈവിധ്യം വിളിച്ചോതുന്ന ആഘോഷ പരിപാടികളും മതങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണയും മതാന്തര സംവാദവും സമാധാന സംസ്‌കാരത്തിന്റെ സുപ്രധാനമാനങ്ങളാണെന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ വിലയിരുത്തിലിന്റെ പശ്ചാത്തലത്തിലാണ് മതസൗഹാര്‍ദ്ദ വാരാചരണം കൊണ്ടാടുന്നത്. ജനങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയും സൗഹാര്‍ദ്ദവും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിന് വിവിധ വിശ്വാസങ്ങളും മതങ്ങളും തമ്മിലുള്ള സംവാദത്തിന്റെ അനിവാര്യമായ ആവശ്യകത തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തന പദ്ധതികളാണ് മത സൗഹാര്‍ദ്ദ വാരാചരണം ലക്ഷ്യമിടുന്നത്’ URI-യുടെ പോത്തന്‍കോട് കോര്‍പറേഷന്‍ സര്‍ക്കിള്‍ ചെയര്‍മാനും ശാന്തിഗിരി ആശ്രമം അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗവും സമാധാന ഉച്ചകോടി 2023-ന്റെ മുഖ്യ കോര്‍ഡിനേറ്ററുമായ എം. ഡി. ശശികുമാര്‍ തിരുവനന്തപുരത്ത് പ്രസ്താവിച്ചു.

‘ഗുരുക്കന്മാരുടെ ത്യാഗം, സ്‌നേഹം, ശാന്തി, ഐക്യം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍’ എന്നതാണ് സമാധാന ഉച്ചകോടി 2023-ന്റെ ചിന്താ വിഷയം. സമാധാന ഉച്ചകോടിയുടെ മൂന്നാമത് സമ്മേളനമാണ് തിരുവനന്തപുരത്തു ഈ വര്‍ഷം നടക്കുന്നത്. യുണൈറ്റഡ് റിലീജിയന്‍സ് ഇന്‍ഷ്യേറ്റീവ് (URI) എക്‌സിക്യൂട്ടീവ് ഡയറക്ടറും നോബല്‍ സമ്മാന ജേതാവുമായ ജെറി വൈറ്റും URI ഗ്ലോബല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ പ്രീത ബന്‍സാലും ഈ അടുത്തകാലത്ത് ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുകയും സമാധാന സമ്മിറ്റിനെ സംബന്ധിച്ച ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കള്‍, മതനേതാക്കള്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍, സമാധാന കാംക്ഷികള്‍ തുടങ്ങി നിരവധിപ്പേര്‍ പ്രസ്തുത സമാധാന സമ്മിറ്റില്‍ പങ്കെടുക്കുന്നതാണ്. കോര്‍ഡിനേറ്റര്‍ ശശികുമാറും, വേള്‍ഡ് യോഗ കമ്മ്യൂണിറ്റി ചെയര്‍മാന്‍ ഗുരുജി ദിലീപ്കുമാറും മറ്റു ടീം അംഗങ്ങളും ഈ സമ്മിറ്റിന്റെ സുഗമമായ നടത്തിപ്പിനായി ഏതാനും ദിവസങ്ങളായി അത്യദ്ധ്വാനത്തിലാണ്. ഈ സമ്മിറ്റില്‍ പങ്കാളികളാകണമെന്നും എല്ലാവിധ പിന്തുണയും നല്കണമെന്നും താല്പര്യപ്പെടുന്നവര്‍ ശശികുമാറുമായി ബന്ധപ്പെടുക: Phone: +91-8547001015, Email: sasikumarmd@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here