തിരുവനന്തപുരം: ദുബായില്‍ നിന്നും മടങ്ങിയ പ്രവാസിയെ വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയ കേസില്‍ ഒരു സ്ത്രീ നേതൃത്വം കൊടുത്ത ഗ്യാംഗിനെ പോലീസ് പൊക്കി. ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തക്കല സ്വദേശി മുഹൈദീന്‍ അബ്ദുള്‍ഖാദര്‍ എന്ന 43 കാരനെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്.

സംഭവത്തില്‍ ഇന്‍ഷാ എന്ന 33 കാരിയേയും അവരുടെ സഹോദരന്‍ ഷഫീഖ് എ മുഹമ്മദ് (25), രാജേഷ് (24), ഷിയാസ് (24), ആഷിഖ് (27), അന്‍സില്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരെല്ലാം ചിറയിന്‍കീഴ് സ്വദേശികളാണ്. ഇയാള്‍ വിദേശത്ത് നിന്നും നാട്ടിലെത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സംഘം കടത്തിക്കൊണ്ടു പോകുകയായിരുന്നു.

 

ഇന്‍ഷയും അബ്ദുളും തമ്മില്‍ ദുബായില്‍വെച്ച് ബന്ധം ഉണ്ടായിരുന്നെങ്കിലും അബ്ദുള്‍ പിന്നീട് ഇതില്‍ നിന്നും പിന്മാറിയെന്നും ഇതില്‍ യുവതി ദു:ഖിതയായിരുന്നെന്നും പോലീസ് പറയുന്നു. തുടര്‍ന്ന് യുവതി സഹോദരന്മാരുടേയും അവരുടെ സുഹൃത്തുക്കളുടേയും സഹായത്തോടെ അബ്ദുളിനെ വിമാനത്താവളത്തില്‍ നിന്നു തന്നെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. രണ്ടു ദിവസം അബ്ദുളിനെ തടവില്‍ വെച്ച് മര്‍ദ്ദിക്കുകയും ചെയ്തു. ചിറയിന്‍കീഴിന് സമീപത്തുള്ള ഒരു വീടിന്റെ മുകള്‍ നിലയില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനവും പീഡനവും.

ഇവിടെ വെച്ച് അബ്ദുളിന്റെ അക്കൗണ്ടില്‍ നിന്നും 15 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയും വിലയേറിയ മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെ അനേകം വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തശേഷം ഫെബ്രുവരി 24 ന് വിമാനത്താവളത്തില്‍ തന്നെ അബ്ദുളിനെ ഇറക്കിവിടുകയും ചെയ്തു. ഫെബ്രുവരി 22 നായിരുന്നു അബ്ദുളിനെ തട്ടിക്കൊണ്ടുപോയത്. കേസില്‍ ഒരാളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. അയാള്‍ക്കായുള്ള തെരച്ചിലിലാണ് പോലീസ് സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here