നിക്കി ഹേലിക്ക് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍്തഥിത്വം പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി. അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ ജനിച്ച വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍ ഇന്ത്യക്കാരാണ്. പാലക്കാട് വടക്കഞ്ചേരി സ്വദേശികളായ വിവേക് രാമസ്വാമിയുടെ അച്ഛന്‍ ജനറല്‍ ഇലക്ട്രിക് എഞ്ചിനീയറും അമ്മ വയോജന മനോരോഗ വിദഗ്ധയുമായിരുന്നു. നിക്കി ഹാലിക്ക് ശേഷം റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍-അമേരിക്കക്കാരന്‍ കൂടിയാണ് വിവേക് രാമസ്വാമി.

37കാരനായ വിവേക് രാമസ്വാമി ഫോക്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താനും മത്സര രംഗത്തേക്കുണ്ടാകുമെന്ന പ്രഖ്യാപനം നടത്തിയത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മറ്റൊരു ഇന്ത്യന്‍ വംശജയും ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ മുന്‍ സ്ഥാനപതിയുമായിരുന്ന നിക്കി ഹേലി എന്നിവരും വിവേകിനൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് പദവിയിലേക്കുള്ള മത്സരത്തിനുണ്ടാകുമെന്നാണ് വിവരങ്ങള്‍.

ഹാര്‍വാര്‍ഡ്, യാലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നായിരുന്നു വിവേക് രാമസ്വാമിയുടെ പഠനം. 2007ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമെടുത്തു. 2014 ല്‍ ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് കമ്പനിയായ റോവന്റ് സയന്‍സസ് സ്ഥാപിച്ച വിവേക് രാമസ്വാമി അതിലൂടെ കോടിക്കണക്കിന് ഡോളറാണ് സമ്പാദിച്ചത്. അസറ്റ് മാനേജ്‌മെന്റ് സംരംഭമായ സ്‌ട്രൈവിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയായിരുന്നു വിവേക് രാമസ്വാമി. അഞ്ഞൂറ് കോടി അമേരിക്കന്‍ ഡോളറിന് മുകളില്‍ ആസ്തിയുള്ളതായി കേള്‍ക്കുന്ന വിവേക് രാമസ്വാമി തന്റെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നാല്‍പ്പത് വയസിന് താഴെ പ്രായമുള്ള അമേരിക്കയിലെ ധനികനായ യുവസംരംഭകരില്‍ ഒരാള്‍ കൂടിയാണ് വിവേക് രാമസ്വാമി.

LEAVE A REPLY

Please enter your comment!
Please enter your name here