2023 നവംബർ 23 മുതൽ 25 വരെ ഹ്യൂസ്റ്റനിൽ നടക്കുന്ന വിശാല ഹിന്ദു സംഗമം രജിസ്‌ട്രേഷൻ മിഷിഗൺ ശുഭാരംഭം വിഷു മഹോത്സവത്തിന്റെ ഭാഗമായി ഡിട്രോയിറ്റിൽ സമുചിതമായി സംഘടിപ്പിച്ചു. ഫാമിങ്ങ്ടൺ ശാരദാംബ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികളിൽ കെ.എച്.എൻ.എ. പ്രസിഡന്റ് ജി.കെ.പിള്ള മുഖ്യതിഥിയായിരുന്നു. 2003 നു ശേഷം ഹ്യൂസ്റ്റൺ നഗരം ആഥിദേയത്വം അരുളുന്ന പന്ത്രണ്ടാമത് ഹൈന്ദവ ദൈവാർഷിക മാമാങ്കം ലക്ഷ്യമിടുന്ന ആത്മീയ ആചാര്യ സമീക്ഷയെയും, കലാസാംസ്കാരിക മേളകളെയും, ചലച്ചിത്ര രംഗത്തെ മുൻനിര താരസാന്നിധ്യത്തെയും കുറിച്ച് വിഷു ആഘോഷ പരിപാടികളിൽ പങ്കാളിയായിക്കൊണ്ട് പ്രസിഡന്റ് ജി.കെ.പിള്ള സവിസ്തരം വിശദീകരിച്ചു.

കാർഷിക സമൃദ്ധിയുടെ സമ്പന്നതയിൽ ഓരോ വിഷുപ്പുലരിയിലും മിഴി തുറക്കുന്ന കണിക്കൊന്ന പൂക്കൾ പുതിയ വിജ്ഞാനത്തിന്റെയും ദർശനങ്ങളുടെയും മാർഗ്ഗ ദീപങ്ങളാണെന്നു ആമുഖമായി നടത്തിയ സ്വാഗത പ്രസംഗത്തിൽ കെ.എച്.എൻ.എ. മിഷിഗൺ പ്രസിഡന്റ് സുരേന്ദ്രൻ നായർ പറഞ്ഞു. അജി അയ്യമ്പള്ളിയും സംഘവും ഓട്ടുരുളിയിൽ ഒരുക്കിയ ആകർഷകമായ വിഷുക്കണി ദർശനവും കനക കിങ്ങിണി നാദം പൊഴിച്ചുകൊണ്ടു അകമ്പടി സേവിച്ച ഗായക സംഘവും ചേർന്ന് ഭക്തിയുടെയും ഉത്സാഹത്തിന്റെയും ഒരു ഒത്തുചേരൽ തന്നെ സൃഷ്ടിച്ചു. കണികാണാനും സദ്യയുണ്ണാനും അണിഞ്ഞൊരുങ്ങിയെത്തിയ ബാലികാ ബാലന്മാർക്കു വിഷുകൈനീട്ടം നൽകിയ ചടങ്ങിലും കരണവന്മാർക്കൊപ്പം ജി.കെ.പിള്ളയും പങ്കെടുത്തു.

ഡിട്രോയിറ്റിൽ നിന്നുള്ള രജിസ്ട്രേഷനുകളുടെ ഏകീകരണവും സമാഹരണവും നടത്തുന്ന മേഖലാ വൈസ് പ്രസിഡന്റ് പ്രവീൺ നായർ മേഖലാ കമ്മിറ്റിക്കുവേണ്ടി രാജേഷ് നായർ,ജയ്‌മുരളി നായർ, സതീഷ് മാടമ്പത്, പ്രവീൺ നായർ,ധനുഷ് കൊണ്ടോത്, സുരേന്ദ്രൻ നായർ എന്നിവരുടെ അപേക്ഷാഫാറങ്ങളും ഫീസും പ്രസിഡന്റിന് നേരിട്ടുനൽകുന്ന ശുഭാരംഭ പരിപാടികൾക്ക് നേതൃത്വം നൽകി.

ആശ മനോഹരൻ, ദേവിക രാജേഷ്, ഷോളി നായർ, സുദർശന കുറുപ്പ്, പ്രിയ കൃഷ്ണകുമാർ, സുനിൽ ചാത്തവീട്ടിൽ, ചന്ദ്രൻ പദ്മനാഭൻ, മനോജ് കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കിയ സദ്യക്ക് ശേഷം കലാമേളയുടെ അരങ്ങു ഉണരുകയായിരുന്നു. വാദ്യകലകൊണ്ടു ശബ്ദ വിസ്മയം തീർക്കുന്ന രാജേഷ് നായരും സംഘവും അവതരിപ്പിച്ച ഒരു മണിക്കൂർ നീണ്ട നാദബ്രഹ്മം, ഡോ: ദീപ്തി നായർ അവതരിപ്പിച്ച മോഹിനിയാട്ടം, ദിയ ദിനേശ് സംവൃത പ്രദീപ് എന്നിവരുടെ നൃത്ത ഗാന വിരുന്നുകൾ, ജ്യോതി സതീഷ് ആലപിച്ച അഷ്ടപദി തുടങ്ങിയവ മികച്ച നിലവാരം പുലർത്തിയവയായിരുന്നു. കലാപരിപാടികൾ കോർത്തിണക്കിയത്‌ പ്രസിദ്ധ പുല്ലാംകുഴൽ വാദകൻ സതീഷ് മാടമ്പത്തായിരുന്നു.

കെ.എച്. എൻ.എ. മിഷിഗൺ സ്ഥാപകാംഗവും 2017 ഡിട്രോയിറ്റ് ഹിന്ദു സംഗമത്തിന്റെ അമരക്കാരനും ഇപ്പോഴത്തെ പ്രസിഡന്റുമായ സുരേന്ദ്രൻ നായർ ഹ്യൂസ്റ്റണിലേക്കു താമസം മാറുന്നതിനാൽ അദ്ദേഹത്തിന് സമുചിതമായ യാത്രയയപ്പും ഉപഹാര സമർപ്പണവും നടത്തി. സുരേന്ദ്രൻ നായരുടെ പ്രവർത്തനങ്ങളെ അനുസ്മരിച്ചുകൊണ്ടും ശ്ലാഘിച്ചു കൊണ്ടും രാജേഷ് നായർ, ജയ്‌മുരളി നായർ, രാജേഷ് കുട്ടി തുടങ്ങിയർ സംസാരിച്ചു. ദിനേശ് ലക്ഷ്മണൻ, കൃഷ്ണകുമാർ നായർ, രഘു രവീന്ദ്രനാഥ് എന്നിവർ കാര്യ കർത്താക്കളും നിത സുരേഷ് അവതരികയുമായിരുന്നു. സെക്രട്ടറി ധനുഷ് കൊണ്ടൊത്തിന്റെ നന്ദി പ്രകടനത്തോടെ പരിപാടികൾ സമാപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here