സ്റ്റീയറിംഗ് കമ്മിറ്റിയില്‍ ഏകകണ്ഠമായ തീരുമാനമാണുണ്ടായതെന്ന് ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള ജയ്‌റാം രമേശ് അറിയിച്ചു. പ്രവര്‍ത്തക സമിതിയിലെ 25 അംഗങ്ങളില്‍ 23 പേരെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ നാമനിര്‍ദേശം ചെയ്യും.

ന്യുഡല്‍ഹി: റായ്പൂരില്‍ നടക്കുന്ന 85ാമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രവര്‍ത്തക സമിതിയിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഉണ്ടാവില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി തുടരുന്ന നാമനിര്‍ദേശ രീതി തന്നെ ഇത്തവണയും തുടരും. ഇതുസംബന്ധിച്ച് സ്റ്റീയറിംഗ് കമ്മിറ്റിയില്‍ ഏകകണ്ഠമായ തീരുമാനമാണുണ്ടായതെന്ന് ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള ജയ്‌റാം രമേശ് അറിയിച്ചു. പ്രവര്‍ത്തക സമിതിയിലെ 25 അംഗങ്ങളില്‍ 23 പേരെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ നാമനിര്‍ദേശം ചെയ്യും.

അജയ് മാക്കന്‍, അഭിഷേക് മനു സിംഗ്‌വി, ദിഗ്‌വിജയ് സിംഗ് തുടങ്ങിയവര്‍ നാമനിര്‍ദേശം മതിയെന്ന നിര്‍ദേശം വച്ചു. 2024ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം തിരഞ്ഞെടുപ്പ് മതിയെന്ന് മനു സിംഗ്‌വി വ്യക്തമാക്കി. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നതും അടുത്ത വര്‍ഷം ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതും പരിഗണിച്ചാണ് ഈ തീരുമാനം. ഈ സമയത്ത് പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പ് നടന്നാല്‍ പാര്‍ട്ടിയില്‍ അനൈക്യമുണ്ടാകുമെന്നും അത് തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്നും ഇവര്‍ പറയുന്നു.

 

സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തില്‍ നിന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക റോബര്‍ട്ട് വദ്രയും വിട്ടുനിന്നിരുന്നു. തങ്ങളുടെ സാന്നിധ്യം തീരുമാനങ്ങളെ ബാധിക്കരുതെന്ന നിലപാടിനെ തുടര്‍ന്നാണിത്. സേമ്മളനത്തിലെ അവശേഷിക്കുന്ന യോഗങ്ങളില്‍ ഇവര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here