കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ക്ക് പിന്നാലെ അദാനി ഗ്രൂപ്പ് തിരിച്ചുവരവിനായി പദ്ധതിയിട്ടിരിക്കുന്നത് വന്‍ തന്ത്രങ്ങളെന്ന് റിപ്പോര്‍ട്ട്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം അദാനി ഗ്രൂപ്പിനുണ്ടായ 132 ബില്യണ്‍ ഡോളറിന്റെ നഷ്ടം നികത്താനാണ് അദാനി പുതിയ മാര്‍ഗങ്ങള്‍ തേടുന്നത്.

അദാനി ഗ്രൂപ്പ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൈസിസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ലീഗല്‍ ടീമുകളെ അദാനി ഗ്രൂപ്പ് സമീപിച്ചെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായി കെക്‌സ്ട് സിഎന്‍സിയെ ചുമതലപ്പെടുത്തി. ന്യൂയോര്‍ക്കിലും മ്യൂണിക്കിലുമായി പ്രവര്‍ത്തിക്കുന്ന അതിപ്രശസ്തമായ കെക്‌സ്ട് സിഎന്‍സിയെ അദാനി ഗ്രൂപ്പ് ഏല്‍പ്പിച്ചിരിക്കുന്നത് നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കുക എന്ന വലിയ ദൗത്യമാണ്. അമേരിക്കന്‍ നിയമ സ്ഥാപനമായ വാച്ച്‌ടെല്‍, ലിപ്റ്റണ്‍, റോസന്‍ & കാറ്റ്‌സ് എന്നിവരെയും നിയമപരമായ ഉപദേശങ്ങള്‍ക്കായി അദാനി ഗ്രൂപ്പ് സമീപിച്ച് കഴിഞ്ഞെന്നാണ് ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണസ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. അദാനി ഗ്രൂപ്പ് മൗറീഷ്യസ്, കരീബിയന്‍ ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലൂടെ ഓഫ്‌ഷോര്‍ എന്റിറ്റികളെ ഉപയോഗിച്ച് വരുമാനം പെരുപ്പിച്ച് കാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. എന്നാല്‍ റിപ്പോര്‍ട്ട് ഇന്ത്യയ്‌ക്കെതിരായ കരുതിക്കൂട്ടിയുള്ള നീക്കമാണെന്നായിരുന്നു റിപ്പോര്‍ട്ടിന് അദാനി ഗ്രൂപ്പിന്റെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here