വാഷിഗ്ടണ്‍: ജാതിവിവേചനം നിരോധിക്കുന്ന ആദ്യ അമേരിക്കന്‍ നഗരമായി സിയാറ്റില്‍. വോട്ടെടുപ്പിലൂടെയാണ് സിറ്റി കൗണ്‍സില്‍ നിര്‍ണായക തീരുമാനത്തിലെത്തിയത്. ജാതിവിവേചനത്തിനെതിരായ പോരാട്ടം എല്ലാവിധ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ പോരാട്ടവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നിയമനിര്‍മ്മാണം രേഖപ്പെടുത്തിയ കൗണ്‍സിലര്‍ ക്ഷമാ സാവന്ത് അഭിപ്രായപ്പെട്ടു.

അമേരിക്കയില്‍ ജാതിവിവേചനം വ്യാപകമാകുന്നത് തടയാന്‍ ഈ നടപടിക്കാകുമെന്ന് തീരുമാനത്തെ അനുകൂലിക്കുന്നവര്‍ പ്രതികരിച്ചു. 3,000 വര്‍ഷത്തിലേറെ പഴക്കമുള്ളതും ഹിന്ദു സമൂഹത്തെ കൃത്യമായ വിഭാഗങ്ങളിലേക്ക് തരംതിരിക്കുന്നതുമാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥയെന്ന് ക്ഷമാ സാവന്ത് ഓര്‍മ്മിച്ചു. അങ്ങനെ മറ്റ് രാജ്യങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒന്നല്ല ജാതിപരമായ വേര്‍തിരിവ്.

അമേരിക്കയില്‍ ടെക്‌നോളജി മേഖലയിലടക്കം ജോലി ചെയ്യുന്ന ഏഷ്യന്‍ അമേരിക്കന്‍ വിഭാ?ഗം അടക്കമുള്ളവര്‍ ജാതിവിവേചനത്തിന് ഇരകളാകുന്നുണ്ട്. സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ പാസ്സാക്കിയ ഓര്‍ഡിനന്‍സ് അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ കഴിഞ്ഞ കാലങ്ങളില്‍ നടപ്പിലാക്കിയതിന്റെ തുടര്‍ച്ചയാണെന്നും ക്ഷമാ സാവന്ത് പറഞ്ഞു. ഇന്ത്യയിലെ ഒരു ഉയര്‍ന്ന ജാതി ഹിന്ദു ബ്രാഹ്‌മണ കുടുംബത്തില്‍ വളര്‍ന്നതിനെ കുറിച്ചും അത്തരം വിവേചനങ്ങള്‍ക്ക് താന്‍ സാക്ഷ്യം വഹിച്ചതിനെ ക്കുറിച്ചും മുമ്പ് പറഞ്ഞിട്ടുണ്ട്. ചില ഹിന്ദു അമേരിക്കന്‍ ഗ്രൂപ്പുകള്‍ ജാതിവിവേചനം റദ്ദാക്കിയ നടപടിയെ എതിര്‍ത്തിട്ടുണ്ട്.

അമേരിക്കന്‍ നിയമം ഇതിനോടകം തന്നെ ഇത്തരം വിവേചനങ്ങളെ നിരോധിച്ചിരിക്കുന്നതിനാല്‍ സിയാറ്റിലില്‍ പ്രത്യേകമായി നിരോധനം ആവശ്യമില്ലെന്നാണ് ഇവരുടെ വാദം. ഓര്‍ഡിനന്‍സിന്റെ ഉദ്ദേശ്യം പ്രശംസനീയമാണെങ്കിലും അത് ഒരു സമൂഹത്തെ അവരുടെ ദേശീയ ഉത്ഭവത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തില്‍ വ്യത്യസ്തമായി കണക്കാക്കുകയും ലക്ഷ്യമിടുകയും ചെയ്യുന്നതാണെന്ന് വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള ഹിന്ദു അമേരിക്കന്‍ ഫെഡറേഷന്‍ ഒരു തുറന്ന കത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ ജനസംഖ്യയുടെ 2% ല്‍ താഴെ മാത്രമാണെന്നും ജാതിയെ അടിസ്ഥാനമാക്കിയുള്ള വ്യാപകമായ വിവേചനത്തിന് തെളിവുകളില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യക്കാര്‍ക്ക് ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ വിദേശരാജ്യമാണ് അമേരിക്ക.

LEAVE A REPLY

Please enter your comment!
Please enter your name here