ബെംഗളൂരു: ​ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പിയെ ‘ബീയര്‍ അംബേദ്ക്കര്‍’ എന്നും പെട്ടെന്ന് വരാന്‍ കാരണം ‘പട്ടികജാതി’ ആയതു കൊണ്ടാണെന്നും അടക്കം കടുത്ത ദളിത് വിരുദ്ധ അധിക്ഷേപങ്ങളുള്ള സ്കിറ്റ് അവതരിപ്പിച്ച് ബെംഗളൂരു ജെയ്ൻ സ‍ർവകലാശാലയിലെ വിദ്യാര്‍ത്ഥികള്‍.

ഒരു ദളിത് യുവാവും സവര്‍ണ്ണ യുവതിയും തമ്മിലുള്ള പ്രണയം ചിത്രീകരിച്ച സ്കിറ്റില്‍ രൂക്ഷമായ ദളിത് വിരുദ്ധതയാണ് അവതരിപ്പിക്കപ്പെട്ടത്. സ്കിറ്റിൽ ബി ആർ അംബേദ്‍കറെ ‘ബിയർ അംബേദ്കർ’ എന്നാണ് അധിക്ഷേപിക്കുന്നത്. ഗാന്ധിജി ദളിതരെ ഹരിജന്‍ എന്ന് വിളിക്കാന്‍ കാരണം എല്ലാം അവര്‍ക്ക് എളുപ്പം കിട്ടുന്നത് കൊണ്ടാണെന്നും കോളേജ് സീറ്റ് പോലും സംവരണം ചെയ്യപ്പെട്ടതാണല്ലോ എന്നുമാണ് പരിഹാസം.

 

ലഹരി എന്ന അര്‍ത്ഥത്തില്‍ ‘ലിറ്റ്’ ആകാമെങ്കിൽ എന്തിന് ‘ദളിത്’ ആകണമെന്നും ഡേറ്റിംഗിന് വന്നപ്പോൾ പോലും ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കാൻ യുവതി യുവാവിനെ സമ്മതിച്ചില്ലെന്നും സ്കിറ്റിൽ പരാമർശിക്കുന്നു. ഇത്ര പെട്ടെന്ന് വന്നതെന്തിന് എന്ന് യുവതി ചോദിച്ചപ്പോൾ, താൻ ‘പട്ടികജാതി’ ആയതുകൊണ്ടാണെന്നാണ് യുവാവ് മറുപടി പറയുന്നത്.

കോളേജിലെ ‘ഡെല്‍റോയ് ബോയ്‌സ്’ എന്ന തീയറ്റര്‍ ഗ്രൂപ്പാണ് സ്‌കിറ്റ് അവതരിപ്പിച്ചത്. കോളേജ് ഫെസ്റ്റിലെ ‘മാഡ് ആഡ്‍സ്’ എന്ന വിഭാഗത്തില്‍ കോളേജ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് വിദ്യാർത്ഥികളാണ് സ്കിറ്റ് അവതരിപ്പിച്ചത്. ദളിത് വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോളേജ് അധികൃതരുടെ അറിവോടെയും അംഗീകാരത്തോടെയും ആയിരുന്നു സ്കിറ്റ് അവതരിപ്പിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സ്കിറ്റിനെതിരേ ദളിത് പ്രവര്‍ത്തകര്‍ നിയമനടപടിയുമായി നീങ്ങിയിട്ടുണ്ട്.

സംഭവം വിവാദമായതോടെ തീയറ്റര്‍ ഗ്രൂപ് മാപ്പു പറയുകയും ചെയ്തിട്ടുണ്ട്. ആക്ഷേപഹാസ്യത്തിലൂടെ സമൂഹത്തില്‍ ഒരു സന്ദേശം നല്‍കാനാണ് ഉദ്ദേശിച്ചതെന്നും എന്നാല്‍ അത് സ്വീകാര്യമല്ലാത്ത രീതിയില്‍ ആയിപ്പോയതില്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ ചെയ്ത പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇത് മൂന്നാം തവണയാണ് സ്‌കിറ്റ് അവതരിപ്പിക്കപ്പെടുന്നത്. മുമ്പ് രണ്ട് കോളേജ് ഫെസ്റ്റുകളില്‍ ഈ സ്‌കിറ്റ് അവതരിപ്പിച്ച ശേഷമാണ് ഇതേ കോളേജില്‍ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here