പി പി ചെറിയാന്‍

ഒര്‍ലാന്‍ഡോ(ഫ്‌ലോറിഡ): സെന്‍ട്രല്‍ ഫ്‌ലോറിഡയിലെ സ്‌പെക്ട്രം ന്യൂസ് 13 ജേണലിസ്റ്റും 9 വയസ്സുള്ള പെണ്‍കുട്ടിയും വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച ഈ രണ്ടുപേരെയും വെടിവെച്ചുവെന്നു കരുതുന്ന അക്രമി നടത്തിയ മറ്റൊരു വെടിവയ്പില്‍ ഒരു ടിവി ജീവനക്കാരനും പെണ്‍കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റതായും ഓറഞ്ച് കൗണ്ടി ഷെരീഫ് ജോണ്‍ മിന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒര്‍ലാന്‍ഡോ സമീപ പ്രദേശങ്ങളില്‍ നടന്ന രണ്ട് വെടിവയ്പ്പിനും ഉത്തരവാദിയെന്ന് കരുതുന്ന കീത്ത് മെല്‍വിന്‍ മോസസ് എന്ന 19കാരനെ കസ്റ്റഡിയിലെടുത്തതായി ഷെരീഫ് ജോണ്‍ മിന അറിയിച്ചു. ഗണ്‍ ചാര്‍ജ്‌സ്, ക്രൂരമായ ആക്രമണം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം എന്നിവ ഉള്‍പ്പെടുന്ന നീണ്ട ക്രിമിനല്‍ ചരിത്രമാണ് മോസസിനുള്ളതെന്ന് ഷെരീഫ് പറഞ്ഞു. വെടിയേറ്റ സ്പെക്ട്രം ന്യൂസ് 13, അംഗങ്ങളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ടിവി സ്റ്റേഷന്റെ വെബ്സൈറ്റിലെ ഒരു വാര്‍ത്ത പറയുന്നു. 9 വയസുള്ള പെണ്‍കുട്ടിയുടെ അമ്മയും രണ്ടാമത്തെ സ്പെക്ട്രം ന്യൂസ് 13 ക്രൂ അംഗവും ഒര്‍ലാന്‍ഡോ റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

‘ഞങ്ങളുടെ സഹപ്രവര്‍ത്തകന്റെയും മറ്റുള്ളവരുടെയും നഷ്ടത്തില്‍ ഞങ്ങള്‍ അഗാധമായി ദുഃഖിക്കുന്നു. അവരുടെ കുടുംബത്തോടും സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ ഞങ്ങളുടെ മറ്റ് സഹപ്രവര്‍ത്തകന്‍ എത്രയും വേഗം സുഖം പ്രാപിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സ്‌പെക്ട്രം ന്യൂസ് ബുധനാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇതേ ദിവസം ബുധനാഴ്ച മറ്റ് രണ്ടുപേര്‍ കൂടി കൊല്ലപ്പെട്ടതായി പത്രപ്രവര്‍ത്തക സംരക്ഷക സമിതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതില്‍ ഒരാള്‍ മാത്രമാണ് അമേരിക്കയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള നാല്‍പത് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here