ന്യൂഡൽഹി: ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും വെടിവച്ചു കൊന്ന സംഭവത്തിൽ ഉത്തർ പ്രദേശ് പോലീസിന് നോട്ടീസ് നൽകി ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
കസ്റ്റഡിയിലിരിക്കെ പ്രതികൾ മരിച്ച സംഭവത്തിൽ ഉത്തർ പ്രദേശ് ഡിജിപി, പ്രയാഗ്രാജ് പോലീസ് കമ്മീഷണർ എന്നിവർക്കാണ് കമ്മീഷൻ നോട്ടീസ് നൽകിയത്. സംഭവത്തിൽ തങ്ങൾക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്മീഷൻ വ്യക്തമാക്കി.
ആതിഖിന്റെയും സഹോദരന്റെയും മരണം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും അടങ്ങുന്ന വിശദമായ റിപ്പോർട്ട്, ഇവർക്കെതിരായ കേസ് രേഖകൾ, പോസ്റ്റ് മോർട്ടം രേഖകൾ എന്നിവ സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.