ന്യൂയോർക്ക്: പോൺ താരം സ്റ്റോമി ഡാനിയൽസിന് രഹസ്യമായി പണം നൽകിയെന്ന കേസ് വീണ്ടും കുത്തിപ്പൊക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരേ ആഞ്ഞടിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2016-ലെ കേസിൽ ന്യൂയോർക്ക് ജൂറിയുടെ തന്റെ പേരിൽ നടത്തുന്ന അന്വേഷണത്തിനെതിരേയാണ് ട്രംപിൻറെ പ്രതികരണം. കേസില്‍ ന്യൂയോർക്ക് ജൂറി ട്രംപിനെതിരെ അന്വേഷണം നടത്തിവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ട്രംപിന്‍റെ അറസ്റ്റുണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ട്രംപ് ജോ ബൈഡനെതിരെ രംഗത്ത് വന്നത്. താൻ അറസ്റ്റിലായേക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച ‌ ട്രംപ്‌ തന്നെ പിന്തുടരുന്നവർ ഇതിനെതിരേ പോരാടണമെന്ന് ആവശ്യപ്പെട്ടു. ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് തനിക്കൊപ്പം നില്‍ക്കണമെന്ന് അനുനായികളോട് ആവശ്യപ്പെട്ടത്. ബൈഡൻ ഭരണകൂടവും മാൻഹട്ടൺ ജില്ലാ അറ്റോർണി ആൽവിൻ ബ്രാഗും ഈ കേസിൽ ഒത്തുകളിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. 

റിപ്പബ്ളിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഡൊണാള്‍ഡ് ട്രംപ്. രണ്ടാം വരവിലും പക്ഷെ നിലയുറപ്പിക്കാനാവാത്ത സ്ഥിയാണ് ട്രംപിനുള്ളത്. ലൈംഗികാരോപണ കേസ് ട്രംപിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഈ കേസ് രാഷ്ട്രീയപ്രേരിതമെന്നാണ് ട്രംപിനെ അനുകൂലിക്കുന്നവരുടെ വാദം. 

അശ്ലീലച്ചിത്രങ്ങളിലെ താരം സ്റ്റോമി ഡാനിയൽസ് ട്രംപിനെതിരായി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം പിന്‍വലിക്കാനായി 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പായി  ട്രംപ്  13,0000 ഡോളര്‍ നടിക്ക് നൽകിയതെന്നാണ് ആരോപണം. ട്രംപിന്‍റെ അടുപ്പക്കാരനായ അഭിഭാഷകന്‍ വഴിയാണ് പണം കൈമാറിയതെന്ന വിവരം പുറത്തു വന്നിരുന്നു. ട്രംപിനെതിരെ നിരവധി ആരോപണങ്ങളാണ് വീണ്ടും പൊങ്ങി വന്നിരിക്കുന്നത്. പ്രസിഡന്റായിരിക്കേ, രഹസ്യസ്വഭാവമുള്ള ഫയലുകൾ അലക്ഷ്യമായി കൈകാര്യം ചെയ്തു, 2020-ലെ തെരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാൻ  ശ്രമിച്ചു, കാപിറ്റോൾ കലാപത്തിന് ആഹ്വാനംചെയ്തു തുടങ്ങിയ കേസുകളിൽ  ട്രംപ് നിയമനടപടി നേരിടുന്നുണ്ട്.  

LEAVE A REPLY

Please enter your comment!
Please enter your name here